
കോഴിക്കോട്: ചന്ദ്രന്‍റെ വീട്ടുമുറ്റത്ത് നിലക്കാതെ ആ സംഗീത സന്ധ്യ പതിറ്റാണ്ടും കടന്ന് ഒഴുകുകയാണ്. ഞായറാഴ്ചകളില്‍ കോഴിക്കോട്ടുകാര്‍ക്ക് പാട്ട് പാടാന്‍, ഒപ്പമിരുന്ന് താളം പിടിച്ച് ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് ചന്ദ്രന്‍റെ പാട്ട് മുറ്റം. പി.എം.സിയെന്ന കോഴിക്കോട് പന്തീരാങ്കാവ് പുല്‍പറമ്പില്‍ മേത്തല്‍ ചന്ദ്രനും കുടുംബവുമൊരുക്കുന്ന പാട്ട് മുറ്റം, ജാതിയും മതവും തീര്‍ക്കുന്ന വേലിക്കെട്ടുകള്‍ക്കപ്പുറം സംഗീതം പകര്‍ന്ന് നല്‍കുന്ന സൗഹൃദത്തിന്റെ നടുമുറ്റം കൂടിയാണ്.
പന്തീരാങ്കാവ് പ്രഭാത് ആട്‌സിന്റെ പ്രവര്‍ത്തകനായിരുന്നു ചന്ദ്രന്‍. നാല്‍പത് വര്‍ഷത്തോളമായി പ്രഭാതിന്റെ ചുവരുകള്‍ക്കകം ചന്ദ്രനും സുഹൃത്തുക്കളുമിരുന്ന് ഒഴിവ് സമയങ്ങള്‍ പാടികൊണ്ടിരുന്നു. പാടാനറിയുന്നവര്‍, ഉപകരണങ്ങള്‍ വായിക്കാനറിയുന്നവര്‍, ആസ്വാദിക്കാന്‍ മാത്രമെത്തുന്നവര്‍, അതായിരുന്നു അന്നത്തെ പ്രഭാതിന്റെ സദസ്.
പാട്ട് സദസിന് ആസ്വാദകര്‍ കൂടിയതോടെ സൗകര്യം പരിഗണിച്ചാണ് 10 വര്‍ഷം മുമ്പ് പാട്ട് സന്ധ്യ ചന്ദ്രന്റെ വീട്ട് മുറ്റത്തേക്ക് മാറ്റിയത്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്കൊപ്പം ചന്ദ്രനും, മരുമക്കളും പേരമക്കളുമൊക്കെ മനസ് നിറഞ്ഞ് പാടും. ഞായറാഴ്ചകളില്‍ വൈകുന്നേരം ആറ് മണിയോടെ തുടങ്ങും പാട്ടിന്റെ പതിവ് ചിട്ടകള്‍. ഓര്‍ഗനും, തബലയും, ലോലക്കുമൊക്കെ റെഡിയാണ്. ഇടക്ക് വൈദ്യുതി നിലച്ച് ആസ്വാദനത്തിന്റെ രസം കെടാതിരിക്കാന്‍ വൈദ്യുതി വകുപ്പിലെ റിട്ടയേഡ് ജീവനക്കാരനായ ചന്ദ്രന്‍ ചെറിയൊരു ജനറേറ്ററും ഒരുക്കിയിട്ടുണ്ട്.
ആറ് മണിയോടെ തുടങ്ങുന്ന സംഗീത മഴ, ഗസലുകളും, പ്രണയവും, വിരഹവുമൊഴുകുന്ന പാട്ട് മുറ്റം, ചിലപ്പോള്‍ രാത്രി പത്ത് കഴിഞ്ഞും നീളും. മരണമോ വിവാഹമോ ഹര്‍ത്താലോ ഒന്നും ചന്ദ്രന്റെ പാട്ട് മുറ്റം ഇക്കാലം വരെ മുടക്കിയിട്ടില്ല. ഒരു പക്ഷേ വീട് അടച്ചിട്ട് പോകേണ്ടി വന്നാലും പാട്ട് മുറ്റത്തിന് മുടക്കമുണ്ടാകില്ല.
വെറുതെ പാട്ട് പാടി, ആസ്വദിച്ച് മാത്രമിറങ്ങി പോകാനാകില്ല ഇവിടെ നിന്ന് ആര്‍ക്കും. എട്ട് മണിയോടെ ചന്ദന്റെ ഭാര്യ പ്രേമിയും മക്കളും ചായയും ലഘു കടിയുമായെത്തും. ഓണവും പെരുന്നാളും ക്രിസ്തുമസും പോലുള്ള വിശേഷ ദിവസങ്ങളില്‍ ചായ ബിരിയാണിക്ക് വഴിമാറും. ഇടവേളയിലെ ഈ സല്‍ക്കാരം കൂടി കഴിഞ്ഞേ നമുക്കവിടെ നിന്നും ഇറങ്ങാനാവൂ.
ചന്ദ്രന്റെ പാട്ട് മുറ്റത്ത് പയറ്റിതെളിഞ്ഞവര്‍ ഏറെയാണ്. പ്രമുഖ ട്രൂപ്പുകളിലെ സ്ഥിരം കലാകാരന്മാര്‍, റിയാലിറ്റി ഷോകളില്‍ കഴിവ് തെളിയിച്ചവര്‍, പലരുടേയും തുടക്കവും പരിശീലനവും ഇവിടെ നിന്നാണ്. പാടാനും ഉപകരണ സംഗീതത്തിനുമായി ചന്ദ്രനോടൊപ്പം വര്‍ഷങ്ങളായുള്ള സഹയാത്രികര്‍ പലരും ഇപ്പോഴും ഇവിടത്തെ സ്ഥിരം സാന്നിധ്യങ്ങളാണ്. കെ.പി അഷ്‌റഫ്, ഹുസൈന്‍ നല്ലളം, ഗോവിന്ദന്‍ കുട്ടി, അരവിന്ദന്‍, മോഹനന്‍, ഒ. ദേവദാസന്‍ തുടങ്ങി പഴയ കൂട്ടായ്മയിലെ നിരവധി പേര്‍ ഇപ്പോഴും സ്വരചേര്‍ച്ചയായി കൂടെയുണ്ട്.
ചന്ദ്രന്റെ സംഗീത രക്തം പേരമക്കളായ കാര്‍ത്തികക്കും പാര്‍വ്വതിക്കും പകര്‍ന്ന് കിട്ടിയിട്ടുണ്ട്. മരുമകള്‍ ജിഷ പ്രമുഖ സംഗീത ട്രൂപ്പിലെ കലാകാരിയാണ്. ചന്ദ്രന്റെ മക്കളുമുണ്ട് ഈ കലാ കുടുംബത്തില്‍.പാടാന്‍ മാത്രമല്ല, പഴയ പാട്ടുകളുടെ ഗസലുകളുടെ, പുതു തലമുറ ഗാനങ്ങളുടെ, മാപ്പിളപ്പാട്ടിന്റെ മനം കുളിര്‍പ്പിക്കുന്ന മഴയില്‍ ആസ്വദിച്ചിരിക്കാനും ഞായറാഴ്ചകളുടെ പാട്ട് മുറ്റത്തിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുന്നവര്‍ ഏറെയാണ്.