മനുഷ്യശരീരത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത 5 കാര്യങ്ങള്‍

By Web DeskFirst Published Dec 21, 2016, 12:23 PM IST
Highlights

പ്രകൃതി നമുക്ക് ചുറ്റിലുമായി ഒട്ടനവധി അത്ഭുതങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്. അതൊക്കെ നിങ്ങള്‍ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വലിയ വിസ്‌മയമായ നിങ്ങളുടെ ശരീരത്തെക്കുറിച്ച് എന്തൊക്കെ അറിയാം. ഇവിടെയിതാ, മനുഷ്യശരീരത്തെക്കുറിച്ച് വിസ്‌മയകരമായതും അധികമാര്‍ക്കും അറിയാത്തതുമായ 5 കാര്യങ്ങള്‍...

1, കഠിനാധ്വാനിയായ ഹൃദയം

ശരീരത്തിലെ ഏറ്റവും കട്ടിയേറിയ പേശികളുള്ളത് ഹൃദയത്തിനാണ്. നിരന്തരം കഠിനാധ്വാനത്തോടെ പ്രവര്‍ത്തിക്കുന്ന അവയവമാണ് ഹൃദയം. ഒരു ട്രക്ക് 30 കിലോമീറ്റര്‍ ഓടിക്കുന്നതിനുള്ള ഊര്‍ജ്ജത്തിന് തുല്യമാണ് ഒരുദിവസം ഹൃദയം പ്രവര്‍ത്തിക്കുമ്പോള്‍, ഉല്‍പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജം. ശരാശരി ഒരു മനുഷ്യായുസില്‍ ചന്ദ്രനില്‍ പോയി തിരിച്ചുവരുന്നതിന് തുല്യമായ ഊര്‍ജ്ജം ഹൃദയം പ്രവര്‍ത്തിക്കുന്നതിലൂടെ ഉണ്ടാകുന്നുണ്ട്.

2, വിസ്‌മയിപ്പിക്കുന്ന തലച്ചോറ്

60 ശതമാനം കൊഴുപ്പ് നിറഞ്ഞ അവയവമാണ് തലച്ചോര്‍. നിരന്തരം പ്രവര്‍ത്തിക്കുന്ന തലച്ചോറിന്റെ ഒരു നിശ്ചിതസമയത്തെ ശക്തി 25 വാട്ട്‌സിന് തുല്യമാണ്.

3, എപ്പോഴും വളരുന്ന ചര്‍മ്മം

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ത്വക്ക് ആണ്. സ്ഥിരമായി വളരുകയും പുതുക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് ത്വക്ക്. ഓരോ മിനുട്ടിലും 50000 കോശങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്ന അവയവമാണ് ത്വക്ക്.

4, ചിന്തയുടെ ശക്തി

എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവയവമാണ് തലച്ചോറ്. നമ്മുടെ ചിന്തയുടെ അടിസ്ഥാനവും തലച്ചോറാണ്. ഉറക്കത്തില്‍പ്പോലും തലച്ചോറിന്റെ പ്രവര്‍ത്തനം മൂലം, ചിന്ത സാധ്യമാണ്. ഓരോ ദിവസവും, ഒരു മനുഷ്യന്‍ ശരാശരി 70000 തവണയെങ്കിലും ചിന്തിക്കുന്നുണ്ട്.

5, കുറഞ്ഞുകൊണ്ടിരിക്കുന്ന അസ്ഥികള്‍

ഒരാള്‍ ജനിക്കുമ്പോള്‍, 300 അസ്ഥികളുണ്ടായിരിക്കും. എന്നാല്‍ വളരുന്തോറും അത് കുറയുകയും, പ്രായപൂര്‍ത്തിയാകുമ്പോള്‍ 206 അസ്ഥികളായി നിജപ്പെടുകയും ചെയ്യുന്നു. ചില അസ്ഥികള്‍ തമ്മില്‍ ചേര്‍ന്ന് ഒന്നാകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

click me!