
തിരുവനന്തപുരം: കരിങ്കലിന്റെ ലഭ്യത കുറവ് കാരണം പ്രതിസന്ധി നേരിടുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിന് കൈയൊന്നിന് ഒരു കല്ലുമായി വിഴിഞ്ഞം മദര്‍ പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ വിഴിഞ്ഞത്തേക്ക്. പദ്ധതിക്കാവശ്യമായ പാറകള്‍ ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന്റെ ഭാഗമായി കല്ലുശേഖരണ പരിപാടിയാണ് സമിതി ആരംഭിച്ചിരിക്കുന്നത്. ലോകത്തിന്റെ ഏതു ഭാഗത്തിരിക്കുന്ന ജനങ്ങള്‍ക്കും ഈ പദ്ധതിക്കായി ഒരു ചെറിയ കല്ലെങ്കിലും സംഭാവന ചെയ്യാവുന്നതാണെന്നും കൗണ്‍സില്‍ പറഞ്ഞു.
ഇനി വരുന്ന ദിവസങ്ങളില്‍ അത്തരത്തില്‍ കല്ലുകള്‍ ശേഖരിക്കുന്നതും ഫെബ്രുവരി 10 ന് ശേഖരിച്ച കല്ലുകളുമായി സെക്രെട്ടറിയറ്റു നടയില്‍ ഒത്തു കൂടുന്നതുമാണ്. അവിടെ നിന്നും കല്ലുകള്‍ വാഹന ജാഥയായി പദ്ധതി പ്രദേശത്തു എത്തിക്കുന്നതും ബ്രേക്ക് വാട്ടര്‍ സ്ഥലത്തു നിക്ഷേപിക്കാനാണ് ലക്ഷ്യം. ഇത് കടലില്‍ കായം കലക്കുന്നതു പോലെയാണെന്നറിയാമെന്നും ഈ പദ്ധതിയില്‍ ലോകം മുഴുവനുമുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ഒപ്പം അടിയന്തിരമായി സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം എന്ന മുന്നറിയിപ്പ് നല്‍കുകയുമാണ് ലക്ഷ്യമെന്നും വിഴിഞ്ഞം മദര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ അംഗം ഏലിയാസ് ജോണ്‍ പറഞ്ഞു.
നിലവില്‍ ഒമാന്‍, സിംഗപ്പൂര്‍, ഇറാന്‍ ഉള്‍പ്പെടെയുളള വിദേശ രാജ്യങ്ങളില്‍ ജോലി നോക്കുന്ന മലയാളികളും കേരളത്തിന് പുറത്തു താമസിക്കുന്ന മലയാളിയികളും തങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായുള്ള കല്ലുകള്‍ സംഘാടകര്‍ക്ക് അയക്കാം എന്ന് അറിയിച്ചു കഴിഞ്ഞതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. 2015 ഡിസംബര്‍ 5 ന് നിര്‍മ്മാണം ആരംഭിച്ച വിഴിഞ്ഞം മദര്‍ പോര്‍ട്ട് നേരിടുന്ന പ്രതിസന്ധിക്കെതിരേയാണ് പരിപാടി.
നിര്‍മ്മാണം ആരംഭിച്ച് 1000 ദിവസത്തിനുള്ളില്‍ ആദ്യത്തെ കപ്പല്‍ വിഴിഞ്ഞത്തടുപ്പിക്കാന്‍ കഴിയും എന്ന വാഗ്ദാനമാണ് കരാര്‍ ഏറ്റെടുത്ത അദാനി ഗ്രൂപ് അന്നു നല്‍കിയത്. ആദ്യ ദിവസങ്ങളില്‍ അത്തരം ലക്ഷ്യം വച്ചുകൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനം നമുക്ക് കാണാനും സാധിച്ചിരുന്നു. അതിന്റെ ഫലമായി നാളിതുവരെയായി 100 ഓളം പൈലിംഗുകള്‍ , 2200 അക്രോപോഡുകള്‍ , 80% ഡ്രെഡ്ജിങ് എന്നിവ പൂര്‍ത്തിയാക്കി. വൈദ്യുതി സബ് സ്റ്റേഷന്‍, പോര്‍ട്ട് റോഡ് എന്നിവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.
എന്നാല്‍ പദ്ധതിയുടെ നട്ടെല്ലായ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം കേവലം 390 മീറ്റര്‍ മാത്രമാണ് അദാനി ഗ്രൂപ്പിന് നടത്താന്‍ കഴിഞ്ഞത്. 3.1 കിലോ മീറ്റര്‍ ബ്രേക്ക് വാട്ടര്‍ പൂര്‍ത്തിയാക്കേണ്ട സ്ഥാനത്താണ് ഈ മെല്ലെപ്പോക്ക് സംഭവിച്ചിരിക്കുന്നത്. കല്ലിന്റെ ലഭ്യതക്കുറവാണ് പ്രധാന തടസ്സമായി ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത് . അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണോ, നിര്‍മ്മാണം ഏറ്റെടുത്ത കമ്പനിക്കാണോ എന്ന തര്‍ക്കം ഇപ്പോഴും തുടരുകയാണ് .