ജോലിയില്‍ അലസത കാണിച്ചാല്‍ പിരിച്ച് വിടുമെന്ന് ഭീഷണിപ്പെടുത്തിയ മാനേജരെ യുവാവ് തലയ്ക്കടിച്ചു കൊന്നു

By Web DeskFirst Published Feb 26, 2018, 6:03 PM IST
Highlights

കാസർകോട്: കരിന്തളം കുമ്പളപ്പള്ളി ചൂരപ്പടവിൽ എസ്റ്റേറ്റ് മാനേജർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തമിഴ് നാട് ഗൂഡല്ലൂർ സ്വദേശി പാർഥിവ് എന്ന രമേശൻ (20) ആണ് കൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തു.

ശനിയാഴ്ച രാത്രിയാണ് കുമ്പളപ്പള്ളിയിലെ കരിമ്പിൽ എസ്റ്റേറ്റ് മാനേജർ കാലിച്ചാമരം പള്ളപ്പാറയിലെ പയങ്ങ പാടാൻ ചിണ്ടൻ(77) എസ്റ്റേറ്റിൽ വച്ച് കൊല്ലപ്പെട്ടത്. ടാപ്പിംഗ് തൊഴിലാളിയായ രമേശും മാനേജർ ചിണ്ടനും തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ എത്തിയത്. ജോലിയിൽ അലസതയും തട്ടിപ്പും നടത്തി വന്നിരുന്ന രമേശനെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് മാനേജർ പറഞ്ഞിരുന്നു. ഒരുമാസം മുൻപാണ് രമേശൻ കുമ്പളപ്പള്ളി എസ്റ്റേറ്റിൽ ജോലിക്കെത്തിയത്. രമേശന്റെ അച്ഛനും അമ്മയും വര്‍ഷങ്ങളായി കരിമ്പിൽ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളികളാണ്‌ ഈ ബന്ധത്തിലാണ് അമ്മാവൻ ലോകേഷും രമേശനും ഇവിടെ ജോലിക്കെത്തിയത്.

ശനിയാഴ്‌ച തൊഴിലാളികൾക്കുള്ള ശമ്പളം നൽകി ചിണ്ടൻ വീട്ടിലേക്ക് മടങ്ങവെ ചൂരപ്പടവ് വളവിൽ വച്ചു ചിണ്ടനെ രമേശ് വടികൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. കല്ലുകൊണ്ട് തലയിൽ അടിക്കുകയും കുറ്റിക്കാട്ടിലേക്ക് തള്ളിയിടുകയുമായിരുന്നു. അതിനുശേഷം ചിണ്ടന്റെ കയ്യിലുണ്ടായിരുന്ന 13,000,രൂപയുമായി പ്രതിയായ രമേശൻ അമ്മ താമസിക്കുന്ന എസ്റ്റേറ്റിലെ വീട്ടിലെത്തുകയായിരുന്നു. 

സംഭവത്തിന് ശേഷം പോലീസ് ചോദ്യം ചെയ്യലില്‍ രമേശൻ പരസ്പര വിരുദ്ധമായ മറുപടി നൽകിയതായിരുന്നു കേസില്‍ വഴിത്തിരിവായത്. 
പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ തിങ്കളാഴ്ച കുമ്പളപ്പള്ളിയിൽ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചു. പ്രതിക്ക് നേരെ കയ്യേറ്റം ഉണ്ടായതോടെ വെള്ളരിക്കുണ്ട് സി.ഐ.എം.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഗം ഏറെ പണിപ്പെട്ടാണ് സംഭവസ്ഥലത്തു നിന്നും പ്രതിയുമായി മടങ്ങിയത്. തുടർന്ന് ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമൺ സ്ഥലം സന്ദർശിച്ചു. അറസ്റ്റിലായ രമേശനെ പോലീസ് കോടതിയിൽ ഹാജരാക്കി.
 

click me!