കടുവാസങ്കേതം മേധാവി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

By Web DeskFirst Published Mar 3, 2018, 10:53 PM IST
Highlights
  • കാട്ടുതീ ഉണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ആനക്ക് മുമ്പില്‍ അകപ്പെടുകയായിരുന്നു

വയനാട്: കര്‍ണാടകയിലെ കടുവാസങ്കേതം മേധാവിയെ കാട്ടാന ചവിട്ടിക്കൊന്നു. നാഗര്‍ ഹോള കടുവ സങ്കേതം ഡെപ്യുട്ടി കണ്‍സര്‍വേറ്റസറും( ഡി.സി.എഫ്) ഫീല്‍ഡ് ഡയറക്ടറുമായ മണികണ്ഠന്‍ (48) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഡി.ബി കുപ്പറേഞ്ചിലെ ബെള്ള ഫോറസ്റ്റിലെ കാക്കന്‍കോട്ടൈ കബനി തീരത്താണ് ആന ഇദ്ദേഹത്തെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം കാട്ടുതീ ഉണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ആനക്ക് മുമ്പില്‍ അകപ്പെടുകയായിരുന്നു.

തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം ചവിട്ടി കൊല്ലുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. പത്ത് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ചിലര്‍ക്ക് നിസാര പരിക്കേറ്റു. മൃതദേഹം എച്ച്.ഡി കോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച മൈസൂര്‍ കെ.ആര്‍ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തും. തമിഴ്നാട് മധുരൈ സ്വദേശിയായ ഇദ്ദേഹം 2001 ഐ.എഫ്.എസ് ബാച്ചുകാരനാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.
 

click me!