വിനായകന്‍റെ വേര്‍പാടിന് ഒരാണ്ട്; കുടുംബം മുഴുപട്ടിണിയില്‍

വത്സന്‍ രാമംകുളത്ത് |  
Published : Jul 18, 2018, 01:11 PM ISTUpdated : Oct 02, 2018, 04:21 AM IST
വിനായകന്‍റെ വേര്‍പാടിന് ഒരാണ്ട്; കുടുംബം മുഴുപട്ടിണിയില്‍

Synopsis

സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് മാത്രമല്ല നിത്യവൃത്തിക്ക്‌ പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് വിനായകന്‍റെ കുടുംബം.

തൃശൂര്‍:  കേരളത്തിന്‍റെ രാഷ്ട്രീയ മണ്ഡലത്തില്‍ കോളിളക്കം സൃഷ്ടിച്ച വിനായകന്‍റെ വേര്‍പാടിന് ഇന്ന് ഒരാണ്ട്. രാഷ്ട്രീയ മുതലെടുപ്പുകളും ആവേശങ്ങളും കെട്ടടങ്ങിയപ്പോള്‍ വിനായകന്‍റെ കുടുംബം മുഴുപട്ടിണിയിലേക്ക് കൂപ്പുകുത്തി. 

കസ്റ്റഡിയിലെടുത്ത ശേഷം പൊലീസിന്‍റെ ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടിവന്ന ഏങ്ങണ്ടിയൂര്‍ ചക്കാണ്ടന്‍ കൃഷ്ണന്‍ മകന്‍ വിനായകന്‍ വീട്ടില്‍ വന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. വീട്ടുകാരുടെ വഴക്കും അവഗണനയുമാണ് വിനായകന്‍റെ ആത്മഹത്യക്ക് പ്രേരണയായതെന്നായിരുന്നു ഇതുസംബന്ധിച്ച പൊലീസ് വിശദീകരണം. എന്നാല്‍, പൊലീസിനും ഭരണകൂടത്തിനുമെതിരെയായിരുന്നു പൊതുവികാരം. വലിയ പ്രതിഷേധമാണ് വിനായകന്‍റെ ദാരുണ അന്ത്യത്തിന്‍റെ പശ്ചാത്തലത്തിലുണ്ടായത്.

വിനായകനും സുഹൃത്ത് ശരത്തും ബൈക്കില്‍ പോകുന്നതിനിടെ വഴിയില്‍ കണ്ട പരിചയക്കാരിയോട് സംസാരിച്ച് നില്‍ക്കുമ്പോഴാണ് ഇതുവഴി ബൈക്കില്‍ വന്ന പാവറട്ടി സ്‌റ്റേഷനിലെ പൊലീസുകാര്‍ ഇരുവരെയും സ്‌റ്റേഷനില്‍ കൊണ്ടുപോയത്. സ്‌റ്റേഷനില്‍ വെച്ച് വിനായകന്‍റെ തലമുടി പിഴുതെടുക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

 വൈകീട്ട് പിതാവ് കൃഷ്ണന്‍ എത്തിയാണ് സ്‌റ്റേഷനില്‍ നിന്ന് വിനായകനേയും ശരത്തിനേയും കൂട്ടിക്കൊണ്ടുപോയത്. വിനായകന്‍റെ ശരീരം മുഴുവനും വേദനയിലായിരുന്നു. പിറ്റേന്ന് രാവിലെയാണ് വിനയാകന്‍ തൂങ്ങിമരിച്ചത്. സംഭവ ശേഷം സി.ബി.ഐ അന്വേഷണവും സഹായവും ആവശ്യപ്പെട്ട് കുടുംബക്കാര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ അന്വേഷണവും നടന്നില്ല. വിനായകനെ മര്‍ദിച്ച പൊലീസുകാര്‍ സസ്‌പെന്‍ഷന് ശേഷം സര്‍വിസില്‍ തിരിച്ചുകയറി. 

ഇന്നിപ്പോള്‍ സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് മാത്രമല്ല നിത്യവൃത്തിക്ക്‌ പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് വിനായകന്‍റെ കുടുംബം. ചേറ്റുവ ഹാര്‍ബറിലെ തൊഴിലാളിയായ പിതാവ് കൃഷ്ണന് ട്രോളിങ് നിരോധനത്തെത്തുടര്‍ന്ന് ആഴ്ചകളായി പണിയില്ല. മൂത്തമകന്‍ ഇലക്ട്രീഷ്യനായ വിഷ്ണുവിനും പണിയില്ലാതായി. കെപിസിസിക്ക് വേണ്ടി രമേശ് ചെന്നിത്തല നല്‍കിയ അഞ്ച് ലക്ഷം രൂപ മാത്രമാണ് കുടുംബത്തിന് ആശ്വാസമായത്. വിനായകന്‍റെ കുടുംബത്തോട് നീതികാണിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച്  ഇന്ന് ചരമവാര്‍ഷിക ദിനത്തില്‍ ഏങ്ങണ്ടിയൂര്‍ തുഷാര സെന്‍ററിനടുത്തുള്ള വീട്ടുപരിസരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി 'വിനായകന്‍ ഓര്‍മദിനം' സംഘടിപ്പിക്കുന്നുണ്ട്. 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ