വാസയോഗ്യമായ വീടും വൈദ്യുതിയും ശൗചാലയങ്ങളുമില്ല; ദുരിതക്കയത്തില്‍ ചെറിയ ചീപ്രത്തെ കുടുംബങ്ങള്‍

By Web DeskFirst Published Feb 27, 2018, 7:47 PM IST
Highlights
  • ശൗചാലയമോ ഭൂമി സ്വന്തമല്ലാത്തതിനാല്‍ വൈദ്യുതിയോ ഇല്ല
  • ദുരിതത്തില്‍ ചെറിയ ചീപ്രം നിവാസികള്‍
     

വയനാട്: മുട്ടില്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കാരാപ്പുഴ പദ്ധതിക്കായി ഏറ്റെടുത്ത പാക്കം ചെറിയ ചീപ്രത്തെ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ ഇഴയുന്നു. ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള മഠംകുന്ന്, ഞാവലംകുന്ന് പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികളാണ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എങ്ങുമെത്താതെ കിടക്കുന്നത്. 

പുനരധിവാസ പദ്ധതി വേഗത്തിലാക്കാന്‍ സബ് കലക്ടര്‍ അധ്യക്ഷനായി ആറു മാസം മുമ്പ് സബ് കമ്മിറ്റി രൂപീകരിച്ചിരുന്നുവെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. ഇതോടെ പുനരധിവാസ പദ്ധതി എന്ന മോഹം തങ്ങള്‍ ഉപേക്ഷിച്ച പോലെയാണെന്ന് കുടുംബങ്ങള്‍ പറയുന്നു. വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്കു പുറമേ അണക്കെട്ട് നിര്‍മിച്ചതിന് ശേഷം വെള്ളം പൊങ്ങിയ മറ്റു കോളനികളില്‍ നിന്നുള്ളവരും ചെറിയ ചീപ്രത്ത് എത്തി സ്ഥിരതാമസമാക്കിയിരിക്കുകയാണിപ്പോള്‍. ഇത് പുനരധിവാസത്തെ ബാധിക്കുന്നതായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 

നാല് ഏക്കറോളം വരുന്ന സ്ഥലത്ത് നാല്‍പ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ചെറിയ ചീപ്രത്ത് ഭൂമി കൈയേറി കുടില്‍കെട്ടി താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന നിലപാടിലാണ് ജലവിഭവ വകുപ്പ്. അതേ സമയം അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ത്തിയാല്‍ ചെറിയ ചീപ്രത്തെ  പല ഭാഗങ്ങളും വെള്ളത്തിലാകുമെന്ന പ്രശ്നവും നിലനില്‍ക്കുകയാണ്. 

പരമ്പരാഗതമായി താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനായി ജില്ലാഭരണകൂടം നേരത്തേ നെല്ലാറച്ചാല്‍ ചീപ്രംകുന്നില്‍ സ്ഥലം കണ്ടെത്തിയിരുന്നു. 2010ല്‍ ഏതാനും കുടുംബങ്ങള്‍ക്ക് കൈവശരേഖയും നല്‍കി. എന്നാല്‍,  അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ റവന്യൂ, ട്രൈബല്‍, ജലവിഭവ വകുപ്പുകള്‍ മെല്ലേപോക്ക് നയം സ്വീകരിച്ചതോടെ ഈ പദ്ധതിയും പാളി. 

നെല്ലാറച്ചാലില്‍ ആദിവാസികള്‍ക്കായി കണ്ടെത്തിയ സ്ഥലം കൃഷിക്കും താമസത്തിനും യോജിച്ചതായിരുന്നില്ലെന്ന് ആക്ഷേപവും അക്കാലത്ത് ഉണ്ടായിരുന്നു. ഇപ്പോള്‍ ദുരിതങ്ങള്‍ക്കു നടുവിലാണ് ചെറിയ ചീപ്രത്തെ കുടംബങ്ങള്‍ കഴിയുന്നത്. ഒരു കുടുംബത്തിനു പോലും ഇവിടെ വാസയോഗ്യമായ വീടില്ല. മുളയും മരക്കമ്പുകളും നാട്ടി പ്ലാസ്റ്റിക് മേഞ്ഞതാണ് കുടിലുകളില്‍ ഭൂരിഭാഗവും. ശൗചാലയങ്ങങ്ങളില്ലാത്തതിനാല്‍ റിസര്‍വോയറിനോടു ചേര്‍ന്ന കുറ്റിക്കാടുകളാണ് സ്ത്രീകളടക്കമുള്ളവര്‍ മല-മൂത്ര വിസര്‍ജനത്തിന് ആശ്രിയിക്കുന്നത്. ഭൂമി സ്വന്തമല്ലാത്തതിനാല്‍ വൈദ്യുതിയും ഇതുവരെ ലഭിച്ചിട്ടില്ല. 


 

click me!