
തൃശൂര്‍: കടലിന് കലിയൊന്നുമില്ലെന്നേ, കടല്‍ ക്ഷോഭം എന്നൊക്കെ പറയുന്നത് നിങ്ങള്‍ പത്രക്കാര്‍ പഞ്ചിന് വേണ്ടിയുണ്ടാക്കീതല്ലേ, കടലമ്മ വെറുമൊരു പാവമാണ്. ദ്രോഹിച്ചാല്‍ ആരാലും ചെയ്യുന്ന പ്രതിരോധം മാത്രമാണ് തീരത്തെ നാശങ്ങള്‍ക്കിടയാക്കുന്നതെന്നാണ് കടലിനെ അറിയുന്നവര്‍ ഒരേ സ്വരത്തില്‍ പറയുന്നത്. അശാസ്ത്രീയ കടല്‍ ഭിത്തി നിര്‍മ്മാണമാണ് ദുരന്തത്തിന് കാരണമെന്നാണ് നിരീക്ഷണം. കേരളത്തില്‍ കടലിന്റെ കിടപ്പനുസരിച്ച് ചെറുതും വലുതുമായ പുലിമുട്ടുകളാണ് ആവശ്യമെന്ന് ഇവര്‍ക്കൊപ്പം വിദഗ്ധരും പറയുന്നു.
കടല്‍ ഭിത്തി കറവ പശുവാകുമ്പോള്‍
തീര സുരക്ഷയ്ക്ക് പരിഹാരം കടല്‍ ഭിത്തിയാണെന്ന് തലമുറകളായി വിശ്വസിച്ചിരിക്കുന്നത്. കൂറ്റന്‍ കരിങ്കല്ലുകള്‍ കൂട്ടത്തോടെ കടലിലേക്കിടുന്നതാണ് കേരള തീരത്തെ ഭിത്തി നിര്‍മാണം. കടലിലിടുന്ന കരിങ്കല്ലെത്രയെന്ന് എണ്ണാനും അളക്കാനും ആരും വരില്ലെന്ന വിശ്വാസം ഉള്ള ഉദ്യോഗസ്ഥരില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. കേരള തീര സംരക്ഷകരില്‍ ഒരു വിഭാഗവും തീരവാസികളെ പരിരക്ഷിക്കാനെന്ന പേരില്‍ മുറവിളി കൂട്ടുന്നതില്‍ വലിയൊരളവും ഭിത്തി നിര്‍മാണത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്.
ഇടുന്ന കല്ലിന്റെ അളവ് ഉദ്യോഗസ്ഥര്‍ നല്‍കുന്നതിനനുസരിച്ചാണ്. പിന്നീട് ആരോപണമോ പരാതിയോ ഉയര്‍ന്നാല്‍ തെളിവെടുപ്പും പരിശോധനയും ഇത്തരം കടല്‍ ഭിത്തിയുടെ കാര്യത്തില്‍ അസാധ്യവുമാണ്. ഒരു കല്ലിന്റെ പലഭാഗത്തായി ഒന്നിലേറെ നമ്പറിട്ട് എണ്ണത്തില്‍ തട്ടിപ്പു നടത്തുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പേ ആരോപണത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍, ഇതേകുറിച്ച് അന്വേഷണം കൃത്യമായി നടത്താന്‍ ഏജന്‍സികള്‍ക്കായില്ലെന്നത് തിരിമറികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ബലം നല്‍കി.
ചെറിയ തിരയടിക്കുമ്പോഴേക്കും മുകളിലെ കല്ല് മറിഞ്ഞ് ആഴത്തിലേക്ക് പതിക്കും. ഇതോടെ പഴുതുകളുണ്ടാക്കി കടല്‍ തിരയിലേക്ക് ആഞ്ഞടിക്കാന്‍ തുടങ്ങും. അടുത്ത മുറവിളി ഉയരും മുമ്പേ പതിവ് കടല്‍ ഭിത്തി നിര്‍മാണ ശൈലിയുമായി ഉദ്യോഗസ്ഥരും രംഗത്തിറങ്ങും. കടല്‍ ഭിത്തി മാത്രമല്ല, കടലോരത്ത് കെട്ടിടങ്ങള്‍ പോലും പാടില്ലെന്നാണ് ചട്ടം. ഇതനുസരിച്ച് തീരവാസികളായ മത്സ്യതൊഴിലാളികള്‍ക്ക് വീടുവയ്ക്കാന്‍ അനുമതി നല്‍കാത്ത അധികാരികള്‍ പക്ഷെ, ടൂറിസത്തിന്റെ പേരില്‍ സ്വകാര്യ കെട്ടിടങ്ങള്‍ക്കടക്കം അനുമതി നല്‍കുന്നുമുണ്ട്. ഈ പകല്‍ കൊള്ള തടയാനാണ് ഒന്നാംതരം ഭിത്തി വേണ്ടത്.
കടല്‍ കലിയിളകുന്നത് സഞ്ചാരം തടയുമ്പോള്‍
ഒന്നിനുമീതെ ഒന്നായി കരിങ്കല്ല് കടലിലേക്കിറക്കിയിടുന്നത് കടലിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ തടയുന്നതിന് തുല്യമാണ്. കടലാക്രമണം ഉണ്ടാവുന്നിടമെല്ലാം തന്നെ കരിങ്കല്ല് അലക്ഷ്യമായിട്ട് തിരയെ തടയുന്ന ഭാഗങ്ങളാണ്. കടലിന് അതിന്റേതായ ദൗത്യങ്ങളുണ്ട്. ഓഖിയുടെ ശേഷിപ്പായി തീരത്തടിഞ്ഞ പ്ലാസ്റ്റിക് കൂമ്പാരം ഇതിന് ചെറിയൊരു ഉദാഹരണം മാത്രമാണ്. ഭിത്തിയുള്ള പ്രദേശങ്ങളിലെ കടലിലെ ആഴം തിട്ടപ്പെടുത്താനാന്‍ സാധിക്കാത്തതാണ് പ്രധാന പ്രശ്നം. കടലിനെ നാം ഭയക്കുന്ന ന്യൂനമര്‍ദ്ദ സമയത്ത് ഒരു തിരമാലയില്‍ നിന്ന് അടുത്ത തിരമാലയുടെ സമയം ഒന്നു മുതല്‍ നാല് സെക്കന്റ് വരെയാണ്. വേനലിലാണെങ്കില്‍ ഇത് എട്ട് സെക്കന്റ് വരെയുമാണ്.
ഈ സ്വാഭാവിക പ്രക്രിയയെ കരിങ്കല്ലിട്ട് തടയുന്ന കാലം വരെ തീരത്ത് ദോഷങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കേരളത്തിലെ മഹാഭൂരിഭാഗം തീരപ്രദേശങ്ങളും കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ അനുകൂലമായിടങ്ങളല്ല. ഇത്തരം തടസങ്ങള്‍ കടലിന്റെ ഊര്‍ജത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുമെന്നാണ് ശാസ്ത്രം. കടലിനെ തടയാന്‍ കടലിന് തന്നെ കഴിയുമെന്നതും വാസ്തവമാണ്. കടലിന്റെ അടിത്തട്ടില്‍ തിരകള്‍ തീര്‍ക്കുന്ന ചെറുതും വലുതുമായ മണല്‍ തിട്ടകള്‍ തിരയുടെ ശക്തി താനെ കുറയുന്നതിന് വേണ്ടിയാണ്. തിരമാലകളും കാറ്റും കൊടുങ്കാറ്റും കടലിന് അനിവാര്യമാണ്. പക്ഷേ കടലിനെ അതിന്റെ വഴി തന്നെ വിടണമെന്ന് മാത്രം.
കേരളത്തിനഭികാമ്യം പുലിമുട്ടുകള്‍
കേരളത്തിലെ കടല്‍ തീരങ്ങളുടെ കിടപ്പനുസരിച്ച് തിരമാലകള്‍ക്കൊണ്ടുള്ള നാശനഷ്ടങ്ങള്‍ തടയാന്‍ ഏറ്റവും അഭികാമ്യം പുലിമുട്ടുകളാണ്. സാധാരണ തുറമുഖങ്ങളിലാണ് പുലിമുട്ടുകളുടെ നിര്‍മാണം നടക്കുന്നത്. ഈ രീതി മാറ്റി തിരമാലകളുടെ തീവ്രത കൂടിയ തീരങ്ങളില്‍ നിന്ന് കടലിലേക്ക് പുലിമുട്ടുകള്‍ സ്ഥാപിക്കണം. ഇത് കാലാകാലങ്ങളിലേക്ക് ഗുണം ചെയ്യുമെന്നതാണ് വിദേശ രാജ്യങ്ങളിലെ പഠനം. ഓരോ കിലോ മീറ്റര്‍ ഇടവിട്ട് അര കിലോ മീറ്റര്‍ ദൂരത്തേക്ക് പുലിമുട്ടുകള്‍ സ്ഥാപിക്കാനായാല്‍ തീര സുരക്ഷ പതിന്മടങ്ങ് ഇരട്ടിയാവുകയും ചെയ്യും.
തിരയുടെ തീവ്രത കുറഞ്ഞ ഭാഗങ്ങളില്‍ നൂറ് മീറ്റര്‍ ദൂരത്തില്‍ ചെറിയ പുലി മുട്ടുകള്‍ സ്ഥാപിച്ചാല്‍ മതിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കേരള തീരത്തിന്റെ ഗതിയനുസരിച്ച് തെക്ക് - പടിഞ്ഞാറന്‍ കടല്‍ മേഖലയില്‍ അതായത് തെക്കന്‍ കേരളത്തിലാണ് തിരമാലകള്‍ക്ക് തീവ്രതയേറെയുള്ളത്. കടല്‍ നാശം വിതയ്ക്കുന്നതേറയും ഇവിടങ്ങളിലുമാണ്. വടക്ക് പടിഞ്ഞാറന്‍ കടല്‍ മേഖലയില്‍ തീവ്രത കുറവായതിനാല്‍ നാശനഷ്ടങ്ങളും അധികമുണ്ടാവാറില്ല.
ചെറിയ വേലിയേറ്റം പോലും പ്രതിസന്ധികളുണ്ടാക്കുന്ന തെക്കന്‍ മേഖലയില്‍ തീരക്കടലിനെ ആഴക്കടലാക്കുന്ന ഭിത്തികള്‍ക്ക് പകരം, പുലിമുട്ടുകളുടെ അനിവാര്യതയാണ് ഭരണകൂടം ഗൗരവത്തിലെടുക്കേണ്ടത്. കടലോരത്തെ ഒരു സീസണിലെ ദുരിതാശ്വാസ വിതരണ ഫണ്ട് ചെലവഴിച്ചാല്‍ മതിയാവും ദീര്‍ഘകാലത്തേക്കുള്ള പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍. കടല്‍ ഭിത്തി മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ടൂറിസത്തെ തിരിച്ചുകൊണ്ടുവരാന്‍ പുലിമുട്ടുകള്‍ക്ക് സാധ്യമാകുമെന്നതും നേട്ടമാണ്. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ഇതുമൂലം നഷ്ടമായ തൊഴിലും വരുമാനവും തിരിച്ചുകൊടുക്കാനും കഴിയും. ഒപ്പം തീരത്തെ കുടിവെള്ള ലഭ്യതയും ഉറപ്പാക്കാമെന്നാണ് പഠനങ്ങള്‍ വിശദമാക്കുന്നത്.