
ഭോപാൽ: മകളോടുള്ള പ്രണയം തെളിയിക്കാന്‍ പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് സ്വയം നിറയൊഴിച്ചു. മധ്യപ്രദേശിലെ ഭോപാലില്‍ ബുധനാഴ്ച്ചയാണ് സംഭവം. 13 വര്‍ഷമായി അതുല്‍ ലോഖണ്ഡെയും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ മകളോടുള്ള സ്നേഹം തെളിയിക്കണമെങ്കില്‍ മരിച്ച് കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അതുൽ ലോഖണ്ഡെ (30) സ്വയം നിറയൊഴിച്ചതെന്ന് പോലീസ് പറഞ്ഞു.
''പലരും പ്രണയിക്കുന്നുണ്ടാകും. പക്ഷേ ഞാൻ നിന്നെ പ്രണയിക്കുന്നത് പോലെ ആരും ആരെയും പ്രണയിക്കുന്നുണ്ടാകില്ല. എനിക്ക് നിന്നെ മറക്കാൻ കഴിയില്ല, നീ എന്‍റെതാണ്. ഞാനെന്നും നിന്നെ സ്നേഹിക്കും... മരിച്ചാലും അതങ്ങനെ തന്നെയായിരിക്കും. എല്ലാ കമിതാക്കളും അവരുടെ ഹൃദയമാണ് നൽകുക. പക്ഷേ, ഞാനെന്‍റെ ജീവനാണ് നൽകുന്നത്'' - പ്രണയം തെളിയിക്കാൻ കാമുകിയുടെ വീടിന് മുന്നിൽ സ്വയം വെടിയുതിര്‍ത്തിർക്കുന്നതിന് മുമ്പ് യുവമോർച്ചാ നേതാവ് അതുൽ ലോഖണ്ഡെ (30) ഫെയ്സ്ബുക്കിൽ കുറിച്ചതാണിത്.
പെൺകുട്ടിയുടെ അച്ഛനെ കാണാനെത്തിയതായിരുന്നു അതുൽ. ഇരുവരും തമ്മിൽ തർക്കമുണ്ടായി. മകളോടുള്ള പ്രണയം തെളിയിക്കാൻ മരിച്ച് കാണിക്കാൻ പെൺകുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടു. തുടർന്ന് അതുൽ വീടിന് പുറത്തിറങ്ങി സ്വന്തം ശരീരത്തിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതുലിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ കേസെടുത്തതായി ഭോപാൽ പൊലീസ് സൂപ്രണ്ട് രാഹുൽ ലോധ അറിയിച്ചു.
''വൈകുന്നേരം വീട്ടിലേക്ക് വരാൻ അവളുടെ അച്ഛൻ എന്നെ ക്ഷണിച്ചു. തന്‍റെ മകളോടുള്ള പ്രണയം തെളിയിക്കാൻ മരിച്ച് കാണിക്കാൻ ആവശ്യപ്പെട്ടു. ഞാൻ അതിജീവിക്കുകയാണെങ്കിൽ മകളെ വിവാഹം കഴിച്ചുതരാമെന്ന് അയാള്‍ പറഞ്ഞു. ഞാനിപ്പോൾ അവളുടെ വീടിന് മുന്നിലാണുള്ളത്. ഞാൻ മരിച്ചാൽ എന്നെ ഇവിടെ നിന്നും എടുത്തുമാറ്റുക, അല്ല ജീവിക്കുകയാണെങ്കിൽ ഞാൻ തിരിച്ചുവരും.'' എനിക്ക് അവളില്ലാതെ ജീവിക്കാനാവില്ല. അതുകൊണ്ട് ഞാൻ പോകുന്നുവെന്നും അതുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. പോസ്റ്റിനൊപ്പം യുവതിയുമൊത്തുള്ള നാൽപ്പതോളം ചിത്രങ്ങളും അതുൽ പങ്കുവെച്ചിട്ടുണ്ട്.