തൃശൂര്‍ താലൂക്കാഫീസില്‍ നിന്ന് പട്ടയ രജിസ്റ്റര്‍ കാണാതായതായി പരാതി

By Web DeskFirst Published Jul 25, 2018, 10:37 PM IST
Highlights
  • മലയോര നിവാസികളുടെ സമരം ഏഴാം ദിവസത്തിലേക്ക്
  • പട്ടയ രജിസ്റ്റര്‍ കാണാതായതായി പരാതി

തൃശൂര്‍: പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റ് പടിക്കല്‍ മലയോര നിവാസികളുടെ സമരം ഏഴാം ദിവസത്തിലേക്ക് കടന്നപ്പോള്‍ തൃശൂര്‍ താലൂക്കാഫീസില്‍ നിന്ന് പട്ടയ രജിസ്റ്റര്‍ കാണാതായതായി പരാതി. തഹസില്‍ദാരുടെ പരാതിയില്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  മലയോര പട്ടയവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ ജോയിന്റ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടും ഇതു സംബന്ധിച്ച അനുബന്ധ രേഖകളുമാണ് കാണാതായത്. 

സംഭവം നടന്നിട്ട് ഏറെ നാളായെങ്കിലും കഴിഞ്ഞ രാത്രിയാണ് തൃശൂര്‍ തഹസില്‍ദാര്‍ പട്ടയരേഖകള്‍ കാണാതായതായി സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. താലൂക്കാഫീസിലെ ചെസ്റ്ററില്‍ സൂക്ഷിച്ചിരുന്ന ഫയലുകളാണ് കാണാതായതെന്ന് പരാതിയില്‍ പറയുന്നു. പുത്തൂര്‍, വലക്കാവ്, നടത്തറ, പാണഞ്ചേരി വില്ലേജുകളിലെ പട്ടയങ്ങള്‍ക്ക് വേണ്ടിയുള്ള രേഖകളാണിത്.

മലയോര കര്‍ഷകരുള്‍പ്പടെ നൂറുകണക്കിനാളുകളാണ് പട്ടയം തേടി സമരത്തിലുള്ളത്. മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ കൈനീട്ടിയിട്ടും ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തില്‍ പെരുമഴെയും അവഗണിച്ച് കളക്ടറേറ്റുപടിക്കല്‍ പന്തല്‍ കെട്ടി അനിശ്ചിത കാല സമരം തുടങ്ങുകയായിരുന്നു. ഇതിനിടയില്‍ ഇതുസംബന്ധിച്ച് ഹരജി പരിഗണിച്ച ഹൈക്കോടതിയില്‍ രേഖകള്‍ ഇല്ലെന്ന വിവരം തഹസില്‍ദാര്‍ അറിയിച്ചു. പരാതിയോ അന്വേഷണമോ നടന്നിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞെങ്കിലും ഈ നടപടിയിലേക്ക് താലൂക്ക് ഓഫീസ് കടന്നിരുന്നില്ല. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് തഹസില്‍ദാര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.


 

click me!