
1, പുട്ടും കടലയും-
രുചികരമായ പ്രഭാത ഭക്ഷണവിഭവങ്ങള്‍ക്ക് പേരുകേട്ടതാണ് ദക്ഷിണേന്ത്യ. അതില്‍ കേരളം ഒട്ടും പിന്നിലല്ല. ഇതില്‍ കേരളത്തിന്റെ തനത് വിഭവങ്ങളില്‍ ഏറ്റവും സവിശേഷമായ കോംബിനേഷനാണ് പുട്ടും കടലയും. അരിപ്പൊടിയും തേങ്ങാ തിരുകിയതും ഉപയോഗിച്ച് ആവിയിലാണ് പുട്ട് തയ്യാറാക്കുന്നത്. കടലയും തേങ്ങയും മുളകും ഉപയോഗിച്ചാണ് കടലക്കറി തയ്യാറാക്കുന്നത്.
2, അപ്പം-സ്റ്റ്യൂ-
കേരളത്തില്‍നിന്നുള്ള മറ്റൊരു സ്വാദിഷ്‌ഠമായ പ്രഭാതഭക്ഷണമാണ് അപ്പവും സ്റ്റ്യൂവും. അരി ആട്ടി, അതില്‍ തേങ്ങാപ്പാലും കള്ളും ചേര്‍ത്താണ് അപ്പം ഉണ്ടാക്കുന്നത്. സ്റ്റ്യൂ ആണ് അപ്പത്തിന്റെ കോംബിനേഷന്‍ കറി. ഇത് വെജിറ്റേറിയനായോ നോണ്‍ വെജ് ആയോ തയ്യാറാക്കാം. നോണ്‍ വെജ് സ്റ്റ്യൂവില്‍ ഏറ്റവും ശ്രദ്ധേയം മട്ടണ്‍ ഉപയോഗിച്ചുള്ളതാണ്.
3, ചോറും മീന്‍കറിയും-
കേരളത്തിന്റെ തനത് ഉച്ച ഭക്ഷണമാണ് ചോറും മീന്‍കറിയും. ചോറിനൊപ്പം തൊട്ടുകൂട്ടാനായ അവിയല്‍, തോരന്‍, ഉപ്പേരി, ഓലന്‍, വിവിധയിനം അച്ചാറുകള്‍, വിവിധതരം പച്ചടികള്‍, ഇഞ്ചിക്കറി എന്നിവയും ഒഴിച്ചുകൂട്ടാനായി പരിപ്പ് കറി, സാമ്പാര്‍, രസം, പുളിശേരി, പച്ചമോര് എന്നിവയൊക്കെ ഉണ്ടാകും. ഇനി വിശേഷ അവസരങ്ങളാണെങ്കില്‍ വിവിധയിനം പായസവും ഉണ്ടാകും.
4, കരിമീന്‍ പൊള്ളിച്ചത്-
വിദേശികളെയും തദ്ദേശീയരെയും ഏറെ ആകര്‍ഷിക്കുന്ന കേരള വിഭവമാണ് കരിമീന്‍ പൊള്ളിച്ചത്. ആലപ്പുഴ-കുമരകം ഭാഗങ്ങളിലാണ് ഇത് കൂടുതലായി ഉണ്ടാകുക. വാഴയിലയില്‍ വിവിധ മുളക് പേസ്റ്റ് പുരട്ടിയാണ് കരിമീന്‍ പൊള്ളിച്ചെടുക്കുന്നത്.
5, ആലപ്പുഴ താറാവ് കറി-
ആലപ്പുഴയിലും കുമരകത്തുമൊക്കെ എത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന മറ്റൊരു ഭക്ഷ്യവിഭവമാണിത്. താറാവ് ഇറച്ചിയില്‍ മല്ലിപ്പൊടി, കുരുമുളക് പൊടി, ഉള്ളി, തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്താണ് രുചികരമായ കറി തയ്യാറാക്കുന്നത്.
6, കോഴിക്കോട്-തലശേരി ദം ബിരിയാണി-
മാംസാഹാരപ്രിയരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് കോഴിക്കോട്-തലശേരി ദം ബിരിയാണി. ചിക്കന്‍, മട്ടന്‍, ഫിഷ് എന്നിങ്ങനെ വ്യത്യസ്‌തയിനം ബിരിയാണികള്‍ ലഭ്യമാണ്. ബിരിയാണി കഴിച്ചശേഷം ലെമണ്‍ ടീ കൂടി ആയാല്‍ കുശാലായി.
6, ബീഫ് ഉലര്‍ത്തിയത്-
കേരളത്തില്‍ നിന്നുള്ള രുചികരമായ മറ്റൊരു ഭക്ഷ്യവിഭവമാണ് ബീഫ് ഉലര്‍ത്തിയത്. ചെറിയ ഉള്ളി, തേങ്ങാക്കൊത്ത്, കറിവേപ്പില, മുളക്, ജീരകം എന്നിവയൊക്കെ ചേര്‍ത്ത് നല്ല കട്ടി ഗ്രേവിയായാണ് ബീഫ് ഉലര്‍ത്തിയത് തയ്യാറാക്കുന്നത്.
7, വിവിധതരം അച്ചാറുകള്‍-
കേരളത്തിലെ അച്ചാറുകള്‍ ഏറെ രുചികരമാണ്. സസ്യാഹാരപ്രിയരുടെ ഇഷ്‌ടവിഭവമാണ് അച്ചാറുകള്‍. മാങ്ങ, നാരങ്ങ, വെളുത്തുള്ളി എന്നിവയൊക്കെയാണ് പ്രധാന അച്ചാറുകള്‍. ഇതുകൂടാതെ നോണ്‍വെജ് അച്ചാറുകളായി കൊഞ്ച്, മല്‍സ്യം, ചിക്കന്‍ എന്നിവയും ഇപ്പോള്‍ കേരളത്തില്‍ ലഭ്യമാണ്.
8, അട പായസം-അട പ്രഥമന്‍-
കേരളീയര്‍ക്ക് വിശേഷ അവസരങ്ങളില്‍ പായസമോ പ്രഥമനോ ഇല്ലാത്ത ഒരു സദ്യ ഉണ്ടാകില്ല. കേരളത്തിന്റെ തനത് വിഭവമാണ് പായസത്തിലെയും പ്രഥമനിലെയും പ്രധാന ചേരുവകള്‍ തേങ്ങാപ്പാല്‍, ശര്‍ക്കര, പാല്‍, അണ്ടിപ്പരിപ്പ്, ഏലയ്‌ക്കാ, ഉണക്കമുന്തിരി, ചവ്വൗരി എന്നിവയൊക്കെയാണ്.
9, കിണ്ണത്തപ്പം-
കേരളത്തിന്റെ രുചിപ്പെരുമ വിളിച്ചോതുന്ന മറ്റൊരു വിഭവമാണ് കിണ്ണത്തപ്പം. അരി ആട്ടി അതില്‍ തേങ്ങാപ്പാല്‍, ശര്‍ക്കര അല്ലെങ്കില്‍ പഞ്ചസാര, അണ്ടിപ്പരിപ്പ്, നെയ്യ്, ഏലയ്‌ക്ക, ഉണക്കമുന്തിരി എന്നിവ ചേര്‍ത്താണ് കിണ്ണത്തപ്പം തയ്യാറാക്കുന്നത്.
10, കപ്പ വിഭവങ്ങള്‍-
മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത വിഭവങ്ങളാണ് കപ്പ അല്ലെങ്കില്‍ മരച്ചീനി ഉപയോഗിച്ചുള്ളത്. ഇതില്‍ ഏറ്റവും പ്രധാനം കപ്പയും മുളക് ചമ്മന്തിയും. കപ്പ പുഴുങ്ങി അടച്ചിട്ട് അതിലേക്ക് മഞ്ഞള്‍പ്പൊടിയും കടുക് വറുത്തതും ചേര്‍ത്താണ് തയ്യാറാക്കുന്നത്. ചമ്മന്തിക്കായി പ്രധാനമായും കാന്താരി മുളകും ഉള്ളിയുമാണ് ഉപയോഗിക്കുന്നത്. കൂടാതെ ഊണിനൊപ്പം കപ്പ കേരളീയര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കപ്പ ബിരിയാണി പോലെയുള്ള പുതിയ കപ്പ വിഭവങ്ങളും ഇപ്പോള്‍ കേരളത്തിലെ ഹോട്ടലുകള്‍ ലഭ്യമാണ്.
11, ചെമ്മീന്‍ റോസ്റ്റ്-
മറ്റൊരു പ്രമുഖ കുട്ടനാടന്‍ വിഭവമാണ് ചെമ്മീന്‍ റോസ്റ്റ്. ചെമ്മീന്‍ അഥവാ കൊഞ്ച് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. കുരുമുളക് പൊടി പ്രധാന ചേരുവയാകുന്ന ചെമ്മീന്‍ റോസ്റ്റില്‍ തേങ്ങാക്കൊത്ത്, കറിവേപ്പില, കറുവപ്പട്ട എന്നിവയുമുണ്ട്.
12, മാമ്പഴ പുളിശേരി-
കേരളത്തില്‍നിന്നുള്ള രുചികരമായ മറ്റൊരു വിഭവമാണ് മാമ്പഴ പുളിശേരി. കട്ടിത്തൈര്, തേങ്ങാ, മാങ്ങ എന്നിവയാണ് ഇതിലെ പ്രധാന ചേരുവകള്‍.
കടപ്പാട്- പോല്‍ക കഫെ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam