
എറണാകുളം: സൗദി അറേബ്യയിൽ മരിച്ച മകന്‍റെ മൃതദേഹം വിട്ടുകിട്ടാതെ അഞ്ചരമാസമായി മാതാപിതാക്കളുടെ കാത്തിരിപ്പ്. എറണാകുളം വരാപ്പുഴയിലെ ജോണും ഭാര്യയുമാണ് മകന്‍റെ മൃതദ്ദേഹം നാട്ടിലെത്തിക്കാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നത്. അറുപത്തിയെട്ടുകാരനായ ജോണിന്‍റെ കണ്ണീരോടെയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസം അഞ്ച് കഴിഞ്ഞു.
സൗദി അറേബ്യയിലേക്ക് ജോലി തേടി പോയ ഏക മകൻ പിഫിനിന്‍റെ മൃതദേഹത്തിനായാണ് ഈ വൃദ്ധ ദമ്പതികളുടെ കാത്തിരിപ്പ്. ദമാമിൽ ട്രെയിലർ ഡ്രൈവറായ 28 കാരൻ പിഫിൻ മരിച്ചെന്ന വിവരമെത്തുന്നത് ഫെബ്രുവരി പതിനാറിനാണ്. അസ്വാഭാവിക മരണമായതിനാൽ നടപടികൾ പൂർത്തിയാക്കി നാലാഴ്ചയ്ക്കകം മൃതദേഹം വിട്ടുകിട്ടുമെന്ന് നോർക്കയും അറിയിച്ചു. പക്ഷേ അഞ്ചര മാസം കഴിഞ്ഞിട്ടും ഒന്നുമായില്ല.
ദമാമിലെ കത്തീഫിനടുത്തുള്ള കടലോരത്താണ് പിഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിൽ ചില അസ്വാഭാവികതകൾ കണ്ടെത്തിയതിനാൽ അന്വേഷണം ദാറൂത്ത് പോലീസ് മറ്റൊരു ഏജൻസിക്ക് കൈമാറിയിരുന്നു. പക്ഷെ തുടർ നടപടികളെല്ലാം നിലച്ചിരിക്കുകയാണ്. സ്ഥലം എം.എൽ.എ, എം.പി അടക്കമുള്ളവരെ സമീപിച്ചെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല. സർക്കാർ ഇടപെട്ട് തങ്ങളുടെ ഏക മകന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ വൃദ്ധ ദമ്പതികൾ.