
മൊബൈലിൽ ഹർ ഹർ മഹാദേവ് ആപ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ, എങ്കിൽ ഇനി പോൺ സൈറ്റുകൾ തുറക്കാനാകില്ല. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോളജിസ് ആണ് ഇത്തരമൊരു സാഹസത്തിന് പിന്നിൽ. ആവശ്യമില്ലാത്ത സൈറ്റുകൾ ബ്ലോക്ക് ചെയ്യാനായി ന്യൂറോളജിസ്റ്റും സംഘവും തയ്യാറാക്കിയതാണ് ഹർ ഹർ മഹാദേവ്. പോണോഗ്രഫി സൈറ്റുകൾ, കുറ്റകൃത്യങ്ങൾ അടങ്ങിയ സൈറ്റുകൾ മറ്റ് അനാവശ്യ സൈറ്റുകൾ എന്നിവ ബ്ലോക്ക് ചെയ്യുന്നതിന് വേണ്ടിയാണ് ഹർ ഹർ മഹാദേവ് നിർമ്മിച്ചിരിക്കുന്നത്.
ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്യുന്നതോടെ പോണോഗ്രഫിക് ഉൾപ്പെടെയുള്ള സൈറ്റുകൾ ബ്ലോക്ക് ആകും. പിന്നീട് ഈ സൈറ്റുകൾ സന്ദർശിക്കാൻ ശ്രമിക്കുമ്പോൾ ഹിന്ദു ഭക്തിഗാനങ്ങളാണ് കേൾക്കുക. ഇതോടെ പേടികൂടാതെ ഏത് സൈറ്റും തുറക്കാമെന്നും യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ന്യൂറോളജി വിഭാഗത്തിലെ ഡോക്ടർ വിജയ് നാഥ് മിശ്ര പറയുന്നു. ആറ് മാസംകൊണ്ടാണ് ഹർ ഹർ മഹാദേവ് ആപ് പൂർത്തിയാക്കിയത്. 3800 ഓളം സൈറ്റുകൾ ഇതിനോടകം ബ്ലോക്ക് ചെയ്തെന്നുമാണ് വിജയ് അവകാശപ്പെടുന്നത്. നിലവിൽ ഹിന്ദു ഭക്തിഗാനങ്ങൾ മാത്രമാണ് ആപ്പിൽ ലഭിക്കുന്നത്. എന്നാൽ മറ്റ് മതങ്ങളുടെ ഭക്തിഗാനങ്ങൾ കൂടി ആപ്പിൽ ഉൾപ്പെടുത്തുമെന്നും വിജയ്.
ബനാറസ് ഹിന്ദു യുണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് മാംസാഹാരം കഴിക്കുന്നതിനും ഇഷ്ട വസ്ത്രം ധരിക്കുന്നതിനും വിലക്കേർപ്പെടുത്തിയെന്ന ആരോപണം തുടരുന്ന സാഹചര്യത്തിലാണ് പോണോഗ്രാഫിക് സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ആപ്ലിക്കേഷനുമായി യൂണിവേഴ്സിറ്റി അധികൃതർ തന്നെ രംഗത്തെത്തുന്നത്. യുണിവേഴ്സിറ്റിയിൽ പുറത്തുനിന്നെത്തിയവര്‍ വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തിനുപിന്നാലെ ആറ് മണിയ്ക്ക് ശേഷം ഹോസ്റ്റലിൽനിന്ന് പുറത്തിറങ്ങാൻ പാടില്ലെന്ന വാർഡന്റെ പ്രസ്താവനയും വിവാദമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam