ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

By Web DeskFirst Published Mar 29, 2018, 9:13 PM IST
Highlights
  • ട്രെയിനിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു

ആലപ്പുഴ: ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. നാഗർകോവിൽ സ്വദേശി ജോൺരാജിന്റെ മകൻ റ്റിഷാൽ(14)നാണ് പരിക്കേറ്റത്. താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം  റ്റിഷാലിനെ വണ്ടാനം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്ന്  പുലർച്ചെ രണ്ടരയോടെ ഗുരുവായൂർ എഗ്മൂർ എക്‌സ്പ്രസ് ട്രെയിനിൽ നിന്നാണ് കായംകുളം റെയിൽവേ സ്‌റ്റേഷന് സമീപം ട്രാക്കിലേക്ക് തെറിച്ച് വീണ് വിദ്യാർഥിക്ക് പരിക്കേറ്റത്. എഴുനേൽക്കാനാകാതെ ട്രാക്കിന് സമീപം ഇരുട്ടിൽ കിടന്ന് റ്റിഷാൽ രക്ഷിക്കണമെന്ന് അലറിവിളിച്ചിട്ടും സഹായത്തിന് ആരും എത്താത്തതിനെ തുടർന്ന് റെയിൽവേ സ്റ്റഷൻവരെ നടന്ന് എത്തുകയായിരുന്നു. 

ഭയന്ന് വിറച്ച് പരുക്കുകളോടെ എത്തിയ റ്റിഷാലിനെ  ആർപിഎഫ് ഉദ്യോഗസ്ഥനായ ലാലൻപിളളയുടെ നേതൃത്വത്തിൽ ഉടൻതന്നെ താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. പെരുമ്പാവൂരിൽ ബിസിനസ് ചെയ്യുന്ന പിതാവ് ജോൺരാജിനോടൊപ്പം നിന്നാണ് റ്റിഷാൽ പഠിക്കുന്നത്. ഒമ്പതാംക്ലാസ് പരീക്ഷക്ക് ശേഷം നാട്ടിലേക്ക് പോകാനായി ട്രെയിൻ കയറ്റിവിട്ടതായിരുന്നു. 

കായംകുളം സ്‌റ്റേഷൻ അടുക്കാറായപ്പോൾ മുഖം കഴുകാൻ വേണ്ടി വാതിലിനടുത്തേക്ക് വരുന്നതിനിടയിൽ  പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു എന്ന് റ്റിഷാൽ പറഞ്ഞു. ട്രെയിനിലുണ്ടായിരുന്ന ബാഗും ലഗേജും തിരുവനന്തപുരത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ആർപിഎഫ് അറിയിച്ചു. ആലപ്പുഴ വഴിയെത്തുന്ന ട്രെയിൻ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് വേഗത കുറച്ച് വന്നതിനാലാണ് കൂടുതൽ പരുക്കുകൾ ഏൽക്കാതെ  വിദ്യാർഥി രക്ഷപ്പെട്ടത്.

click me!