
ഇടുക്കി: ലോക പുകയിലവിരുദ്ധദിനത്തോട് അനുബന്ധിച്ച് മൂന്നാറില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുന്നു. പഴയമൂന്നാര്‍ മൂലക്കടയില്‍ വിദേശികള്‍ക്ക് നല്‍കുന്നതിനായി സൂക്ഷിച്ചിരുന്ന അനധികൃത പുകയില ഉല്‍പന്നങ്ങളാണ് ഡോ. ഹരിക്യഷ്ണന്റെ നേതൃത്വത്തില്‍ ദേവികുളം ആരോഗ്യവകുപ്പ് ജീവനക്കാര്‍ പിടിച്ചെടുത്തത്.
സിഗരറ്റ് നിര്‍മ്മിക്കുന്നതിനുള്ള പേപ്പറുകള്‍, മേല്‍വിലാസമില്ലാത്ത സിഗരറ്റ് പാക്കറ്റുകള്‍ എന്നിവ കടയിലെ ലോക്കറുകളില്‍ സൂക്ഷിച്ചനിലയിലായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും എത്തിക്കുന്ന ഇത്തരം പുകയിലകള്‍ വില്‍ക്കരുതെന്ന് കടയുടമകള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒരുമാസം മുമ്പ് ഇതേ കടയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തി പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കുകയും ഉടമയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
എന്നാല്‍ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് വകവെയ്ക്കാതെ കച്ചവടം തുടരുകയായിരുന്നു. പരിശോധനയില്‍ പിടിച്ചെടുത്ത സാധനങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്നും പ്രതികള്‍ക്കെതിരെ കേസടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡോ. ഹരിക്യഷ്ണന്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീദേവി, ജി. വിനോദ്, അര്‍ഫത്ത്, വിനുകുമാര്‍, ജൂനിയര്‍ നഴ്‌സുമാരായ അബിളി, ഷെമിന, വഹിത, സിജി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
ലോക പുകയിലവിരുദ്ധദിനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് മൂന്നാറില്‍ ആരോഗ്യവകുപ്പ് നടത്തിയത്. ആരോഗ്യവകുപ്പും മൂന്നാര്‍ എം.ആര്‍.എസ് സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളും സംയുക്തമായി ബോധവത്കരണ റാലിയും, സന്ദേശവും നല്‍കി.