
പാറ്റ്ന: പഠനത്തിന് കാലവും പ്രായവും തടസമല്ലെന്നത് വെറും വർത്തമാനമല്ലെന്ന് തെളിയിക്കുകയാണ് രാജ്കുമാർ വൈശ്യ എന്ന ഉത്തർപ്രദേശ് സ്വദേശി. പാറ്റ്ന ആസ്ഥാനമായുള്ള നളന്ദ ഓപ്പൺ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ (ഇക്കണോമിക്സ്) എം.എ ബിരുദം നേടുമ്പോള് വൈശ്യയുടെ പ്രായം 98. തിങ്കളാഴ്ച അവസാന വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോഴാണ് വൈശ്യയുടെ വിജയ വാർത്ത സർവകലാശാല അധികൃതർ തന്നെ പുറത്തുവിട്ടത്.
വൈശ്യയുടെ ഉത്സാഹവും സമർപ്പണവും ഞെട്ടിക്കുന്നതായിരുന്നുവെന്നാണ് സർവകലാശാല രജിസ്ട്രാർ എസ്.പി സിൻഹ പറയുന്നത്. 1938ൽ ആഗ്ര സർവകലാശാലയിൽ നിന്നാണ് വൈശ്യ ബിരുദം നേടിയത്. പ്രായക്കൂടുതലിന്റെ ഒരു ആനുകൂല്യവും തേടാതെ മറ്റ് വിദ്യാർഥികളെപ്പോലെ തന്നെയാണ് വൈശ്യയും സർവകലാശാല പരിസരത്തെ കേന്ദ്രത്തിൽ പരീക്ഷ എഴുതിയതെന്ന് രജിസ്ട്രാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പ്രവേശനത്തിനുള്ള അപേക്ഷയുമായി സർവകലാശാല അധികൃതർ വൈശ്യയുടെ വീട്ടിൽ എത്തിയപ്പോൾ വൈശ്യ അതീവ സന്തോഷവാനായി കാണപ്പെട്ടു.
വീണ്ടും മാർക്ക് ഷീറ്റ് സമർപ്പിക്കാനായി പോവുകയാണെന്നും ഇത് മഹത്തായ സന്ദർഭമാണെന്നും രജിസ്ട്രാർ പറഞ്ഞു. 1920ൽ ജനിച്ച വൈശ്യയുടെ മൂന്ന് മക്കളും ഇതിനകം കേന്ദ്ര സര്‍ക്കാര്‍ സർവീസിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് വിരമിച്ചുകഴിഞ്ഞു. വൈശ്യയുടെ വിജയവാർത്ത അറിഞ്ഞ് ചെറുമകൻ സന്തോഷം പ്രകടിപ്പിച്ച് മധുരവുമായി എത്തി അഭിനന്ദനം അറിയിച്ചു. സെക്കൻഡ് ക്ലാസോടെയാണ് വൈശ്യയുടെ വിജയം. അൽപ്പം കൂടെ നേരത്തെ പരീക്ഷ എഴുതിയിരുന്നെങ്കിൽ ഒന്നാം ക്ലാസോടെ വിജയിക്കാൻ കഴിയുമായിരുന്നുവെന്നാണ് വൈശ്യ പറയുന്നത്.
പാറ്റ്ന സർവകലാശാലയിലെ ഹിസ്റ്ററി വിഭാഗം മുൻ മേധാവി കൂടിയായ മരുമകൾ പ്രഫ. ഭാരതി എസ്. കുമാറിന് വൈശ്യ പ്രത്യേകം നന്ദി പറയുന്നു. സ്ഥിരമായി തനിക്കൊപ്പം നിൽക്കുകയും പഠനത്തിന് തടസം വരാതിരിക്കാൻ മരുമകൾ സ്ഥിരമായുള്ള സീരിയൽ, സിനിമ എന്നിവ കാണൽ ഉപേക്ഷിക്കുകയും ചെയ്തെന്നും വൈശ്യ പറയുന്നു.
ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളിൽ ലേഖനങ്ങളും വൈശ്യ എഴുതുന്നുണ്ട്. വിദ്യാഭ്യാസം നേടൽ ഒരു ദൗത്യമായി എടുക്കാൻ വൈശ്യ മക്കളെ പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്ന് മരുമകൾ പറയുന്നു. ഈ സമയത്ത് മൊത്തം സമൂഹത്തിന് മാതൃകാ പുരുഷനായി അദ്ദേഹം മാറിയെന്നും അവർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam