
ബത്തേരി: വിപണനമേളകളിലും മറ്റും മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാരേറെയാണെങ്കിലും വയനാട്ടിലെ മണ്‍പാത്ര നിര്‍മാണ രംഗത്ത് ഗുരുതര പ്രതിസന്ധി. വിപണന മേളകളില്‍ മണ്‍പാത്രങ്ങള്‍ക്ക് മാന്യമായ വിലയും ലഭിക്കും. എന്നിട്ടും ജില്ലയിലെ മണ്‍പാത്രനിര്‍മാണ തൊഴിലാളികള്‍ക്ക് കഷ്ടകാലമാണ്. വിറകിന് പൊള്ളുന്ന വിലയും പലവിധ നിയന്ത്രണങ്ങളാല്‍ കളിമണ്ണിന് നേരിടുന്ന ക്ഷാമവുമാണ് ഈ മേഖലയില്‍ ജോലിയെടുക്കുന്ന കുടുംബങ്ങളെ വലക്കുന്നത്.
മുന്‍കാലങ്ങളില്‍ വയലുകളില്‍ നിന്ന് കളിമണ്ണെടുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളില്ലായിരുന്നു. ഈ മേഖലയിലെ കുത്തകകളെ നിയന്ത്രിക്കാന്‍ കൊണ്ടുവന്ന നെല്‍വയല്‍തണ്ണീര്‍ത്തട നിയമം അടക്കമുള്ളവ സാധാരണക്കാരായ തങ്ങളെയാണ് കൂടുതലും ബാധിച്ചതെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്ക് വായ്പ എടുത്തും മറ്റും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചെറുകിട നിര്‍മാണ യൂണിറ്റുകള്‍ ആരംഭിച്ചവര്‍ തിരിച്ചടവിനുള്ള പണം കണ്ടെത്താന്‍ പ്രയാസപ്പെടുകയാണിപ്പോള്‍.
നിലവില്‍ കളിമണ്ണ് ലഭിക്കുന്നതിന് റവന്യൂ, മൈനിങ് ആന്റ് ജിയോളജി, പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള അന്വേഷണ റിപ്പോര്‍ട്ട് ജില്ല കല്ടര്‍ക്ക് എത്തണം. എന്നാല്‍ ഇത്രയും സ്ഥാപനങ്ങളില്‍ കയറിയിറങ്ങി അനുമതി ലഭിക്കുമ്പോഴേക്കും മാസങ്ങള്‍ പിന്നിട്ടിരിക്കും. ഇത് കാരണം പലരും ഇതിന് മിനക്കെടാറില്ല. പുതിയ തലമുറ മണ്‍പാത്ര നിര്‍മാണ താഴിലിലേക്ക് എത്താതിരിക്കാന്‍ അനാവശ്യ നിയന്ത്രണങ്ങളും കാരണമായിട്ടുണ്ടെന്നും തൊഴിലാളികള്‍ വിലയിരുത്തുന്നു