ഈ അഞ്ച് അസുഖങ്ങൾ സ്ത്രീകളെക്കാൾ പുരുഷന്മാരിൽ

By Web TeamFirst Published Nov 22, 2018, 11:50 AM IST
Highlights

തിരക്കുപിടിച്ച ജീവിതശെെലിയിൽ നിരവധി അസുഖങ്ങളാണ് പിടിപ്പെടുന്നത്. പല അസുഖങ്ങൾക്കും മദ്യപാനം, പുകവലിയുടെ അമിത ഉപയോ​ഗം, വ്യായാമമില്ലായ്മ എന്നിവയാണ് പ്രധാന കാരണങ്ങളായി പറയുന്നത്. സ്ത്രീകളെക്കാൾ പുരുഷന്മാരിൽ കണ്ട് വരുന്ന അഞ്ച് അസുഖങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

തിരക്കുപിടിച്ച ജീവിതശെെലിയിൽ നിരവധി അസുഖങ്ങളാണ് പിടിപ്പെടുന്നത്. പല അസുഖങ്ങൾക്കും  മദ്യപാനം, പുകവലിയുടെ അമിത ഉപയോ​ഗം, വ്യായാമമില്ലായ്മ എന്നിവയാണ് പ്രധാനകാരണങ്ങളായി പറയുന്നത്.  ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ കൊളസ്ട്രോൾ, ബിപി, പ്രമേഹം പോലുള്ള ജീവിതശെെലി രോ​ഗങ്ങളാകും ആ​ദ്യം പിടിപ്പെടുക. സ്ത്രീകളെക്കാൾ പുരുഷന്മാരിൽ കണ്ട് വരുന്ന അഞ്ച് അസുഖങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

 രക്തസമ്മര്‍ദ്ദം...

രക്തസമ്മർദ്ദം ഇന്ന് പ്രധാനമായി കണ്ട് വരുന്നത് പുരുഷന്മാരിലാണ്. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോ​ഗം,പാരമ്പര്യം, മാനസിക സമ്മർദ്ദം, വ്യായാമമില്ലായ്മ എന്നിവയാണ് പുരുഷന്മാരിൽ രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള കാരണങ്ങളെന്ന് മാക്സ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോ.​ഗീതാ പ്രകാശ് പറയുന്നു. പുരുഷന്മാർ ആറ് മാസത്തിലൊരിക്കൽ കൊളസ്ട്രോളും ഷു​ഗറും പരിശോധിക്കണം. പരമാവധി കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക. ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക. രക്തസമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ല പ്രതിവിധിയാണ് യോ​ഗയെന്നും ഡോ.​ഗീതാ പ്രകാശ് പറഞ്ഞു. 

പ്രോസ്‌റ്റേറ്റ് ക്യാൻസർ...

40 വയസ്സിനുശേഷം പുരുഷന്മാരില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ക്യാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, വ്യായാമക്കുറവ് എന്നിവയാണ് പ്രോസ്റ്റേറ്റ് ക്യാന്‍സർ ഉണ്ടാകാനുള്ള പ്രധാനകാരണങ്ങൾ. പിഎസ്എ, അൾട്രാ സൗണ്ട് ടെസ്റ്റ് എന്നിവ ചെയ്താൽ പ്രോസ്‌റ്റേറ്റ് ക്യാൻസർ ഉണ്ടോയെന്ന് കണ്ടെത്താനാകുമെന്ന് ഡോ.ഗീതാ പ്രകാശ് പറഞ്ഞു. 

ഹൃദയാഘാതം...

 ഹൃദയാഘാതം ഇന്ന് സ്ത്രീകളെക്കാൾ പുരുഷന്മാരിലാണ് കൂടുതലായി കണ്ട് വരുന്നത്. ഉയർന്ന മാനസിക സമ്മർദ്ദം, പുകവലി, മദ്യപാനം എന്നിവയാണ് ഹൃദയാഘാതം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളെന്ന് ഡോ.ഗീതാ പ്രകാശ് പറയുന്നു. പുകവലി ഉപേക്ഷിക്കുകയും മദ്യപാനം ഒഴിവാക്കുകയും ചെയ്താൽ ഹൃദയാഘാതം തടയാനാകും. 

ഫാറ്റി ലിവർ...

 കരൾ സംബന്ധമായ രോ​ഗങ്ങൾ ഇന്ന് പുരുഷന്മാരിൽ വർധിച്ച് വരികയാണ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുകയും കരൾകോശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. കരൾ വീങ്ങുകയും കരൾകോശങ്ങൾക്ക് ദ്രവിക്കൽ സംഭവിക്കുകയും ചെയ്യുന്നു. കരൾ സിറോസിസിന് ഇത് കാരണമാകുന്നു. പുകവലി ഒഴിവാക്കുക, മദ്യപാനം ഉപേക്ഷിക്കുക, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫാറ്റി ലിവർ തടയാനാകും. 

വായിലെ ക്യാൻസർ...

കൃത്യമായ രോഗനിര്‍ണയം നടത്തിയാല്‍ പെട്ടെന്ന് തന്നെ ചികിത്സിച്ച് മാറ്റാവുന്ന ഒന്നാണ് വായിലെ ക്യാൻസർ. പുകയിലയുടെ അമിത ഉപയോ​ഗം വായിൽ ക്യാൻസർ ഉണ്ടാക്കും. പുകയിലയുടെ ഉപയോ​ഗം ഒഴിവാക്കിയാൽ വായിലെ ക്യാൻസർ വരാതെ നോക്കാമെന്ന് ഡോ. ഗീതാ പ്രകാശ് പറഞ്ഞു. ചുണ്ടിലും വായിലും വ്രണങ്ങള്‍ കാണപ്പെടുന്നതാണ് പ്രധാനലക്ഷണങ്ങൾ. 

 

 

 

click me!