പുരുഷന്മാരുടെ അധീനതയിലായിരുന്ന സോപാനസംഗീതവേദിയിൽ, ഇടയ്ക്കയെ ഹൃദയത്തോട് ചോർത്ത് പിടിക്കുന്ന ആശ സുരേഷിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ആറാം വയസ്സിൽ ഇടയ്ക്ക പഠനം തുടങ്ങി, സോഷ്യൽ മീഡിയയിലൂടെ ജനകീയയായി മാറിയ ആശ, തൻ്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു.
''ശിവ ശിവ മഹേശാ ശംഭോ ശ്രീനീലകണ്ഠാ
ശിവപാദം വണങ്ങിടുന്നേൻ....''
പൂജയ്‌ക്കായി ശ്രീകോവിൽ അടയ്ക്കുമ്പോൾ മൂർത്തിയുടെ രൂപം ഭക്തരുടെ കൺമുന്നിൽ നിന്ന് മറയുന്ന നേരം സോപാനത്തിന് മുമ്പിൽ ഇടയ്‌ക്ക കൊട്ടിപ്പാടി ദേവീദേവന്മാരുടെ ചൈതന്യം ഭക്തഹൃദയങ്ങളിൽ നിറയ്‌ക്കുകയാണ് ഇരിങ്ങാലക്കുടക്കാരിയായ ആശ സുരേഷ്. പുരുഷന്മാരുടെ അധീനതയിലായിരുന്ന സോപാനസംഗീതവേദിയിൽ, ഇടയ്ക്കയെ ഹൃദയത്തോട് ചോർത്ത് പിടിക്കുന്ന ആശ സുരേഷിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. ക്ഷേത്രകലകളുടെ ഈറ്റില്ലമായ സാമഗ്രാമം എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുടയിൽ നിന്നാണ് ആശയുടെ വരവ്. പ്രശസ്തമായ കൂടൽമാണിക്യ ക്ഷേത്രനഗരിയിൽ പിച്ചവെച്ചാണ് ആശ തന്റെ കലാജീവിതം ആരംഭിക്കുന്നത്. ഇക്കണോമിക്സ്, ലൈബ്രറി സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയ ആശ പിഎച്ച്ടി ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണ്. ആശയുടെ പഠനത്തിനും കലാജീവിതത്തിനും പൂർണപിന്തുണ നൽകി കുടംബവും ഒപ്പമുണ്ട്. സോപാന സംഗീതത്തിന്റെ ആലാപനമാധുരിയാൽ ജനഹൃദയങ്ങളിലേക്ക് ചേക്കേറിയ ആശ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വിശേഷങ്ങള്‍ പങ്കുവെയ്‌ക്കുന്നു.
6-ാം വയസില്‍ തുടങ്ങിയ പഠനം
ഇരിങ്ങാലക്കുടക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ മനസ്സ് നിറയ്ക്കുന്ന ഒരിടമാണ് കൂടല്‍മാണിക്യം ക്ഷേത്രാത്സവം. ചെറുപ്പം മുതല്‍ കൂടല്‍മാണിക്യക്ഷേത്രത്തിലെ നിത്യസന്ദര്‍ശകയാണ്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ദീപാരാധന ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇവിടം. ഒരിക്കല്‍ അത്താഴപൂജയ്ക്ക് നട അടയ്‌ക്കുന്ന സമയത്ത് സോപാനസംഗീതം ആലപിക്കുമ്പോള്‍ ഇടയ്‌ക്കയിലെ പൊടിപ്പുകളിലാണ് ആദ്യം കണ്ണുടക്കിയത്. അതില്‍ ഒന്ന് തൊടാന്‍ അതിയായ ആഗ്രഹം തോന്നി. ഇടയ്ക്കയില്‍ തൊടണമെങ്കില്‍ അത് പഠിക്കണം. അങ്ങനെ ആറാം വയസിലാണ് ഇടയ്ക്ക എന്ന വാദ്യം അഭ്യസിച്ച് തുടങ്ങിയത്. ഇടയ്ക്ക വാദനത്തിലെ പ്രശസ്തന്‍ ഇരിങ്ങാലക്കുട സ്വദേശി പി നന്ദകുമാര്‍ മാരാരാണ് ആശാന്‍.
പഠിച്ച് തുടങ്ങുമ്പോള്‍ തന്നെ ഇടയ്ക്ക നമ്മുടെ കയ്യില്‍ തരില്ല. ഒരു കൈമെത്തയും കോലുമാണ് ആദ്യം തരുക. ചെണ്ടയില്‍ അമ്മിത്തല്ലും പുളിമുട്ടിയും എന്ന പോലെ ഇടയ്ക്കയിൽ ഒരു ചെറിയ കൈമെത്തയില്‍ കോലുകൊണ്ട് കൊട്ടി പഠിക്കണം. ഇടയ്ക്ക തൊടാനുള്ള ആഗ്രഹം മനസില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്നത് കൊണ്ട് ഇത് പ്രാക്ടീസ് ചെയ്യാതെ പറ്റില്ലല്ലോ. അങ്ങനെ ഇടയ്ക്ക പഠിച്ച് തുടങ്ങി. ഒമ്പതാം വയസിലാണ് ആദ്യമായി ഇടയ്ക്ക കൈ കൊണ്ട് തൊടുന്നത്. ആശാന്‍ അന്ന് ഇടയ്ക്ക തോളില്‍ ഇട്ട് തരുമ്പോള്‍ ഇടയ്ക്ക നിലത്ത് മുട്ടുമായിരുന്നു. അന്ന് ആശാന്‍ വള്ളിയിൽ കെട്ടിട്ട് നീളം ക്രമീകരിച്ച് തന്നു. ഇന്നും അതേ കൗതുകത്തോടെയും ആരാധനയൊടെയുമാണ് ഇടയ്ക്കയെ തോളിലെറ്റുന്നത്. ആകെയുണ്ടാക്കിയ മാറ്റം ഇടയ്ക്കയുടെ കച്ചയുടെ നീളം എന്റെ പൊക്കത്തിനനുസരിച്ചു ചെറുതാക്കിയെന്നതാണ്. സോപാന സംഗീതത്തിന് പ്രത്യേക ക്ലാസ്സിനൊന്നും ഞാൻ പോയിട്ടില്ല. സംഗീതം കർണാടക സംഗീതം വളരെ ചെറുപ്പം തൊട്ട് പഠിച്ചിട്ടുള്ള ആളല്ല. ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഇങ്ങനെ പാടി പോകുന്നു.
ഭൂമി തൊടാത്ത ഇടയ്ക്ക
ദേവവാദ്യം എന്നറിയപ്പെടുന്ന ഒരു വാദ്യമാണ് ഇടയ്ക്ക. ഇടയ്ക്കയ്ക്ക് ഈശ്വരീയത കൽപ്പിക്കുന്നുവരാണ് ഇടയ്ക്ക കലാകാരന്മാര്‍. മറ്റ് വാദ്യോപകരണങ്ങളെ പോലെ ഇടയ്ക്ക തറയില്‍ വെക്കാറില്ല. ഇടയ്ക്കയിലെ കൈ പിടിക്കുന്ന കുറ്റിയെ നട്ടെല്ലെന്നാണ് പറയുക. അത് പ്രപഞ്ചമെന്നാണ് സങ്കൽപം. അവിടെ നൽകുന്ന ബലമാണ് ശബ്ദം നിശ്ചയിക്കുന്നത്. ഇടയ്ക്കയുടെ ഇരുപുറങ്ങള്‍ സൂര്യനും ചന്ദ്രനുമാണ്. ഇതിൽ ഒരു പുറത്ത് മാത്രമാണ് കൊല് കൊണ്ട് കൊട്ടുന്നത്. ഓരോ വട്ടത്തിലും ചരട് കോർക്കുന്ന ആറ് ദ്വാരങ്ങൾ ഉണ്ട്. ഈ ആറ് സുഷിരങ്ങൾ ആറ് ശാസ്ത്രങ്ങളെയാണ് സൂചിപ്പിക്കുന്നത്. 64 കലകളെ സൂചിപ്പിക്കുന്ന 64 പൊടിപ്പുകളും ഇടയ്ക്കയിലുണ്ട്. ഈ പൊടിപ്പുകൾ കോർത്തിരിക്കുന്ന മരത്തിന്റെ തണ്ടിനെ ജീവക്കോൽ എന്നാണ് പറയുക. നാല് ജീവക്കോലിലാണ് പൊടിപ്പുകൾ ക ർത്തിരിക്കുന്നത്. നാല് ജീവക്കോലുകൾ നാല് വേദങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. തോളത്ത് ഇടുന്ന കച്ച, മഹാദേവന്റെ കഴുത്തിലെ പാമ്പാണെന്നാണ് പറയുക. ഇങ്ങനെ ആശയം കൊണ്ട് സമ്പുഷ്ടമായ വസ്തുവിന്‍റെ ഭാരം ഭൂമീദേവിക്ക് താങ്ങാനാകില്ല. അതാണ് ഇടയ്ക്ക നിലത്ത് വയ്ക്കാന്‍ പാടില്ല എന്ന് പറയുന്നത്. ഇടയ്ക്ക എവിടെയെങ്കിലും തൂക്കിയിടുകയാണ് പതിവ്. ആകാശത്തിനും ഭൂമിക്കും ഇടയ്ക്ക് നിൽക്കുന്ന വാദ്യോപകരണമായത് കൊണ്ടാണത്രെ ഇടയ്ക്ക എന്ന് പേര് വന്നത്. ഇത്തരത്തിലൊരു വാദ്യം തൊടാനും തോളത്ത് ഇടാനും പറ്റുന്നത് ഒരു ഭാഗ്യമാണ്.
സോപാനസംഗീതം എന്ന കലാരൂപം
കേരളീയ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന അനുഷ്ഠാന കലയാണ് സോപാനസംഗീതം. ക്ഷേത്രശ്രീകോവിലിന്റെ പടികളെയാണ് സോപാനം എന്ന് പറയുന്നത്. ശ്രീകോവില്‍ നടയടച്ചു തുറക്കലിനിടയിലാണ് സാധാരണയായി സോപാനസംഗീതം അവതരിപ്പിക്കാറുള്ളത്. ഇടയ്ക്കയാണ് സോപാനസംഗീതത്തില്‍ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്. മലയാളത്തിലോ സംസ്‌കൃതത്തിലോ ഉള്ള ദേവീ -ദേവന്‍മാരുടെ സ്തുതികളാണ് സോപാനസംഗീതത്തില്‍ ഉപയോഗിക്കുന്നത്. ഭഗവാനെ അല്ലെങ്കിൽ ഭഗവതിയെ വർണ്ണിക്കുന്നതായിരിക്കും ഈ ഗീതങ്ങള്‍. നട അടഞ്ഞ് കിടക്കുമ്പോള്‍ പുറത്ത് നിൽക്കുന്ന ഭക്തന് ഭഗവാനെ പാട്ടിലൂടെ കാണിച്ചു കൊടുക്കുക, ഒപ്പം നട തുറക്കുമ്പോള്‍ കേശാദപാദ വര്‍ണയൊക്കെ കേട്ട് സന്തുഷ്ടനാകുന്ന മൂര്‍ത്തി ഭക്തന്‍റെ പ്രാർത്ഥിന കേൾക്കും എന്നാണ് പറയുക.
ഗീതാഗോവിന്ദത്തിലെ 24 ഗീതങ്ങള്‍ സോപാനസംഗീതത്തില്‍ അവതരിപ്പിച്ചു വരുന്നുണ്ട്. സോപാനസംഗീതത്തിലെ വാദ്യമായ ഇടയ്ക്ക കൊട്ടുന്ന വ്യക്തി തന്നെയാണ് പാട്ടും പാടുക. കേരളത്തിന്റെ സ്വന്തവും അതുല്യവുമായ സംഗീതരൂപമായ സോപാന സംഗീതത്തിന്റെ തുടക്കം കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നാണ്. സോപാനം എന്ന പദം ശ്രീകോവിലിലേക്കുള്ള പടവുകളെ സൂചിപ്പിക്കുന്നതിനാല്‍ സോപാനസംഗീതത്തിന്റെ അര്‍ത്ഥം ക്ഷേത്രപടികളില്‍ നിന്ന് പാടുക എന്നാണ്. 'കൊട്ടിപ്പാടി സേവ', 'രംഗസോപാനം' എന്നിങ്ങനെ സോപാനസംഗീതം രണ്ട് തരത്തിലാണ്. പൂജാ സമയത്ത് ക്ഷേത്ര പടികള്‍ക്ക് സമീപം നില്‍ക്കുന്ന എടക്കയെ മാരാര്‍ അടിക്കുന്ന ശൈലിയാണ് 'കൊട്ടിപ്പാടി സേവ'. തുടക്കത്തില്‍ പ്രധാന ദേവനെ സ്തുതിച്ചുകൊണ്ട് ഒരു കീര്‍ത്തനം ആലപിക്കുന്നു. അതിന് ശേഷം ജയദേവന്റെ ഗീതാഗോവിന്ദത്തിലെ 'അഷ്ടപദി' പാടുന്നു. ചിലപ്പോള്‍ അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ശിവസ്തുതിയും നല്‍കാറുണ്ട്. ഒരോ ക്ഷേത്രത്തിന്‍റെ ചിട്ടപ്രകാരമാണ് സോപാനകീർത്തനങ്ങൾ ആലപിക്കുന്നത്. എന്നാല്‍ പരിപാടികളില്‍ അവതരിപ്പിക്കുമ്പോള്‍ കേൾക്കാൻ സുഖമുള്ള രീതിയിൽ ഗണപതി, സരസ്വതി എന്നിങ്ങനെ ദേവ സ്തുതികളാണ് ആലപിക്കുക.
എന്റെ അച്ഛനെഴുതിയ കീർത്തനങ്ങളും ഞാൻ പാടാറുണ്ട്. ആനയെ പ്രമേയമാക്കി അച്ഛൻ രചിച്ച സോപാനഗീതമാണ് മാണിക്യകളഭം. കൂടൽമാണിക്യ ക്ഷേത്രത്തിലെ ആനയായ മേഘാർജുനനെ വിവരിച്ചാണ് കീർത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആനയ്ക്ക് നല്ലത് വരുത്തണേ എന്ന് സംഗമേശനോടുള്ള പ്രാർത്ഥനയാണ് മാണിക്യകളഭം. ആനയെ പറ്റി ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സോപാന സംഗീതം രചിക്കപ്പട്ടത്. അച്ഛനെഴുതി, ഞാൻ സംഗീതം നൽകി, പാടി, അഭിനയിച്ച ആൽബമാണിത്. ഞാൻ സ്ഥിരം പാടുന്ന പാട്ടുകളിൽ പലതും അച്ഛനെഴുതിയതാണ്.
സോപാനസംഗീതത്തിലെ സ്ത്രീ സാന്നിധ്യം
തികച്ചും ക്ഷേത്ര അനുഷ്ഠാന കലയാണ് സോപാന സംഗീതം. മാരാര്‍, പൊതുവാള്‍ സമുദായത്തില്‍പ്പെട്ടവരാണ് സോപാന സംഗീതം സാധാരണയായി അവതരിപ്പിക്കുന്നത്. ക്ഷേത്രങ്ങളില്‍ പൂജാസമയത്ത് ചിട്ടയായിട്ടാണ് സോപാന സംഗീതം ആലപിക്കുക. അത് നിത്യമുള്ളതാണ്. ചിലപ്പോള്‍ ചിട്ട കൊണ്ടാവാം പെണ്‍കുട്ടികള്‍ നേരത്തെ ഇതിലേക്ക് വരാതിരുന്നത്. ക്ഷേത്രങ്ങളില്‍ പരിപാടി അവതരിപ്പിക്കുവാന്‍ ചെന്നാല്‍ ഞാന്‍ സോപാനപ്പടിയിലേ ആലപിക്കൂ എന്ന് നിര്‍ബന്ധം പിടിക്കാറില്ല. ചില ക്ഷേത്രങ്ങളില്‍ ചെല്ലുമ്പോള്‍ ഭാരവാഹികൾ സോപാനത്തിൽ പാടാന്‍ ആവശ്യപ്പെട്ടു, അപ്പോള്‍ സോപാനത്തിൽ പാടും. അല്ലെങ്കില്‍ സ്റ്റേജില്‍ പാടും. എന്റെ വിശ്വാസം അനുസരിച്ച് ഭഗവാനെ എവിടെ നിന്ന് വിളിച്ചാലും കേൾക്കുമല്ലോ എന്നാണ്. അത് കൊണ്ട് എവിടെ നിന്ന് പാടും എന്നതിൽ നിർബന്ധങ്ങളോ ശാഠ്യങ്ങളോ ഒന്നുമില്ല. ആചാരപരമായ രീതിയിൽ തന്നെ കൊണ്ടുപോവണം എന്ന അഭിപ്രായം തന്നെയാണ് എനിക്കുള്ളത്. സ്ത്രീ എന്ന രീതിയിൽ ഒരു അവഗണനയും ഇതുവരെ എനിക്ക് നേരിട്ടിട്ടില്ല. എനിക്ക് അവസരം കൂടുതല്‍ ലഭിച്ചിട്ടേ ഉള്ളൂ.
പ്രശസ്തിയിലേക്കെത്തിച്ച ലോക്ഡൗണ്‍ കാലം
സോപാന സംഗീതത്തെ ജനകീയമാക്കിയതിൽ ഒരു വലിയ പങ്ക് സോഷ്യൽ മീഡിയയ്ക്കുണ്ട്. ലോക്ഡൗണ്‍ സമയത്ത് ഫേസ്ബുക്ക് ലൈവിലൂടെ സോപാന സംഗീതം അതവരിപ്പിക്കുവാന്‍ ഒരു അഭ്യർത്ഥന വന്നപ്പോൾ ഒന്ന് പരീക്ഷിച്ച് നോക്കുകയായിരുന്നു. അത് ശരിക്കും എന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ആദ്യമൊക്കെ ചില കീര്‍ത്തനങ്ങള്‍ പാടി ഫേസ്ബുക്ക് പേജില്‍ ഇടുകയാണ് ചെയ്തത്. എന്നാല്‍ വളരെ വേഗമാണ് സോഷ്യല്‍ മീഡിയ ഇത് ഏറ്റെടുത്തത്. കോവിഡ് സമയം എന്നെ വളരെ നന്നായി ഹെൽപ്പ് ചെയ്തൊരു കാലഘട്ടമാണ്. ആ സമയത്ത് പല ക്ഷേത്രങ്ങളുടെ പേജുകളിലായി സോപാനസംഗീതം ലൈവിൽ അവതരിപ്പിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ മാറിയപ്പോൾ ആ പല ക്ഷേത്രങ്ങളും നേരിട്ട് പരിപാടിക്ക് വിളിച്ച് തുടങ്ങി. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒക്കെ ഇത്രയധികം ജനങ്ങളെ സ്വാധീനിക്കാൻ തുടങ്ങിയപ്പോൾ ഇത്തരം കലാകാരൻമാർക്കും അവസരങ്ങൾ കൂടി എന്നാണ് ഞാൻ കരുതുന്നത്.
കുടുംബം നൽകിയ പിന്തുണയാണ് എല്ലാം
സംഗീതപാരമ്പര്യമുള്ള കുടുംബമൊന്നുമല്ല ഞങ്ങളുടേത്. അച്ഛൻ സുരേഷ് കുമാർ മർച്ചന്റ് നേവിയിൽനിന്നും വിരമിച്ചതാണ്. അമ്മ രാജലക്ഷ്മി വീട്ടമ്മയാണ്. ചേട്ടൻ അർജുൻ ഫാർമസിസ്റ്റാണ്. എല്ലാവരും കലാസ്‌നേഹികളാണ്. ഇവരുടെയെല്ലാം പിന്തുണയാണ് എന്നെ ഇവിടെവരെയെത്തിച്ചത്. വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയാണ് എന്റെ ഊര്‍ജ്ജം.
ഭാവി പരിപാടികള്‍
ഇടയ്‌ക്ക ജീവിതാവസാനംവരെ കൊണ്ടുനടക്കണം എന്നാണ് ആഗ്രഹം. ഇടയ്ക്കയ്ക്ക് പ്രാധാന്യം കൊടുത്ത് എന്റെ സ്വന്തം ശൈലിയില്‍ പാരമ്പരാഗതരീതി കൈവിടാതെ സോപാനസംഗീതാവതരണം കൊണ്ടുപോകണം. മൂകാംബിക അമ്മയുടെ നടയിൽ പാടണമെന്നുണ്ട്.
