ബാൽക്കണി, ചുമര്, ടെറസ് അല്ലെങ്കിൽ ഉപയോഗിക്കാതെ കിടക്കുന്ന മുറ്റം എന്നിവിടങ്ങളിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുന്നത് വീടിന്റെ ഭംഗി കൂട്ടുന്നു.

സ്ഥലപരിമിതിയുണ്ടെങ്കിലും വീടിന് പച്ചപ്പ് നൽകാൻ ആഗ്രഹിക്കുന്നവർക്കിടയിൽ വെർട്ടിക്കൽ ഗാർഡനിങ് ഇപ്പോൾ ട്രെൻഡാണ്. ബാൽക്കണി, ചുമര്, ടെറസ് അല്ലെങ്കിൽ ഉപയോഗിക്കാതെ കിടക്കുന്ന മുറ്റം എന്നിവിടങ്ങളിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുന്നത് വീടിന്റെ ഭംഗി കൂട്ടുന്നു. ശരിയായ ചെടികൾ തിരഞ്ഞെടുക്കുന്നത് വീടിന് പച്ചപ്പ് നൽകുക മാത്രമല്ല, വായു ശുദ്ധീകരിക്കാനും ഒരു പോസിറ്റീവ് അന്തരീക്ഷം ഉണ്ടാക്കാനും സഹായിക്കും. വെർട്ടിക്കൽ ഗാർഡന് അനുയോജ്യമായ ചെടികൾ ഇതാണ്.

മണി പ്ലാന്റ്

എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണ് മണി പ്ലാന്റ്. കുറഞ്ഞ വെളിച്ചത്തിലും ഇത് നന്നായി വളരും. വായുശുദ്ധീകരിക്കാൻ ചെടിക്ക് കഴിയും. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണിത്.

ഫിലോഡെൻഡ്രോൺ

ഫിലോഡെൻഡ്രോണിന്റെ ഹൃദയാകൃതിയിലുള്ള ഇലകൾ വെർട്ടിക്കൽ ഗാർഡന് ഒരു ട്രോപ്പിക്കൽ ലുക്ക് നൽകും. ഈ ചെടി വീടിനകത്തും പുറത്തും ഒരുപോലെ വളരും. ഈ ചെടിക്ക് അധികം വെള്ളം ആവശ്യമില്ല.

ഇംഗ്ലീഷ് ഐവി

മനോഹരമായ ചെടിയാണ് ഇംഗ്ലീഷ് ഐവി. വെയിലും നേരിയ തണലും ഉള്ള സ്ഥലങ്ങളിൽ ഇത് നന്നായി വളരും. വീടിനൊരു ഏസ്തെറ്റിക് ലുക്ക് നൽകാൻ ചെടിക്ക് സാധിക്കും.

ഫേൺ

ഫേണിന്റെ മൃദുലവും ഇടതൂർന്നതുമായ ഇലകൾ വെർട്ടിക്കൽ ഗാർഡന് സോഫ്റ്റും എലഗന്റുമായ ഒരു ഭംഗി നൽകുന്നു. ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയായതുകൊണ്ട് ബാത്റൂമിലോ തണലുള്ള ബാൽക്കണിയിലോ ഇത് വളർത്താവുന്നതാണ്. ഫേൺ പ്ലാന്റ് വീടിന്റെ അന്തരീക്ഷത്തിന് തണുപ്പും ഉന്മേഷവും നൽകും.

സ്പൈഡർ പ്ലാന്റ്

നീളവും വരകളോടു കൂടിയ ഇലകളുള്ള സ്പൈഡർ പ്ലാന്റ് വെർട്ടിക്കൽ ഗാർഡനിലെ ഒരു പ്രധാന ആകർഷണമാണ്. വായു ശുദ്ധീകരിക്കാനുള്ള കഴിവിന് പേരുകേട്ട ഈ ചെടി കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും സുരക്ഷിതമാണ്.

പോത്തോസ് നിയോൺ

നിയോൺ പച്ച നിറത്തിലുള്ള ഈ ചെടി വെർട്ടിക്കൽ ഗാർഡന് നല്ലൊരു കളർ കോൺട്രാസ്റ്റ് നൽകും. ഇതിന്റെ തിളക്കമുള്ള ഇലകൾ ചെറിയ വെളിച്ചത്തിലും ഭംഗിയായി നിലനിൽക്കും.