
ഇടുക്കി. മൂന്നാറിലെ ഭൂമി സംബന്ധമായ കേസുകളുടെ തീര്‍പ്പ് ത്വരിതഗതിയിലാക്കുക എന്ന ഉദ്ദേശത്തോടെ മൂന്നാറില്‍ സ്ഥാപിച്ച സ്പെഷന്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനമാണ് നോക്കുകുത്തിയായി മാറുന്നത്. മൂന്നാര്‍ കെ.എസ്.ഇ.ബി, എന്‍ജിനിയറിംഗ് കോളേജ് എന്നിവയ്ക്കു സമീപമുള്ള സ്പെഷന്‍ ട്രൈബ്യൂണല്‍ ആളും ആരവവും ഇല്ലാതെ നോക്കു കുത്തിയായി മാറുന്നത് ട്രൈബ്യൂണലിന്റെ ഭാവിയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്.
ഭൂമി സംബന്ധമായ കേസുകള്‍ കോടതികളിള്‍ അനിയന്ത്രിമായി വര്‍ദ്ധിക്കുകയും കേസുകള്‍ തീര്‍പ്പാകാന്‍ കാലതാമസം നേരിടുകയും ചെയ്തതോടെയാണ് മൂന്നാറില്‍ സ്പെഷല്‍ ട്രൈബ്യൂണല്‍ കോടതി സ്ഥാപിച്ചത്. ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ എട്ടു വില്ലേജുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കക്ഷിയായ കേസുകള്‍ തീര്‍പ്പു കല്‍പ്പിക്കുവാനാണ് ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. 2011ല്‍ പ്രവര്‍ത്തനം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടാകാത്തത് ട്രൈബ്യൂണലിന്റെ ഭാവിയെക്കുറിച്ചു തന്നെ ചോദ്യമുയര്‍ത്തുകയാണ്. ഇടയ്ക്ക് സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള അധികാരം ഹൈക്കോടതി വാക്കാല്‍ നല്‍കിയിരുന്നു.
നിയമങ്ങള്‍ നടപ്പിലാക്കുന്ന രീതിയിലെ അവ്യക്തത കോടതിയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. തീര്‍പ്പു കല്‍പ്പിക്കുന്ന കേസുകളില്‍ കളക്ടറാണ് ഉത്തരവുകള്‍ നടപ്പിലാക്കണ്ടതെന്ന സ്ഥിതി നിലനില്‍ക്കെ ഇത് അപ്രയോഗികമായി മാറുകയായിരുന്നു. ദേവികുളം പോലെ വിസ്തൃതമായ താലൂക്കില്‍ അനുദിനം ഉണ്ടാകുന്ന കേസുകളുടെ ബാഹുല്യവും നടപടിക്രമങ്ങളും മൂലം കളക്ടര്‍ക്ക് യഥാസമയം ഉത്തരവുകള്‍ നടപ്പിലാക്കാനാവാതെ വരുന്നതും തിരിച്ചടിയായിരുന്നു. ട്രൈബ്യൂണല്‍ പരിഗണിച്ച ആയിരത്തിലധികം കേസുകളില്‍ പകുതി മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കാനും തീര്‍പ്പു കല്‍പ്പിക്കാനും കഴിഞ്ഞിട്ടുള്ളൂ.
എന്നാല്‍ ഈ കേസുകളില്‍ ഉത്തരവ് പുറത്തിറക്കിയതല്ലാതെ നടപടികള്‍ നടത്താനാവാതെ വരികയായിരുന്നു. കേസുകള്‍ പരിഗണിക്കുന്നതിനും നടപ്പിലാക്കുന്നതിനും വിവിധ തസ്തികളിലായി 20 ഓളം ജീവനക്കാരുടെ ആവശ്യമാണുള്ളത്. ആവശ്യത്തിന് ജീവനക്കാരും ഇല്ലാതെ വന്നതോടെ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം തീര്‍ത്തും മന്ദഗതിയിലായി. ചെയര്‍മാന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കേണ്ട ട്രൈബ്യൂണലില്‍ പ്രവര്‍ത്തനം സുഗമമാക്കാന്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കേസുകളില്‍ അതിവേഗം തീര്‍പ്പു കല്‍പ്പിക്കുന്നതിനും തടസ്സമായി. നാല്‍പ്പതോളം ജീവനക്കാരുണ്ടായാല്‍ മാത്രമേ കോടതിയുടെ പ്രവര്‍ത്തനം സുഗമമാകുയുള്ളൂ എന്നാണ് കരുതുന്നത്. എന്നാല്‍ ഇപ്പോള്‍ മൂന്നു ജീവനക്കാരെ വച്ചു മാത്രമാണ് ഇവിടെ പ്രവര്‍ത്തനം നടക്കുന്നത്.