
ആരോഗ്യവും പ്രതിരോധശേഷിയുമില്ലെങ്കില്‍ രോഗങ്ങള്‍ വളരെ വേഗം പിടികൂടും. പ്രതിരോധശേഷി കുറയുന്നവരെയാണ് പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ പിടികൂടുക. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ നാലു വഴികള്‍ പറഞ്ഞുതരാം...
പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ ദിവസവും രണ്ടു മണിക്കൂറെങ്കിലും ചെലവഴിക്കുക. രാവിലത്തെ വ്യായാമം നഗരത്തിലെ തിരക്കില്‍നിന്ന് മാറി, പ്രകൃതിദത്തമായ സ്ഥലങ്ങളിലാക്കുക. ദിവസവും രണ്ടുമണിക്കൂറെങ്കിലും ഇത്തരത്തില്‍ സമയം ചെലവഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ദിപ്പിക്കാന്‍ സഹായകരമാകും.
കൊഴുപ്പേറിയതും അനാരോഗ്യകരവുമായ ഭക്ഷണശീലം ഉപേക്ഷിക്കു. ഫാസ്റ്റ് ഫുഡ്, കോളകള്‍, ബേക്കറി ഭക്ഷണം, പ്രോസസ്ഡ് ഫുഡ് എന്നിവയൊക്കെ അനാരോഗ്യകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇവ പൂര്‍ണമായും ഉപേക്ഷിച്ച് ആരോഗ്യകരമായതും പ്രകൃതിദത്തവുമായ ഭക്ഷണം സമയത്ത് കഴിക്കുക. ഒപ്പം ആവശ്യത്തിന് വെള്ളവും കുടിക്കുക. പ്രതിരോധശേഷി വര്‍ദ്ധിക്കും. കുട്ടികളില്‍ പ്രതിരോധശേഷി നശിപ്പിക്കുന്നത് ഇത്തരം ബേക്കറി ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതുകൊണ്ടാണ്. അതുകൊണ്ടാണ് മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളെ വളരെവേഗം അസുഖം പിടിപെടുന്നതും.
സമൂഹത്തില്‍ ഒപ്പം ജീവിക്കുന്നവരുമായി ഊഷ്‌മളമായ ബന്ധം കാത്തുസൂക്ഷിക്കുക. സന്തോഷകരമായ ജീവിതം നയിക്കാന്‍ ശ്രമിക്കുക. ഇത് ഒറ്റപ്പെട്ട് ജീവിക്കുന്നവരെ അപേക്ഷിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായകരമായ കാര്യമാണ്. ഇങ്ങനെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുമാകും.
ചിരിയും സന്തോഷവും നിറഞ്ഞ ജീവിതം ആരാണ് ആഗ്രഹിക്കാത്തത്? എന്നാല്‍ തിരക്കേറിയ ജീവിതവും ബന്ധങ്ങളിലുള്ള പൊരുത്തക്കേടുമൊക്കെ കാരണം കടുത്ത മാനസികസമ്മര്‍ദ്ദവും വിഷാദവും അനുഭവിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. ജീവിതത്തിലെ പ്രശ്‌നങ്ങളൊക്കെ മാറ്റിവെച്ച് പരമാവധി ചിരിക്കാനും സന്തോഷിക്കാനും ശ്രമിക്കുക. ചിരിക്കുമ്പോള്‍ ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ആന്റിബോഡികളുടെ ഉല്‍പാദനം ക്രമാതീതമായി വര്‍ദ്ധിക്കും. ഇത് പ്രതിരോധശേഷി വര്‍ദ്ധിക്കാന്‍ കാരണമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam