
ആലപ്പുഴ: ശുദ്ധജലപദ്ധതികള്‍ ഏറെയുണ്ടെങ്കിലും കുട്ടനാട്ടിലെ 12 പഞ്ചായത്തുകളിലും കുടിവെള്ളം കിട്ടാക്കനിയാണ്. പാടശേഖരത്തിന്റെ നടുവിലും കായല്‍ മേഖലകളിലും താമസിക്കുന്നവരുടെ സ്ഥിതിയും ദയനീയമാണ്. ഓരോ ദിവസം കഴിയുന്തോറും വാട്ടര്‍ അതോറിട്ടി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ അളവ് കുറഞ്ഞുവരികയാണെന്നാണ് നാട്ടുകാരുടെ പരാതി. തലവടിയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചെങ്കിലും പ്ലാന്റ് പ്രവര്‍ത്തിക്കുന്ന വാര്‍ഡില്‍ പോലും കുടിവെളളം കിട്ടുന്നില്ല.
തലവടി, മുട്ടാര്‍, രാമങ്കരി, നീലംപേരൂര്‍, കൈനകരി, കാവാലം എന്നീ പ്രദേശങ്ങളിലാണ് കുടിവെളളം കിട്ടാക്കനിയായത്. കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച പൈപ്പുകള്‍ കാലഴക്കത്തില്‍ തകര്‍ന്നു. ഇവ മാറ്റി സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോ ജനപ്രതിനിധികളോ ഒന്നും ചെയ്തിട്ടില്ല. 70 കോടിയുടെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുമെന്ന സര്‍ക്കാര്‍ പഖ്യാപനവും യാഥാര്‍ത്ഥ്യമായില്ല. നിലവിലുളള സംവിധാനം മെച്ചപ്പെടുത്തി ശുദ്ധ ജലവിതരണം നടത്തുന്നതിന് പകരം വളളത്തിലും വാഹനങ്ങളിലും നടത്തുന്ന ജലവിതരണം നഷ്ടപ്പെടുത്തുന്നത് കോടികളാണ്.
സമുദ്രനിരപ്പില്‍ നിന്ന് താഴ്ന്നുകിടക്കുന്നതിനാല്‍ കുഴല്‍ക്കിണറുകള്‍ നിര്‍മ്മിച്ച് ശുദ്ധജലം ശേഖരിക്കാന്‍ കുട്ടനാട്ടുകാര്‍ക്ക് സാധിക്കില്ല. പൊതുടാപ്പുകളിലെ വെളളം തന്നെയാണ് ആശ്രയം. കുട്ടനാട് പാക്കേജില്‍ ആര്‍ഒ പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും പല പഞ്ചായത്തുകളും പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കുന്നതില്‍ താല്പര്യം കാട്ടിയില്ല. പദ്ധതി പ്രകാരം പണം കൊടുത്ത് കുടിവെളളം വാങ്ങേണ്ടിവരും. ഇവിടെ സ്ഥാപിച്ചിരിക്കുന്ന കിയോസ്‌ക്കുകള്‍ എല്ലാം തന്നെ നോക്കുകുത്തിയായിത്തീര്‍ന്നിരിക്കുകയാണ്.
ഇവിടുത്തെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് നദീജലംശുദ്ധീകരിച്ച് കുടിവെളളമെത്തിക്കുന്നതിന് രൂപംകൊടുത്ത പദ്ധതിയും പൂര്‍ത്തിയായില്ല. കായല്‍മേഖലയായ കൈനകരി പഞ്ചായത്തില്‍ വള്ളങ്ങളില്‍ കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും അത് ആവശ്യമുള്ളതിന്റെ കാല്‍ ഭാഗം മാത്രമേ വരുന്നത്.