നിങ്ങളുടെ ശ്വാസകോശം അപകടത്തിലാണ്- ഇതാ 5 സൂചനകള്‍

By Web DeskFirst Published Nov 16, 2017, 12:52 PM IST
Highlights

മൂത്രത്തിലെ നിറവ്യത്യാസം വൃക്കകളുടെയും നെഞ്ചുവേദന ഹൃദയത്തിന്റെയും ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സൂചനയാണ്. വലിയ രോഗങ്ങളെ മുന്‍കരുതലോടെ നേരിടാന്‍ ഈ സൂചനകള്‍ സഹായിക്കും. എന്നാല്‍ നമ്മുടെ ശ്വാസകോശങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ട് എന്നതിന്റെ സൂചന എന്തൊക്കെയാണെന്ന് അറിയാമോ? ശ്വാസകോശത്തിനുണ്ടാകുന്ന അനാരോഗ്യം ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാം. അതുകൊണ്ടു ശ്വാസകോശത്തിന്റെ അനാരോഗ്യം സംബന്ധിച്ച 5 സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1, ശ്വസിക്കാന്‍ ബുദ്ധിമുട്ട്...

നടക്കുമ്പോഴോ പടവ് കയറുമ്പോഴോ മറ്റെന്തെങ്കിലും ചെയ്യുമ്പോഴോ കിതപ്പും ശ്വാസംമുട്ടും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ശ്വാസകോശത്തിന്റെ അനാരോഗ്യം സംബന്ധിച്ച സൂചനയാകാം. കിടക്കുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടും ശ്രദ്ധിക്കേണ്ട കാര്യമാണ്. ചിലരില്‍ ഇത് ഹൃദയസംബന്ധമായ അസുഖങ്ങളുടെ സൂചനകൂടിയായിരിക്കും. അതിനാല്‍, പെട്ടെന്ന് തന്നെ വിദഗ്ദ്ധ ചികില്‍സ തേടുക.

2, കൂടുതല്‍ കഫം ഉണ്ടാകുക...

കഫമോ, മൂക്കില്‍ക്കൂടിയുള്ള സ്ലവം കൂടുതലായി ഉണ്ടാകുകയോ ചെയ്താല്‍ അത് ശ്വാസകോശം സംബന്ധിച്ച അസുഖങ്ങളുടെ സൂചനയാകാം. ആസ്‌ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ കഫക്കെട്ട് ഉണ്ടാകും. തുടര്‍ച്ചയായി മൂന്നുമാസത്തിലേറെ ചുമയും കഫക്കെട്ടും മാറാതെയിരുന്നാല്‍ അത് ശ്വാസകോശരോഗത്തിന്റെ സൂചനയായിരിക്കും. കഫത്തിലുണ്ടാകുന്ന നിറവ്യത്യാസവും ശ്രദ്ധിക്കണം. കഫത്തിന്റെ വെള്ളനിറം മഞ്ഞയോ ചുവപ്പോ ആകുന്നെങ്കില്‍ ശ്വാസകോശത്തിലെ അണുബാധ, ന്യുമോണിയയുടെ തുടക്കം എന്നിവയായി കണക്കാക്കുക.

3, നെഞ്ചുവേദന...

സാധാരണഗതിയില്‍ ഹൃദയസംബന്ധമായ അസുഖമോ, ഗ്യാസ്‌ട്രബിളോ ഉള്ളപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെടുന്നത്. എന്നാല്‍ ചിലരിലെങ്കിലും ശ്വാസകോശത്തിനുണ്ടാകുന്ന ആരോഗ്യപ്രശ്‌നത്തിന് സൂചനയായി നെഞ്ചുവേദന അനുഭവപ്പെടാറുണ്ട്. ശ്വാസകോശത്തില്‍ അണുബാധ, രക്തം കട്ടപിടിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴും നെഞ്ചുവേദന അനുഭവപ്പെടാറുണ്ട്.

4, വലിവ്...

സാധാരണഗതിയില്‍ ആസ്ത്മയുടെ ലക്ഷണമാണ് വലിവ്. ശ്വാസമെടുക്കുമ്പോള്‍ കഫം കുറുകിയുണ്ടാകുന്ന ശബ്ദമാണ് വലിവായി അനുഭവപ്പെടുന്നത്. ശ്വാസകോശത്തിലെ അനാരാഗ്യം കാരണം ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന് കാരണം. ശ്വാസകോശത്തില്‍ അണുബാധ ഉള്ളപ്പോഴും ഇങ്ങനെ അനുഭവപ്പെടാം.

5, നിര്‍ത്താതെയുള്ള ചുമ...

നിര്‍ത്താതെയുള്ള ചുമ ശ്വാസകോശ രോഗത്തിന്റെ ലക്ഷണമായിരിക്കും. എട്ട് ആഴ്‌ചയില്‍ ഏറെ ചുമ മാറാതെയിരുന്നാല്‍ ഉടന്‍ വൈദ്യസഹായം തേടുക. ഇത് ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ആസ്‌ത്മ ചിലരിലെങ്കിലും ടിബി എന്നിവയുടെ ലക്ഷണമായിരിക്കും.

click me!