രണ്ടിഞ്ച് നീളമുള്ള കണ്‍പീലികളുമായി പതിനൊന്നുകാരന്‍...

By Web TeamFirst Published Sep 21, 2018, 9:08 PM IST
Highlights

ഇപ്പോള്‍ പതിനൊന്ന് വയസ്സായി മുവിന്. ഏതാണ്ട് രണ്ടിഞ്ചാണ് കണ്‍പീലികള്‍ക്ക് ഇപ്പോഴുള്ള നീളം. നീണ്ട കണ്‍പീലികളായതുകൊണ്ട് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും എല്ലാവരെയും പോലെ തന്നെ സാധാരണരീതിയിലാണ് താന്‍ ജീവിക്കുന്നതെന്നും മുവിൻ പറയുന്നു

മോസ്‌കോ: അപൂര്‍വ്വമായ കണ്‍പീലികളുമായി റഷ്യയില്‍ ഒരു പതിനൊന്ന് വയസ്സുകാരന്‍. ജനിക്കുമ്പോഴേ നീണ്ട കണ്‍പീലികളായിരുന്നു മുവിന്‍ ബെക്ക്‌നോവിന്. മൂക്കും കടന്ന് ചുണ്ടിലേക്ക് ഉയര്‍ന്നുനില്‍ക്കുന്ന കണ്‍പീലികളുള്ള കുഞ്ഞിനെ കണ്ടപ്പോള്‍ ആദ്യം ഡോക്ടര്‍മാരും അച്ഛനും അമ്മയും ഒന്ന് ഞെട്ടി. 

സംഗതി അപൂര്‍വ്വമെങ്കിലും ഇതില്‍ ഭയപ്പെടാനൊന്നുമില്ലെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയപ്പോഴാണ് എല്ലാവര്‍ക്കും സമാധാനമായത്. ജീനുകളിലെ ചില വ്യതിയാനങ്ങളാണ് മുവിന് നീണ്ട കണ്‍പീലികള്‍ സമ്മാനിച്ചത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും മുവിനില്ല. 

ഇപ്പോള്‍ പതിനൊന്ന് വയസ്സായി മുവിന്. ഏതാണ്ട് രണ്ടിഞ്ചാണ് കണ്‍പീലികള്‍ക്ക് ഇപ്പോഴുള്ള നീളം. പുറത്തിറങ്ങുമ്പോഴെല്ലാം അപരിചിതരായ ആളുകള്‍ മകന്റെ കണ്‍പീലികള്‍ കണ്ട് അത്ഭുതപ്പെടാറുണ്ടെന്നും എന്നാല്‍ മോശമായ പ്രതികരണങ്ങളൊന്നും വരാറില്ലെന്നും മുവിന്റെ അച്ഛന്‍ സെദുലോ ബെക്ക്‌നോവ് പറയുന്നു. 

മുവിന്‍ ആണെങ്കില്‍ എല്ലാ കുട്ടികളെക്കാളും മിടുക്കനാണ്. ഭാവിയില്‍ ഒരു ഫുട്‌ബോള്‍ കളിക്കാരനാകണമെന്നാണ് ആഗ്രഹമെന്ന് മുവിന്‍ പറയുന്നു. നീണ്ട കണ്‍പീലികളായതുകൊണ്ട് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും എല്ലാവരെയും പോലെ തന്നെ സാധാരണരീതിയിലാണ് താന്‍ ജീവിക്കുന്നതെന്നും ഈ പതിനൊന്നുകാരന്‍ ആത്മവിശ്വാസത്തോടെ പറയുന്നു.
 

click me!