278 കിലോഗ്രാം തൂക്കം; 'ചൂര' മീൻ ഒരെണ്ണം വിറ്റുപോയത് 21 കോടിക്ക്!

By Web TeamFirst Published Jan 5, 2019, 5:02 PM IST
Highlights

ടോക്കിയോയിലെ സുഷി  റെസ്റ്റോറന്റ് ഉടമയായ കിയോഷി കിമോറയാണ് ഈ ഭീമൻ മത്സ്യത്തെ സ്വന്തമാക്കി റെക്കോഡ് കുറിച്ചിരിക്കുന്നത്. പുതുവർഷത്തിൽ ഇത്തരത്തിൽ മത്സ്യലേലം നടക്കുന്നത് ഇവിടെ സാധാരണമാണ്

ടോക്കിയോ: ഒരു മീൻ വിറ്റുപോയ കഥ കേട്ടാൽ നിങ്ങൾ ഞെട്ടിത്തരിക്കും. ജപ്പാനിലെ ടോക്കിയോയിലെ പ്രധാന മത്സ്യവിപണന കേന്ദ്രമായ തൊയോസുവിലാണ് സംഭവം. 278 കിലോഗ്രാം തൂക്കം വരുന്ന അപൂർവ്വയിനത്തിൽപ്പെട്ട ബ്ലൂ ഫിൻ ട്യൂണ വിറ്റുപോയത്  21.3 കോടി രൂപക്കാണ്. ടോക്കിയോയിലെ സുഷി റെസ്റ്റോറന്റ് ഉടമയായ കിയോഷി കിമോറയാണ് ഈ ഭീമൻ മത്സ്യത്തെ സ്വന്തമാക്കി റെക്കോഡ് കുറിച്ചിരിക്കുന്നത്.

എല്ലാ പുതുവർഷത്തിലും ആദ്യദിവസം  ടോക്കിയോയിലെ പ്രധാന മത്സ്യവിപണന കേന്ദ്രത്തിൽ മത്സ്യലേലം ഒരു മത്സരമായി നടത്താറുണ്ട്. സാധാരണ ടോക്കിയോയിലെ സുകിജി മാർക്കറ്റിലാണ് ഈ ലേലം നടക്കാറുളളത്. എന്നാൽ ഇത് 2020ൽ നടക്കാൻ പോകുന്ന ഒളിമ്പിക്സിന്റെ  പാർക്കിങ് ഗ്രൗണ്ടായി നിശ്ചയിച്ചതോടെയാണ് ലേലം തൊയോസു മാർക്കറ്റിലാക്കിയത്. ലേലത്തിൽ വരുന്ന ആദ്യത്തെ മീനിനെ സ്വന്തമാക്കാൻ ഹോട്ടലുടമകൾ വൻ മത്സരമാണ് കാഴ്ച വയ്ക്കാറുള്ളത്. വിലപേശലിലൂടെ  മീനിനെ വിൽക്കുന്നയാൾ ഒരേ ഒരു ദിവസം കൊണ്ട് അങ്ങനെ കോടിപതിയോ ലക്ഷപ്രഭുവോ ആയി മാറും.

ജപ്പാൻ ജനതയുടെ ഒരു ഇഷ്ടവിഭവമാണ് ട്യൂണ എന്ന ചൂര.  ജപ്പാനിലെ മത്സ്യ വിപണന കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന മത്സ്യവും ഇതുതന്നെ. എന്നാൽ ഇപ്രാവശ്യം ഇവർക്ക് കിട്ടിയത് വംശനാശം തന്നെ നേരിടുന്ന അപൂർവ്വയിനത്തിൽ പെട്ട മീനാണ്. 

കിയോഷിയാണ് കഴിഞ്ഞ ആറ് വർഷമായി മത്സ്യലേലത്തിൽ റെക്കോഡ് തുകയ്ക്ക് ആദ്യ മീനിനെ സ്വന്തമാക്കുന്നത്. ഇക്കുറിയും ലക്ഷങ്ങള്‍ ചിലവിട്ടാണെങ്കിലും ആദ്യമീനിനെ സ്വന്തമാക്കുമെന്ന് കിയോഷി നേരത്തേ ഉറപ്പിച്ചിരുന്നു. എന്നാൽ പ്രതീക്ഷകളെയെല്ലാം അട്ടിമറിച്ച് ലേലം കൊഴുക്കുകയായിരുന്നു. അങ്ങനെ വിചാരിച്ചതിലും എത്രയോ ഇരട്ടി പണം വാരിയെറിഞ്ഞാണ് വമ്പൻ ട്യൂണയെ കിയോഷി സ്വന്തമാക്കിയത്. 

click me!