ഇന്ത്യ ലോകത്തിന് സമ്മാനിച്ച മികച്ച 5 ഭക്ഷണചേരുവകള്‍

By Web DeskFirst Published Jan 23, 2017, 9:18 AM IST
Highlights

പലതരം സുഗന്ധവ്യജ്ഞനങ്ങളും മറ്റു ആരോഗ്യകരമായ ഭക്ഷ്യവസ്തുക്കളും സുലഭമായി ലഭിക്കുന്ന നാടാണ് നമ്മുടേത്. പണ്ടു വിദേശശക്തികള്‍ നമ്മുടെ പല ഭക്ഷ്യവസ്‌തുക്കളും കടത്തുന്നതിനായാണ് ഇവിടെ ആധിപത്യം സ്ഥാപിക്കുന്നത്. ഇന്ത്യ ലോകത്തിന് സമ്മാനിച്ച ആരോഗ്യകരമായ ചില ഭക്ഷ്യചേരുവകളുണ്ട്. ആരോഗ്യസംരക്ഷണത്തിനും പല അസുഖങ്ങള്‍ക്ക് പ്രതിവിധിയായും ഇത്തരം ഭക്ഷ്യവസ്‌തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. അത്തരത്തില്‍ നമ്മുടെ നാട്ടില്‍നിന്ന് പുറത്തേക്ക് പോയി ഏറെ ജനപ്രിയമായി മാറിയ 5 ഭക്ഷ്യവസ്‌തുക്കള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1, വെളിച്ചെണ്ണ

പാശ്ചാത്യരാജ്യങ്ങളെ ഏറെ വിസ്‌മയിപ്പിച്ച ഒന്നാണ് നമ്മുടെ വെളിച്ചെണ്ണ. വെളിച്ചെണ്ണയുടെ ആരോഗ്യഗുണത്തെക്കുറിച്ച് എത്രയോ പഠനങ്ങള്‍ നടന്നുകഴിഞ്ഞു. ഭാരം കുറയ്‌ക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും വെളിച്ചെണ്ണ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യാന്‍ അത്യാവശ്യം വേണ്ടുന്ന ഒന്നായി ഇന്ന് വെളിച്ചെണ്ണ മാറിക്കഴിഞ്ഞു. ഇതുകൂടാതെ സൗന്ദര്യസംരക്ഷണം, കേശസംരക്ഷണം എന്നിവയ്‌ക്കും വെളിച്ചെണ്ണ ഉത്തമമായ പ്രതിവിധിയാണ്.

2, കരിക്കിന്‍ കാമ്പ്

നാരുകള്‍, പൊട്ടാസ്യം, സോഡിയം, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിട്ടുള്ളതാണ് കരിക്കിന്‍ കാമ്പ്. അതുകൊണ്ടുതന്നെ ഇതിന്റെ ആരോഗ്യഗുണവും ഏറെ കൂടുതലാണ്. ചയാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്തി, ശരീരഭാരം കുറയ്‌ക്കാന്‍ ഇത് സഹായിക്കും. ഇപ്പോള്‍ പാശ്ചാത്യരാജ്യങ്ങളില്‍ ഐസ്‌ക്രീംപോലെയുള്ളവ ഉണ്ടാക്കുന്നതിന് പാല്‍, ക്രീം, ചീസ് എന്നിവയ്‌ക്ക് പകരമായി ചിലര്‍ കരിക്കിന്‍ കാമ്പ് ഉപയോഗിക്കുന്നുണ്ട്.

3, മഞ്ഞള്‍

നമ്മള്‍ ഭക്ഷണം പാകം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചേരുവയാണ് മഞ്ഞള്‍പ്പൊടി. അലര്‍ജി, വിഷാദം, ഹൃദ്രോഗം, ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ് എന്നിവയെ ചെറുക്കുന്ന ഘടകങ്ങള്‍ മഞ്ഞളിലുണ്ട്. ഇപ്പോള്‍ വിദേശീയരും പാചകത്തിനായി വ്യാപകമായി മഞ്ഞള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. പാശ്ചാത്യനാടുകളില്‍ ഏറെ ജനപ്രിയമായ ഗോള്‍ഡന്‍ മില്‍ക്ക് തയ്യാറാക്കുന്നതിന് ബദാം പാലും മഞ്ഞള്‍പ്പൊടിയുമാണ് ഉപയോഗിക്കുന്നത്.

4, ചക്ക

നമ്മുടെ നാട്ടിലൊക്കെ ധാരാളമായി കാണപ്പെടുന്ന ചക്കയ്‌ക്ക് വിദേശ വിപണികളില്‍ വന്‍ ഡിമാന്‍ഡാണ്. ചക്കയുടെ വിസ്‌മയിപ്പിക്കുന്ന ആരോഗ്യഗുണങ്ങളാണ് ഇതിന് കാരണം. ഏറെ വിറ്റാമിനുകളും നാരുകള്‍, മാംസ്യം, കാല്‍സ്യം, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതുകൊണ്ടും, കുറഞ്ഞ കൊഴുപ്പ്, ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാത്തതുമാണ് ചക്കയെ വിദേശികളുടെ ഇഷ്‌ട വിഭവമാക്കിയിരിക്കുന്നത്. ഇന്ന് ബര്‍ഗര്‍, സലാഡ് എന്നിവയ്‌ക്ക് പകരം പാശ്ചാത്യര്‍ ചക്ക ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

5, മുരിങ്ങയ്‌ക്കയും മുരിങ്ങയിലയും

ഇന്ത്യന്‍ വിഭവങ്ങളായ സാമ്പാര്‍, പരിപ്പ് കറി, അവിയല്‍, സൂപ്പ്, തോരന്‍ എന്നിവയിലും മറ്റു കറികളിലുമൊക്കെ മുരിങ്ങയ്‌ക്കയും മുരിങ്ങയിലയും ചേര്‍ക്കാറുണ്ട്. ഏറെ പോഷകങ്ങള്‍ അടങ്ങിയ ഒരു സൂപ്പര്‍ ഫുഡ് ആണ് മുരിങ്ങയ്ക്കയും മുരിങ്ങയിലയും. പാലിനേക്കാള്‍ 17 ഇരട്ടി കാല്‍സ്യവും ഓറഞ്ചിനേക്കാള്‍ 12 ഇരട്ടി വിററ്റ്റാന്‍ഡ സിയും ചീരയേക്കാള്‍ 25 ഇരട്ടി ഇരുമ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് ഹൃദ്രോഗത്തെ പ്രതിരോധിക്കുകയും, അഞ്ചുതരം ക്യാന്‍സറുകളെ ചെറുക്കുകയും ചെയ്യുന്ന സൂപ്പര്‍ ഫുഡാണ് മുരിങ്ങ വിഭവങ്ങള്‍. ഭക്ഷണം പാകം ചെയ്യുന്നതിന് മുരിങ്ങയിലയും മുരിങ്ങയ്‌ക്കയും ഉപയോഗിക്കുന്ന വിദേശീയര്‍ മുരിങ്ങയില്‍നിന്ന് സംസ്ക്കരിച്ചെടുക്കുന്ന എണ്ണ, ചര്‍മ്മസംരക്ഷണത്തിനും വാതരോഗങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്.

click me!