നക്ഷത്ര ആമകളുടെ ശാസ്ത്രീയ പഠനത്തിനൊരുങ്ങി ചിന്നാര്‍ വന്യജീവി സങ്കേതം

By Web DeskFirst Published May 26, 2018, 10:52 PM IST
Highlights
  • നക്ഷത്ര ആമകളുടെ ശാസ്ത്രീയ പഠനത്തിനൊരുങ്ങി ചിന്നാര്‍
  • ജൂണ്‍ ആദ്യവാരം മുതല്‍ പഠനം ആരംഭിക്കും

ഇടുക്കി: നക്ഷത്ര ആമകളുടെ ശാസ്ത്രീയ പഠനത്തിന് ചിന്നാര്‍ വന്യജീവി സങ്കേതം ഒരുങ്ങുന്നു. ജൂണ്‍ ആദ്യവാരം മുതലാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ആമകളുടെ പഠനം ആരംഭിക്കുന്നത്. ചിന്നാര്‍ വന്യജീവി സങ്കേതം രണ്ടുവര്‍ഷം നീളുന്ന പഠന രൂപരേഖ ജൈവ വൈവിദ്യവിഭാഗം മേധാവിയായ പ്രിന്‍സിപ്പിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അമിത് മല്ലിക് ഐ.എഫ്.എസ് അംഗികരിച്ചതോടെയാണ് ചിന്നാറില്‍ ഇത്തരമൊരു പഠനത്തിന് വഴിയൊരുങ്ങിയത്. നക്ഷത്ര ആമകള്‍ക്ക് ഒരു സ്വാഭാവിക ആവാസവ്യവസ്ഥ ചിന്നാര്‍ വന്യജീവി സങ്കേതത്തിലാണുള്ളത്. അതുകൊണ്ടുതന്നെ അവയുടെ ശാസ്ത്രീയ പഠനങ്ങളും, നിരീക്ഷണങ്ങളും സാധ്യമാകുന്നത് ചിന്നാറില്‍ മാത്രമാണ്. 

നക്ഷത്ര ആമകളുടെ സ്വഭാവ സവിശേഷതകള്‍, ആവാസ വ്യവസ്ഥയുടെ ഉപയോഗം, കാലാവസ്ഥ വ്യതിയാനത്തോടുള്ള അവയുടെ പ്രതികരണങ്ങള്‍, ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ അവയുടെ കണക്കെടുപ്പ്, വളര്‍ച്ചയുടെ തോത്, പ്രജനന സ്വഭാവങ്ങളുടെ നിരീക്ഷണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് പുതിയ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിന്നാര്‍ വന്യജീവി സങ്കേതം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം. പ്രഭു, മൂന്നാര്‍ വന്യജീവി സങ്കേതം ബയോളജിസ്റ്റ് ഡോ.പി. രാജന്‍, ഇരവികുളം വൈല്‍ഡ് ലൈഫ് അസി.സലീഷ് എന്നിവരാണ് ശാസ്ത്രീയ പഠനത്തിന് നേത്യത്വം നല്‍കുന്നത്. 

കൂടാതെ നക്ഷത്ര ആമകളെ പരിചരിച്ച് വൈദഗ്ധ്യമുള്ള ആദിവാസി ഇ.ഡി.സി വാച്ചര്‍മാരും, പഠനത്തില്‍ പങ്കാളികളാകും. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി, കോട്ടയം ഫീല്‍ഡ് ഡാറക്ടര്‍ ജോര്‍ജ്ജി .പി. മാത്തച്ചന്‍ ഐ.എഫ്.എസ് എന്നിവര്‍ ശാസ്ത്രീയ പഠനം നീക്ഷിക്കും. ഇന്ന് കേരളത്തില്‍ അനധിക്യതമായി ആമകളുടെ വിപനണമോ, സാന്നിധ്യമോ ശ്രദ്ധയില്‍പ്പെട്ടാന്‍ കോടതി മുഖേനയോ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റ് നിര്‍ദ്ദേശപ്രകാരമോ അവയെ സ്വാഭാവിക ആവാസ വ്യവസ്ഥയായ ചിന്നാറില്‍ എത്തിക്കാറാണ് പതിവ്. 

നാലുവര്‍ഷമായി ഇത്തരത്തില്‍ ലഭിച്ചിട്ടുള്ള നൂറിലധിം നക്ഷത്ര ആമകളാണ് ചിന്നാറില്‍ പുനരതിവസിപ്പിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളിലെ വീടുകളില്‍ അലങ്കാര ആമകളായി കാണപ്പെട്ടവയെപ്പോലും ചിന്നാറില്‍ എത്തിച്ചിട്ടുണ്ട്. 2015  ആഗസ്റ്റ് മാസത്തില്‍ കൊച്ചി വിമാനതാളത്തില്‍ നിന്നും പിടികൂടിയ 200 നക്ഷത്ര ആമകളില്‍ ഒന്ന് ഒഴികെ 199 എണ്ണവും ചിന്നാറിലാണുള്ളത്.

2014-15 കാലഘട്ടത്തില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ നടത്തിയ പഠനത്തിലൂടെയും തുടര്‍ച്ചയായ നീരിക്ഷണങ്ങളൂടെയുമാണ് പുനരതിവാസ പ്രക്രിയ നടപ്പിലായത്. ഏതാനും ആഴ്ചകളില്‍ തുടങ്ങി മാസങ്ങള്‍ വരെ ഇവയുടെ പുനരതിവാസം നീണ്ടുനില്‍ക്കും. പ്രാദേശീകമായും, അല്ലാതെയും വിപണനം ചെയ്യപ്പെട്ടതോ, അനധിക്യതമായി വളര്‍ത്തിയതോ ആയ പല പ്രായത്തിലുമുള്ള ഇവയുടെ സ്വാഭാവിക ഭക്ഷണക്രമം ഉള്‍പ്പെടെയുള്ളവ തനതായ ആവാസവ്യവസ്ഥയിലേക്ക് ക്രമേണ മാറ്റിയെടുക്കുന്നതിന് മാസങ്ങല്‍ നീണ്ട പ്രക്രിയയിലൂടെ മാത്രമേ സാധിക്കുകയുള്ളു. കള്ളിച്ചെടി വര്‍ഗ്ഗത്തില്‍പ്പെടുന്ന cactus( opuntia monocantha) വരണ്ട പ്രദേശങ്ങളിലെ നിലങ്ങളില്‍ പടര്‍ന്നുവളരുന്ന എലുംബൊട്ടി, തവിഴാമ( Boerhavia diffusa) തുടങ്ങിയവ ഇവയുടെ പ്രധാന ഭക്ഷണമാണ്. 

ചെറിയ കായ്കളും, ഫലങ്ങളും ഇവ അകത്താക്കുന്നതോടൊപ്പം കാട്ടില്‍ കാണുന്ന ഒച്ചുകളുടെ പുറം തോടുകള്‍ ഇവയുടെ ആഹാരമായി കണ്ടെത്തിയിട്ടുണ്ട്. ആമകളെ പുനരതിവസിപ്പിക്കുന്നതിന് മുമ്പ് ഓരോ ആമകള്‍ക്കും ഓരോ തിരിച്ചറിയല്‍ രേഖ അഥവ മാര്‍ക്കിങ്ങ് നല്‍കാറുണ്ട്. അനേകം ശല്‍ക്കങ്ങളായി രൂപപ്പെട്ട നക്ഷത്ര ആമകളുടെ തോടിന്റെ വശങ്ങളില്‍ ഏതെങ്കിലും ഒരു ശല്ക്കത്തിന്റെ അരികില്‍ ചെറിയ രീതിയിലുണ്ടാകുന്ന അടയാളങ്ങളിലൂടെ അവയ്ക്ക് ഓരോ നമ്പര്‍ നല്‍കുന്നു. കാട്ടില്‍വെച്ച് തിരിച്ചറിയുന്നതിനാണ് ഇത്തരം സ്‌കൂട്ടിംഗ് നടത്തുന്നത്. വന്യജീവി സംരക്ഷണ നിയമം മൂലം പലയിടങ്ങളിലും ഇവയുടെ വിപണനം നിരോധിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ തെക്കേ ഇന്ത്യയില്‍ കാണപ്പെടുന്ന നക്ഷത്ര ആമകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്കുള്ള ശാസ്ത്രീയ പഠനം വളരെയധികം പ്രസക്തിയുള്ളതാണെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി പറഞ്ഞു.

click me!