
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ആളെ തടഞ്ഞു നിര്‍ത്തി പണം തട്ടിയെടുത്ത സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. തോട്ടുമുക്കം ചുണ്ടയൻ കുന്നിൽ ഹുസൈൻ (52) ആണ് പിടിയിലായത്. മീഞ്ചന്ത ചെമ്മരശേരി പറമ്പ് ഫിറോസിന്‍റെ പണമാണ് രണ്ടംഗ സംഘം ആസൂത്രിതമായി തട്ടിയെടുത്തത്. പുതിയ ബസ് സ്റ്റാൻഡിൽ നിന്നും മരുന്നും വാങ്ങി എസ്.കെ. ടെംബിൾ റോഡ് വഴി മാനാഞ്ചിറയിലേക്ക് പോകുകയായിരുന്നു ഫിറോസ്.
ഗംഗ തിയറ്ററിന് സമീപം എത്തിയപ്പോൾ രണ്ടുപേർ തടഞ്ഞ് നിർത്തി. ഒരാൾ പിടിച്ച് വച്ച് മറ്റേയാൾ ഷർട്ടിന്‍റെ പോക്കറ്റിൽ നിന്നും 2,580 രൂപ അടങ്ങിയ പേഴ്സ് പിടിച്ചു പറിച്ച് ഫിറോസിനെ ഉന്തിയിട്ട് പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ഓടിപ്പോയി. ബഹളം വച്ച് പിന്നാലെ ഓടിയ ഫിറോസ് സമീപത്തുള്ള ഓട്ടോ ഡ്രൈവർമാരുടെയും മറ്റും സഹായത്താൽ പിടിച്ച് പറി നടത്തിയതിൽ ഒരാളായ ഹുസൈനെ പിടികൂടുകയായിരുന്നു.
ഇതിന് ശേഷം പൊലീസില്‍ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കസബ സബ് ഇൻസ്പെക്ടര്‍ സിജിത്ത് .വി യുടെ നേതൃത്വത്തിലെത്തിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ കയ്യിൽ നിന്ന് ഫിറോസിന്‍റെ പഴ്സസും പണവും കണ്ടെടുത്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിലെ രണ്ടാം പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. നഗരത്തിൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ പോക്കറ്റ് റോഡുകൾ കേന്ദ്രീകരിച്ച് നടക്കുന്നതായും പ്രതികളെ തിരിച്ചറിഞ്ഞതായും ഉടനെ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.