പുനരധിവാസം നടപ്പായില്ല; ദുരിതക്കാടിന് നടുവില്‍ ചെട്ട്യാലത്തുകാര്‍

Web Desk |  
Published : May 30, 2018, 01:09 PM ISTUpdated : Jun 29, 2018, 04:27 PM IST
പുനരധിവാസം നടപ്പായില്ല; ദുരിതക്കാടിന് നടുവില്‍ ചെട്ട്യാലത്തുകാര്‍

Synopsis

ജീവന്‍ ബലിയര്‍പ്പിച്ച പോലെ ജീവിതം വനത്തിന് പുറത്തേക്ക് താമസം മാറ്റുന്നതിനുള്ള കാത്തിരിപ്പ് ഇന്നും അനന്തമായി നീളുകയാണ്

വയനാട്: വന്യമൃഗശല്യത്തില്‍ വലഞ്ഞ് വനത്തിന് നടുവിലെ ചെട്ട്യാലത്തൂര്‍ നിവാസികളുടെ ദുരിതജീവിതം തുടരുന്നു. വനത്തിന് പുറത്തേക്ക് താമസം മാറ്റുന്നതിനുള്ള ഇവരുടെ കാത്തിരിപ്പ് ഇന്നും അനന്തമായി നീളുകയാണ്. പുനരധിവാസ പദ്ധതിക്കായി അധികൃതരുടെ കൈയ്യില്‍ തുക നീക്കവെക്കാനില്ലാത്തതാണ് ഈ ഗ്രാമീണര്‍ക്ക് തിരിച്ചടിയായത്. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിലാണ് നല്ല റോഡുകളോ വൈദ്യുതിയോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത ചെട്ട്യാലത്തൂര്‍ ഗ്രാമം. ഇവിടെയുള്ള 230 കുടുംബങ്ങള്‍ക്കായി 18.48 കോടി രൂപ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അനുവദിച്ചിരുന്നു. ഈ തുക ജില്ല ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ പിന്നീട് വന്ന ട്രഷറി നിയന്ത്രണം കാരണം ഈ പണം വിനിയോഗിക്കാനായില്ല.

ഇതിനിടെ ട്രഷറി അക്കൗണ്ടിലെ പണം ധനവകുപ്പ് ജനുവരി ഒന്നിന് പിന്‍വലിക്കുകയും ചെയ്തു. ജനപ്രതിനിധികളടക്കം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തുക തിരികെ നിക്ഷേിച്ചെങ്കിലും വീണ്ടും പിന്‍വലിക്കുകയായിരുന്നു. സ്വയം സന്നദ്ധ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക ജില്ലാ കലക്ടറുടെയും ഐ.ടി.ഡിപി പ്രൊജക്ട് ഓഫീസറുടെ സംയുക്ത അക്കൗണ്ടില്‍ നിക്ഷേപിച്ചത് നേരത്തെ വിവാദമായിരുന്നു. 2011ല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച മാര്‍ഗരേഖയനുസരിച്ച് ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ ജില്ലാ കലക്ടറുടെ അക്കൗണ്ടിലാണ് പണം നിക്ഷേപിക്കേണ്ടിയിരുന്നത്.

2016 വരെ ഈ രീതിയാണ് പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ഈ മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമായി സംയുക്ത അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത് പദ്ധതി അട്ടിമറിക്കാനായിരുന്നുവെന്ന് ചെട്ട്യാലത്തൂര്‍ പുനരധിവാസ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. അതേസമയം, പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം ലോകസഭയിലും രാജ്യസഭയിലും തെറ്റിദ്ധാരണജനകമായ റിപ്പോര്‍ട്ട് ആണ് നല്‍കിയത്. ഇരുസഭകളിലും വിഷയം ഉന്നയിച്ചപ്പോള്‍ പുനരധിവാസം നടന്നെന്ന കാര്യമാണ് മന്ത്രാലയം രേഖാമൂലം അറിയിച്ചത്. കൈവശഭൂമിയുടെയും മറ്റും പ്രമാണങ്ങളും തുക കിട്ടിയതായി സമ്മതിച്ച് മുദ്രപ്പത്രത്തിലെഴുതിയ സത്യവാങ്മൂലവും ഗുണഭോക്തൃ കുടുംബങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് വനംവകുപ്പിന് കൈമാറിയിരുന്നു. അതിനാല്‍ തന്നെ കൈവശഭൂമിയില്‍ നിയമപരമായ അവകാശം ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. 

നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ചെട്ട്യാലത്തൂര്‍ പ്രദേശത്ത് ജീവിക്കുന്നയെന്നത് നാള്‍ക്കുനാള്‍ ദുഷ്‌കരമായി വരികയാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. കൃഷിയായിരുന്നു പലരുടെയും ഉപജീവനമാര്‍ഗം. എന്നാല്‍ കാടിന്റെ മാറ്റം ഇവരുടെ കൃഷി തീര്‍ത്തും ഇല്ലാതാക്കിയെന്നു തന്നെ പറയാം. നെല്‍കൃഷിയാണെങ്കില്‍ മാന്‍കൂട്ടങ്ങളും പന്നിയും നശിപ്പിക്കും. വാഴവെച്ചാല്‍ ആനയിറങ്ങും. കുലച്ച വാഴകളാണെങ്കില്‍ കിളികളുടെയും മറ്റും ശല്യവുമുണ്ടാകും. കാട്ടില്‍ തീറ്റയില്ലാതെയായതോടെയാണ് മൃശല്യം രൂക്ഷമായതെന്ന് ഗ്രാമവാസികള്‍ പറയുന്നു. വനത്തിന് പുറത്തേക്ക് എത്താന്‍ ഇവര്‍ക്ക് രണ്ടര കിലോമീറ്റര്‍ കൊടുംകാടിലൂടെ യാത്ര ചെയ്യണം. എന്നാല്‍ വാഹനത്തിലാണെങ്കില്‍ പോലും ഇത് അത്യന്തം ദുഷ്‌കരമാണ്. എല്‍.പി സ്‌കൂള്‍ ഗ്രാമത്തിലുള്ളതാണ് ഇവര്‍ക്ക് വലിയ ആശ്വാസം. എന്നാല്‍ നാലാം ക്ലാസ് കഴിഞ്ഞാല്‍ കുട്ടികളെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കുകയോ വാഹനത്തില്‍ പുറത്തെ സ്‌കൂളുകളില്‍ കൊണ്ടുപോയി തിരികെ കൊണ്ടുവരികയും വേണം. ഈ ദുരിതങ്ങളില്‍ നിന്നെല്ലാമുള്ള മോചനമായിരുന്നു പുനരധിവാസ പദ്ധതിയിലൂടെ ഇവര്‍ പ്രതീക്ഷിക്കുന്നത്. 

PREV
click me!

Recommended Stories

നിയന്ത്രണം വിട്ട സ്വകാര്യ ബസ് ദേശീയപാതയില്‍ നിന്നും തെന്നി മാറി
കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയുടെ കൊലപാതകം;പ്രതിയെ പിടികൂടിയത് ഇങ്ങനെ