
ആലപ്പുഴ: തല ചായ്ക്കാൻ കാത്തിരുപ്പുകേന്ദ്രം മാത്രം ആശ്രയമായിരുന്ന മോഹനനും(51), മകൾ ശ്രീദേവി (29) ക്കും വീടൊരുക്കി കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി. കൂലിപ്പണിക്കാരനായ മോഹനൻ ഭാര്യ രമണിയ്ക്കും രണ്ടു പെൺമക്കള്‍ക്കുമൊപ്പം ജീവിക്കുന്നതിനിടെയാണ് രമണി ക്യാൻസർ ബാധിതയാകുന്നത്. ചികിത്സയ്ക്ക് വന്‍ തുക ചെലവായതോടെ കട ബാധ്യതയിലായ കുടുംബം വീടും സ്ഥലവും വില്‍ക്കാന്‍ നിര്‍ബന്ധിതരായി. പത്തു വർഷം മുൻപ് രോഗം മൂർച്ഛിച്ച് രമണി മരണമരിച്ചു. ഇതിനിടയിൽ ഇളയ മകളുടെ വിവാഹം കഴിഞ്ഞു. ഇവർ കൽക്കട്ടയിൽ ഭർത്താവിനൊപ്പമാണ്. മൂത്ത മകള്‍ ശ്രീദേവിയെ ലാബ് ടെക്നിഷ്യന്‍ കോഴ്സ് പഠിപ്പിക്കുകയും ചെയ്തു മോഹനന്‍.
ചെങ്ങന്നൂർ മുണ്ടൻകാവ് കോടയാട്ടുകര സ്വദേശിയായിരുന്നു മോഹനന്‍. വിവിധ സ്ഥലങ്ങളിൽ മാറി താമസിച്ചതിനു ശേഷം വാടക കൊടുക്കാൻ നിവൃത്തിയില്ലാതെ ഒടുവിൽ ചെങ്ങന്നൂർ പരുമല റോഡ് അരുകിൽ പാണ്ടനാട് വില്ലേജ് ഓഫീസിനു സമീപമുള്ള കാത്തിരിപ്പുകേന്ദ്രത്തിൽ അഭയം തേടുകയായിരുന്നു ഈ അച്ഛനും മകളും. പകൽ സമയത്ത് സമീപമുള്ള കടകളിലും, വീടുകളിലും ശ്രീദേവിയെ ഇരുത്തിയാണ് മോഹനൻ ജോലിക്കു പോയിരുന്നത്. പ്രാഥമിക സൗകര്യങ്ങൾക്ക് പരിചയമുള്ള വീടുകളെ ആശ്രയിച്ച് പോന്നു. കാത്തിരിപ്പ് കേന്ദ്രത്തിൽ അന്തിയുറങ്ങിയിരുന്ന അച്ഛന്‍റെയും മകളുടെയും വിവരമറിഞ്ഞ കരുണയുടെ ചെയര്‍മാന്‍ കൂടിയായ എംഎല്‍എ സജി ചെറിയാന്‍റെ നേതൃത്വത്തിലാണ് കൊഴുവല്ലൂരിലുള്ള കരുണയുടെ ഫാം ഹൗസിലേക്ക് മാറ്റി താമസിപ്പിച്ചത്.