
അർധരാത്രിയിൽ ഉറക്കം നഷ്ടപ്പെട്ട് എഴുന്നേൽക്കുന്നത് ആലോചിക്കാൻ പോലും ബുദ്ധിമുട്ടാണ്. ആശങ്ക, പേടിസ്വപ്നം, മൂത്രശങ്ക തുടങ്ങിയവയെല്ലാം ഇതിന് കാരണമാകാറുണ്ട്. ഉണർന്നു കഴിഞ്ഞാൽ വീണ്ടും ഉറങ്ങാൻ പലരും പ്രയാസപ്പെടുന്നു. എന്നാൽ യഥാർഥത്തിൽ എന്തുകൊണ്ടാണ് അർധരാത്രി ഉണരുന്നത്? ചില കാര്യങ്ങളിൽ ശ്രദ്ധപുലർത്തിയാൽ അർധരാത്രിയിലെ ഉറക്കമുണരൽ ഒഴിവാക്കാനാകും. ഉറക്കം നഷ്ടപ്പെട്ട് നേരത്തെ ഉണരാൻ 7 കാരണങ്ങളാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
കിടപ്പറയിലെ ഊഷ്മാവ് ശരിയല്ലെങ്കിൽ അത് നിങ്ങളുടെ ഉറക്കം കെടുത്തും. അധികമാകുന്ന ചൂടും തണുപ്പും ഇതിന് ഒരുപോലെ കാരണമാകും. 18നും 21നും ഇടയിൽ ഡിഗ്രി സെൽഷ്യസ് ഉൗഷ്മാവാണ് സ്ലീപ് കൗൺസിൽ കിടപ്പറയിലേക്ക് നിർദേശിക്കുന്നത്.
തൊലിപ്പുറത്തുണ്ടാകുന്ന ചൊറി പലർക്കും കാളരാത്രി സമ്മാനിക്കുന്നു. ത്വക് രോഗ വിദഗ്ദരെ കണ്ട് ചികിത്സ തേടുകയാണ് ഇതിനുള്ള പ്രതിവിധി.
വിശ്രമമില്ലാത്ത കാലുകൾ പലപ്പോഴും രോഗാവസ്ഥ സൃഷ്ടിക്കുന്നു. കാലിലെ വേദനയും അലർജിയും നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. ഇൗ രോഗാവസ്ഥ നേരിടുന്നവർ നിർബന്ധമായും ഡോക്ടറെ കണ്ട് ചികിത്സ തേടണം.
കട്ടിയായ കിടക്കകള്‍ ഉറക്കം ശരിയാകുന്നതിന് തടസമാണ്. ഇടുപ്പിലും ചുമലിലും കടുത്ത സമ്മർദത്തിനും ഇത് ഇടയാക്കുന്നു. നല്ല കിടക്കയാണ് ഉറങ്ങാൻ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുകയാണ് പ്രതിവിധി.
ഗർഭാവസ്ഥയിൽ മൂത്രമൊഴിക്കാനുള്ള പ്രവണത ഏറെയായിരിക്കും. രാത്രിയിൽ മൂത്രം ഉൽപ്പാദിപ്പിക്കുന്നത് പൊതുവെ കുറവായിരിക്കും. വൈകുന്നേരങ്ങളിൽ അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കിയാൽ ഇൗ പ്രശ്നം പരിധി വരെ പരിഹരിക്കാൻ കഴിയും. മൂത്രവിസർജനത്തിന് കൂടുതൽ വഴിവെക്കുന്ന ചായ, കാപ്പി എന്നിവയുടെ ഉപയോഗവും വൈകുന്നേരങ്ങളിൽ ഒഴിവാക്കുക.
അമിതമായ മദ്യപാനം അസ്വസ്ഥത നിറഞ്ഞ ഉറക്കത്തിന് വഴിവെക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് മദ്യപാനം ഒഴിവാക്കുന്നത് ശരീരത്തിന് ഗുണകരമാണ്.
മാനസിക പിരിമുറുക്കങ്ങൾ നിങ്ങളുടെ രാത്രിയിലെ ഉറക്കം നഷ്ടപ്പെടുത്തും. ഉറങ്ങുന്നതിന് മുമ്പ് മറ്റ് ചിന്തകൾ ഒഴിവാക്കി മനസിന് ആശ്വാസം നൽകുക. പാട്ട് കേൾക്കുന്നതും കളറിങ് നടത്തുന്നതുമെല്ലാം മനസിനെ ശാന്തമാക്കാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam