അത്താഴം മലമ്പാമ്പിനൊപ്പമായാലോ; അങ്ങനെയും ഒരു ഹോട്ടലുണ്ട്...

By Web TeamFirst Published Sep 6, 2018, 5:01 PM IST
Highlights

ചില്ല് ടാങ്കുകളിലാണ് പല നിറത്തിലും പല വലിപ്പത്തിലുമുള്ള ഇഴജന്തുക്കളെ ഷീ സൂക്ഷിച്ചിരിക്കുന്നത്. വിസിറ്റേഴ്‌സ് ഫീസ് ഇല്ലാത്തതിനാല്‍ കഫേയില്‍ വെറുതെ കയറി ഒരു ചായയും പറഞ്ഞ് ചില്ല് ടാങ്കില്‍ നിന്ന് ഇഷ്ടപ്പെട്ട സുഹൃത്തിനെ കണ്ടെത്തി, പുറത്തെടുപ്പിച്ച് മിണ്ടിപ്പറഞ്ഞ് ഇരുന്നാല്‍ മാത്രം മതി
 

കംബോഡിയ: ഭക്ഷണം കഴിക്കുന്ന സമയം ഇതിന് മാത്രമായി ചിലവഴിക്കേണ്ട. അല്‍പസ്വല്‍പം മൃഗസ്‌നേഹം കൂടിയായാലോ? ന്യൂഡില്‍സോ ജ്യൂസോ ഒക്കെ കഴിക്കുമ്പോള്‍ ഇടം കൈ കൊണ്ട് തലോടാന്‍ വെള്ള മലമ്പാമ്പിന്‍ കുഞ്ഞോ, ഓറഞ്ച് കോണ്‍ പാമ്പോ, ഉടുമ്പോ, തേളോ ഒക്കെ തൊട്ടടുത്തുണ്ടാകുന്നതിനെ പറ്റി ചിന്തിച്ച് നോക്കൂ. 

കംബോഡിയയുടെ തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിക്കുന്ന റെപ്‌റ്റൈല്‍ കഫേ ഇതിനെല്ലാമുള്ള സൗകര്യമാണൊരുക്കുന്നത്. ഷീ റാറ്റി എന്ന 32കാരനാണ് റെപ്‌റ്റൈല്‍ കഫേയുടെ ഉടമസ്ഥന്‍. പാമ്പിനെയോ ഉടുമ്പിനെയോ ഒക്കെ പോലുള്ള ജീവികളോട് സാധാരണക്കാര്‍ക്കുള്ളി പേടി മാറ്റുന്നതിന്റെ ഭാഗമായാണ് റെപ്‌റ്റൈല്‍ കഫേ തുടങ്ങിയതെന്നാണ് ഷീ റാറ്റി പറയുന്നത്. 

കഫേയുടെ ചുവരുകളില്‍ പിടിപ്പിച്ചിരിക്കുന്ന ചില്ല് ടാങ്കുകളിലാണ് പല നിറത്തിലും പല വലിപ്പത്തിലുമുള്ള ഇഴജന്തുക്കളെ ഷീ സൂക്ഷിച്ചിരിക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് ഇവയെ തൊടാനും തലോടാനുമെല്ലാമുള്ള സൗകര്യമുണ്ടായിരിക്കും. വിസിറ്റേഴ്‌സ് ഫീസ് ഇല്ലാത്തതിനാല്‍ കഫേയില്‍ വെറുതെ കയറി ഒരു ചായയും പറഞ്ഞ് ചില്ല് ടാങ്കില്‍ നിന്ന് ഇഷ്ടപ്പെട്ട സുഹൃത്തിനെ കണ്ടെത്തി, പുറത്തെടുപ്പിച്ച് മിണ്ടിപ്പറഞ്ഞ് ഇരുന്നാല്‍ മാത്രം മതി. 

കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് സ്ത്രീകളാണ് ഇവിടെയെത്തി ഏറ്റവുമധികം സന്തോഷത്തോടെ മടങ്ങുന്നതെന്ന് ഷീ പറയുന്നു. മലമ്പാമ്പിനെയെല്ലാമെടുത്ത് കഴുത്തില്‍ ചുറ്റിയിട്ട് ഇരിക്കാന്‍ സ്ത്രീകളൊക്കെ തയ്യാറാകുന്നത് തന്നെ വലിയ കാര്യമെന്നും ഷീ പറയുന്നു. 

നേരത്തേ പൂച്ചകളെ വച്ച് ധാരാളം 'കാറ്റ് കഫേകള്‍' ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് ഇഴജന്തുക്കള്‍ക്ക് മാത്രമായി ഒരു കഫേ തുടങ്ങുന്നത്. ചെറിയ വിമര്‍ശനങ്ങളുണ്ടെങ്കിലും പൊതുവേ റെപ്‌റ്റൈല്‍ കഫേയ്ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.
 

click me!