ഇന്ത്യന്‍ രോഗിയുടെ വയറ്റില്‍ 40 കത്തികളെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍!

By Web DeskFirst Published Aug 22, 2016, 4:19 PM IST
Highlights

ക്യാന്‍സര്‍ ആണെന്ന സംശയത്തിലാണ് യുവാവിനെ അമൃത്‌സറിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വിദഗ്ദ്ധ പരിശോധനയില്‍ യുവാവിന്റെ വയറ്റില്‍ കത്തികള്‍ പോലെയുള്ള പലതരം വസ്‌തുക്കള്‍ കണ്ടെത്തിയതായാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ആശുപത്രിയിലെ ചീഫ് സര്‍ജന്‍ ഡോ. ജതീന്ദര്‍ മല്‍ഹോത്രയെ ഉദ്ധരിച്ചാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. ഈ വസ്‌തുക്കളെല്ലാം പിന്നീട് ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറിയതരം പേനാകത്തികള്‍ മുതല്‍ വിവിധ വലുപ്പത്തിലുള്ള കത്തികളാണ് ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തത്. എന്നാല്‍ ഇതേക്കുറിച്ച് രോഗിയോട് ചോദിച്ച ഡോക്‌ടര്‍മാര്‍ക്ക് കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. കഴിഞ്ഞ രണ്ടുമാസത്തോളമായി ഇരുപത്തിയെട്ടോളം കത്തികള്‍ താന്‍ വിഴുങ്ങുകയായിരുന്നുവെന്നാണ് രോഗി പറഞ്ഞതത്രെ. അഞ്ചു വിദഗ്ദ്ധ ഡോക്‌‌ടര്‍മാരുടെ സംഘം മണിക്കൂറുകളോളം നീണ്ട അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് കത്തികളെല്ലാം പുറത്തെടുത്തത്. കത്തികള്‍ പുറത്തെടുക്കുമ്പോള്‍ ആന്തരികാവയവങ്ങള്‍ക്ക് മുറിവ് പറ്റാന്‍ സാധ്യതയുള്ളതിനാല്‍ അതിസൂക്ഷ്മതയോടെയുള്ള ശസ്‌ത്രക്രിയയാണ് നടത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് മറ്റു 12 കത്തികള്‍ കൂടി കണ്ടെത്തിയതും, അവ പുറത്തെടുക്കുന്നത്. വാഷിങ്ടണ്‍ പോസറ്റ്, യുഎസ്‌എ ടുഡേ, സിഎന്‍എന്‍ എന്നീ വിദേശമാധ്യമങ്ങളാണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്. അതേസമയം ദേശീയമാധ്യമങ്ങള്‍ക്ക് നേരിട്ട് ഈ വാര്‍ത്ത ലഭ്യമായിട്ടില്ല. വിദേശ മാധ്യമങ്ങളെ ഉദ്ധരിച്ചാണ് എന്‍ഡിടിവി അടക്കമുള്ള മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

click me!