ലഹരിക്കെതിരേ ബോധവത്ക്കരണം നടത്തിയ സ്കൂള്‍ പരിസരത്ത് നിന്ന് കഞ്ചാവ് പിടികൂടി

By web deskFirst Published Jul 5, 2018, 10:48 AM IST
Highlights
  • കഞ്ചാവും ഹുക്കയും ഇലക്‌ട്രോണിക് സിഗരറ്റും അടക്കം നിരവധി ലഹരി വസ്തുക്കൾ സ്കൂള്‍ പരിസരത്ത് നിന്ന് പിടികൂടി.

കാസര്‍കോട്:  ജില്ലാ പോലീസ് ചീഫ് ലഹരിക്കെതിരെ ക്ലാസെടുത്ത് മടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ സ്‌കൂള്‍ പരിസരത്ത് നടത്തിയ റെയ്ഡില്‍  പിടികൂടിയത് കഞ്ചാവും ഹുക്കയും ഇലക്‌ട്രോണിക് സിഗരറ്റും അടക്കം നിരവധി ലഹരി വസ്തുക്കൾ. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. ചെമ്മനാട് സ്വദേശി സഹീര്‍ അബ്ബാസ് (33) ആണ് അറസ്റ്റിലായത്. ചെമ്മനാട് സ്‌കൂള്‍ പരിസരത്തെ 'ഒഡ്ബുജെ' എന്ന കടയില്‍ നിന്നാണ് കഞ്ചാവും ലഹരി വസ്തുക്കളും പിടികൂടിയത്.

സ്‌കൂൾ പരിസരത്ത് നിന്നും നിരോധിത ലഹരി വസ്തുക്കൾ പിടികൂടിയ സംഭവം പോലീസ് വിവരിക്കുന്നത് ഇങ്ങനെ : ചെറുവത്തൂര്‍ മുതല്‍ മഞ്ചേശ്വരം വരെ സൈക്കിളില്‍ ലഹരിക്കെതിരെ ബോധവത്കരണ യാത്ര നടത്തിയ ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് ചെമ്മനാട് സ്‌കൂളില്‍ ബുധനാഴ്ച്ച  ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസെടുത്തിരുന്നു. ഇതിന് ശേഷം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്‌. കടയ്ക്ക് മുന്നിൽ ഡിസ്പ്ലെയ്ക്ക് വെച്ച ബാഗുകൾക്കുള്ളിലായിരുന്നു ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.

15 ഗ്രാം കഞ്ചാവ് പാക്കറ്റ്, കഞ്ചാവ് വലിക്കാനുള്ള  ഒ.സി.ബി പേപ്പറുകള്‍, എട്ടോളം ഹുക്കകള്‍, ചൂടുവെള്ളം കൂട്ടി ലഹരി നുണയുന്ന കെറ്റില്‍, ഇ- സിഗരറ്റ്, അതിന്‍റെ ചാര്‍ജര്‍ തുടങ്ങിയവയാണ് പിടികൂടിയത്. ഇ- സിഗറ്റ് മൊബൈല്‍ വഴിയും ചാര്‍ജ് ചെയ്യാന്‍ പറ്റുമെന്ന് പോലീസ് പറഞ്ഞു. മുംബൈയില്‍ നിന്നാണ് ഈ സാധനങ്ങളെല്ലാം എത്തുന്നത്‌. സ്‌കൂള്‍ കുട്ടികളെ മാത്രം ലക്ഷ്യമാക്കിയാണ് ഇത്തരം വസ്തുക്കള്‍ സ്‌കൂള്‍ പരിസരത്തെ കടകളില്‍ വില്‍പന നടത്തുന്നത്. 

വന്‍ സംഘം തന്നെ ഇത്തരം സാധനങ്ങള്‍ എത്തിക്കുന്നതിന് പിന്നില്‍ കാസർകോട്ട്  പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്നും ജില്ലാ പോലീസ് ചീഫ് ഡോ.ശ്രീനിവാസ്‌ പറഞ്ഞു. റൈഡിന് കാസർകോട് ടൗൺ സി.ഐ.അബ്ദുൽ റഹീം.എസ്.ഐ.അജിത് കുമാർ അഡീ. എസ് ഐമാരായ വേണുഗോപാല്‍, ബബീഷ്, പോലീസ് ഉദ്യോഗസ്ഥരായ ജീവന്‍ ദാസ്, മനു, തോമസ്, രൂപേഷ് എന്നിവർ നേതൃത്വം നൽകി.


 

click me!