
കാസര്‍കോട്: ജീവിത പങ്കാളിയുടെ പേര് സുബൈദ, പാട്ടില്ലത്ത് അബൂബക്കര്‍ തന്‍റെ എഴുത്തിന്‍റെ പങ്കാളിയായി ഒപ്പം കൂട്ടിയത് ഈ പേരിനെയാണ്. ജീവിതത്തിന്റെ പൊള്ളുന്ന നിമിഷങ്ങളെ ലോകത്തിന്‍റെ പലഭാഗങ്ങളില്‍ ചെന്ന് സുബൈദ എന്ന പേരില്‍ എഴുതിയ അബൂബക്കര്‍ എന്ന എഴുപതുകാരന്‍ ഇന്ന് വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുകയാണ്.
ദേശീയ പാതയോരത്തെ നീലേശ്വരം തോട്ടത്തിനടുത്തു ഭാര്യയുടെ പേരിലുള്ള അഞ്ചുസെന്റിലെ വീട്ടില്‍ ഇദ്ദേഹവും ഭാര്യ സുബൈദയും മാത്രമാണുള്ളത്. കേരള സാഹിത്യ അക്കാദമി മാസം നല്‍കുന്ന ആയിരത്തി അഞ്ഞൂറ് രൂപ മാത്രമാണ് ഏക വരുമാന മാര്‍ഗ്ഗം.
വരയ്ക്കും സാഹിത്യത്തിനും വേണ്ടി തന്റെ യവ്വനകാലം മാറ്റിവച്ച് പാവപ്പെട്ട മനുഷ്യരുടെ ജീവിതം വരകളിലൂടെയും എഴുത്തിലൂടെയും വിളിച്ച് പറഞ്ഞ സുബൈദ നീലേശ്വരം എന്ന അബൂബക്കര്‍ തലച്ചോറില്‍ രക്തംകട്ട പിടിച്ച് ഓര്‍മകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ഈ രോഗാവസ്ഥയെക്കുറിച്ച് അദ്ദേഹം ഇതുവരെയും മനസ്സിലാക്കിയിട്ടില്ല.
ഇനിയും ഒരുപാട് സഞ്ചരിക്കണമെന്നും എഴുതണമെന്നുമാണ് അദ്ദേഹത്തിന്റെ ആഗ്രഹം. കൈവഴങ്ങാത്തതും കാലിന് ബലക്ഷയം വന്നതും എഴുതാനും യാത്രചെയ്യാനും പറ്റാതെയായി. ഒരു കാലത്ത് സൗഹൃദം ഏറ്റവും വലിയ സമ്പാദ്യമായി നടന്ന മനുഷ്യനെ ഇന്ന് ആര്‍ക്കും വേണ്ടാതെയായി. വിരലിലെണ്ണാവുന്നവര്‍ മാത്രം വന്നുപോകാറുണ്ടെന്ന് അബൂക്ക പറയുന്നു. അതില്‍ ദുഖമുണ്ടോ എന്ന ചോദ്യത്തിന് ഉള്ളില്‍ സങ്കടമുള്ളിലൊതുക്കി ഒരു മൂളല്‍മാത്രമാണ് മറുപടി.
അലമി, ജയില്‍കുറിപ്പുകള്‍, നഗ്‌നശരീരം, പരിപ്പ് മുറിക്കുന്ന കത്തി, ഹരിദ്വാര്‍ തുടങ്ങിയ ഇരുപതിലധികം പുസ്തകങ്ങള്‍ അബൂക്ക എഴുതിയിട്ടുണ്ട്. കരിനാഗം എന്ന ചെറുകഥ കണ്ണൂര്‍ സര്‍വ്വകലാശാല എം.എ. മലയാളം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുമുണ്ട്. 1970ല്‍ ചന്ദ്രികാ വാരികയിലായിരുന്നു ആദ്യ ജോലി. പിന്നീട് മാധ്യമം, ദീപിക, ഗ്രീന്‍ കേരള മാസിക എന്നിവിടങ്ങിലും ഇന്ത്യയുടെ പുറത്ത് നിന്നും ഇറങ്ങുന്ന ആദ്യ മലയാള പത്രമായ മലയാളം ന്യൂസിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
അക്ഷരങ്ങളെ ജീവിതമര്‍ഗ്ഗമാക്കി ഉടനീളം കൊണ്ടുനടന്ന മനുഷ്യനെ സാഹിത്യലോകം പോലും വേണ്ട രീതിയില്‍ പരിഗണിച്ചില്ല. ആഹാരത്തിനോ ചികിത്സയ്‌ക്കോ വകയില്ലാത്ത അവസ്ഥയിലാണിപ്പോള്‍ സുബൈദ നീലേശ്വരം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ മാനിച്ചു 2011ല്‍ ജില്ലാഭരണകൂടം അബൂബക്കറിനെ ആദരിച്ചിരുന്നു.