വീട് വയ്ക്കാന്‍ അനുമതിയില്ല, മൊബൈല്‍ ടവറിനാണെങ്കില്‍ പ്രത്യേകാനുമതി; പുലിവാല്‍ പിടിച്ച് സര്‍ക്കാര്‍ ഉത്തരവ്

By ജെന്‍സന്‍ മാളികപുറംFirst Published Apr 13, 2018, 10:49 AM IST
Highlights
  • 1964ലെ ഭൂമിപതിവ് ചട്ടങ്ങളില്‍ ഇളവുവരുത്തിക്കൊണ്ടാണ്  ടവര്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിലൂടെ എന്‍. ഒ. സി

മൂന്നാര്‍: വീട് വയ്ക്കുന്നതിനുവേണ്ടിയുള്ള അനുമതിപോലും നിക്ഷേധിക്കുന്ന നാട്ടില്‍ സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവര്‍ പണിയുന്നതിന് അനുമതിനല്‍കി സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ്. 1964 ലെ ഭൂമിചട്ടങ്ങളില്‍ ഇളവുവരുത്തിക്കൊണ്ടാണ് കുത്തക കമ്പനിയുടെ ടവ്വര്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിലൂടെ എന്‍. ഒ. സി. നല്‍കുവാന്‍ ഇടുക്കി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നത്. 

വീടുവയ്ക്കുന്നതിന് അനുമതിനല്‍കാത്ത സര്‍ക്കാര്‍ ടവര്‍ നിര്‍മ്മിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പള്ളിവാസല്‍ വില്ലേജിലാണ് കുത്തക കമ്പനിക്ക് ടവര്‍ നിര്‍മ്മിക്കാന്‍ അനുമതിനല്‍കുന്നതിന് ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തിയത്. ഒരുവര്‍ഷക്കാലം വില്ലേജ് മുതല്‍ ജില്ലാകളക്ടരുടെ ഓഫീസുവരെ കയിറങ്ങിയിട്ടും വീടുനിര്‍മ്മിക്കുന്നതിന് അനുമതി നല്‍കാത്തിതിന്റെ പേരില്‍ അടിമാലി സ്വദേശി കുടുംബമായി വില്ലേജ് ഓഫീസിന് മുമ്പില്‍ സമരം നടത്തിയ നാട്ടിലാണ് ഇത്തരത്തില്‍  സര്‍ക്കാരിന്റെ പ്രത്യേക അധികാരം വിനിയോഗിച്ച് 1964ലെ ഭൂമി പതിവ് ചട്ടങ്ങളിലെ റൂള്‍സ് ഇരുപത്തിനാല് പ്രകാരം ടവ്വര്‍ നിര്‍മ്മിക്കുന്നതിന്  അഡീഷണല്‍ ചീഫ് സെക്രട്ടരി ഉത്തരവിറക്കിയിരിക്കുന്നത്. 

മൂന്നാര്‍ ട്രിബ്യൂണലിന്റെ പരിധിയില്‍ വരുന്ന ദേവികുളംതാലൂക്കിലെ പള്ളിവാസല്‍ വില്ലേജിലാണ് ബ്ലോക്ക് നമ്പര്‍ പതിനാലില്‍ സര്‍വ്വേ നമ്പര്‍ 36/2ല്‍പെട്ട സ്ഥലത്താണ് ടവര്‍ നിര്‍മ്മാണം. എന്നാല്‍ സമാന വില്ലേജില്‍ എന്‍.ഒ. സി നല്‍കുന്നതിനായി വിവിധ രാഷ്ട്രീയ നേതാക്കളുടെ നേത്യത്വത്തില്‍ ജനകീയ സമരങ്ങള്‍ നടക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ പ്രശ്‌നപരിഹാരം കാണുന്നതിന് ചെറുവിരല്‍പോലും അനക്കാന്‍ തയ്യറാകാത്ത സര്‍ക്കാരാണ് ഇത്തരത്തിലുള്ള വിചിത്രമായ ഉത്തരവിറക്കിയത്. 

1964ലെ ഭൂമിപതിവ് ചട്ടത്തിലെ റൂള്‍സ് ഇരുപത്തിനാല് പ്രകാരം സര്‍ക്കാരിന്റെ പ്രത്യേക അധികാരമുപയോഗിച്ച്  ജില്ലയില്‍ നിലനില്‍ക്കുന്ന ഭൂമി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരുപരിധിവരെ ഇടപെടുവാന്‍ കഴിയുമെന്നതിന്റെ വെളിപ്പെടുത്തല്‍ കൂടിയാണ് വന്‍കിട കമ്പനിയിക്ക് ചട്ടങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് ഇറക്കിയിരിക്കുന്ന സര്‍ക്കാര്‍ ഉത്തരവ്. ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലയിലുടനീളം നിരാഹാര സമരങ്ങള്‍ നടക്കുന്ന സമയത്ത് സര്‍ക്കാര്‍ സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ ഇറക്കിയ ഉത്തരവ് വരും ദിവസങ്ങളില്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ട്.

click me!