വിവാഹം എന്നാൽ മരണം വരെ മാറ്റമില്ലാത്ത ഒരു ചട്ടക്കൂടാണെന്ന ധാരണ തിരുത്തപ്പെടുകയാണെന്ന് റിപ്പോർട്ട്. പങ്കാളികൾ തമ്മിലുള്ള സ്നേഹവും പ്രതിബദ്ധതയും നിലനിർത്തിക്കൊണ്ടുതന്നെ, വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും കരിയറിനും പ്രാധാന്യം നൽകുന്ന ‘ഹൈബ്രിഡ് റിലേഷൻഷിപ്പുകൾ’ ഇന്ന് ആഗോളതലത്തിൽ ചർച്ചയാകുന്നു.
പ്രണയിക്കുക, വിവാഹം കഴിക്കുക, മരണം വരെ വൈകാരികമായും ശാരീരികമായും പരസ്പരമുള്ള വിശ്വസ്തത പുലർത്തുക, തലമുറകളായി നമ്മൾ കണ്ടുവരുന്ന വിവാഹബന്ധങ്ങളുടെ രീതിയാണിത്. എന്നാൽ 2026-ൽ ഈ ധാരണകൾ തിരുത്തി എഴുതപ്പെടുകയാണ്. വിവാഹമോചനത്തിലേക്ക് പോകാതെ തന്നെ, തങ്ങളുടെ ബന്ധത്തിൽ മാറ്റങ്ങൾ ആഗ്രഹിക്കുന്ന ദമ്പതികൾക്കിടയിൽ 'ഹൈബ്രിഡ് റിലേഷൻഷിപ്പ്' എന്ന ആശയം ഇന്ന് വൻതോതിൽ സ്വീകരിക്കപ്പെടുന്നു. പരമ്പരാഗതമായ ഏകഭാര്യ-ഏകഭർത്തൃ സങ്കല്പവും ആധുനികമായ സ്വാതന്ത്ര്യവും ഒത്തുചേരുന്ന ഒത്തുതീർപ്പുകളെയാണ് ലളിതമായി 'ഹൈബ്രിഡ്' എന്ന് വിളിക്കുന്നത്.
എന്താണ് ഹൈബ്രിഡ് റിലേഷൻഷിപ്പ്?
വിവാഹബന്ധത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ ദമ്പതികൾ പരസ്പര സമ്മതത്തോടെ ഉണ്ടാക്കിയെടുക്കുന്ന പുതിയ കരാറുകളെയാണ് ഹൈബ്രിഡ് റിലേഷൻഷിപ്പുകൾ എന്ന് വിളിക്കുന്നത്. ഇത് കേവലം ആധുനികവൽക്കരിക്കപ്പെട്ട വിവാഹങ്ങളല്ല, മറിച്ച് പ്രതിബദ്ധതയുടെ പുതിയൊരു രൂപമാണ്. ജോലി സംബന്ധമായ കാരണങ്ങളാൽ ദമ്പതികൾ വ്യത്യസ്ത നഗരങ്ങളിലോ രാജ്യങ്ങളിലോ താമസിക്കുമ്പോഴും, കുട്ടികൾക്ക് വേണ്ടി ഒരുമിച്ച് നിൽക്കുമ്പോഴും ഈ രീതി പരീക്ഷിക്കപ്പെടാറുണ്ട്. പങ്കാളിയോട് വൈകാരികമായ പ്രതിബദ്ധത പുലർത്തുന്നതോടൊപ്പം തന്നെ, ലൈംഗികമായ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരും ഈ ഹൈബ്രിഡ് രീതി തിരഞ്ഞെടുക്കുന്നു.
ആഷ്‌ലി മാഡിസണും മാറുന്ന ഡാറ്റയും
മുമ്പ് വിവാഹേതര ബന്ധങ്ങൾക്കായി മാത്രം ഉപയോഗിച്ചിരുന്ന ആഷ്‌ലി മാഡിസൺ പോലുള്ള ഡേറ്റിംഗ് ആപ്പുകളിൽ വന്നിട്ടുള്ള മാറ്റം ഈ ട്രെൻഡിന് തെളിവാണ്. 2025-ന്റെ അവസാനത്തോടെ ഈ ആപ്പിൽ രജിസ്റ്റർ ചെയ്തവരിൽ 57 ശതമാനവും സിംഗിൾ എന്ന് അടയാളപ്പെടുത്തിയവരാണ്. അതായത്, വിവാഹം കഴിഞ്ഞവർ മാത്രമല്ല, പരമ്പരാഗതമായ ബന്ധങ്ങളിൽ നിന്ന് മാറി ഫ്ലെക്സിബിളായ ബന്ധങ്ങൾ ആഗ്രഹിക്കുന്നവരും ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നു. ഡിസ്ക്രീറ്റ് ഡേറ്റിംഗ് എന്നത് ഇപ്പോൾ വെറുമൊരു ചതിക്കലല്ല, മറിച്ച് പുതിയ ബന്ധങ്ങൾ പരീക്ഷിക്കാനുള്ള ഇടമായി മാറിയിരിക്കുന്നു.
ഹൈബ്രിഡ് ബന്ധങ്ങൾ പല തരത്തിലുണ്ട്:
- ലിവിംഗ് അപ്പാർട്ട് ടുഗെദർ: പ്രൊഫഷണൽ ആവശ്യങ്ങൾക്കായി ദമ്പതികൾ അകന്നു താമസിക്കുമ്പോഴും തങ്ങളുടെ ബന്ധം ദൃഢമായി നിലനിർത്തുന്ന രീതി.
- ഡോണ്ട് ആസ്ക്, ഡോണ്ട് ടെൽ : പങ്കാളികൾക്ക് വിവാഹത്തിന് പുറത്ത് മറ്റ് ബന്ധങ്ങളുണ്ടാകാം, എന്നാൽ അതിനെക്കുറിച്ച് പരസ്പരം ചോദിക്കില്ലെന്ന നിശബ്ദമായ ധാരണ.
- കമ്പാനിയനേറ്റ് മാരേജ് : ലൈംഗികതയേക്കാൾ ഉപരിയായി സൗഹൃദത്തിനും സാമ്പത്തിക ഭദ്രതയ്ക്കും പ്രാധാന്യം നൽകുന്ന ബന്ധങ്ങൾ. പ്രത്യേകിച്ച് മധ്യവയസ്സിലെത്തിയ ദമ്പതികൾക്കിടയിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.
സമ്മതമാണ് പ്രധാനം
ഹൈബ്രിഡ് റിലേഷൻഷിപ്പുകൾ നിയമപരമായ കരാറുകളല്ല, മറിച്ച് ദമ്പതികൾക്കിടയിലുള്ള വിശ്വാസത്തിന്റെയും തുറന്ന ആശയവിനിമയത്തിന്റെയും അടിസ്ഥാനത്തിൽ രൂപപ്പെടുന്നതാണ്. 2023-ലെ പ്യൂ റിസർച്ച് സെന്ററിന്റെ പഠനമനുസരിച്ച്, 30 വയസ്സിന് താഴെയുള്ളവരിൽ 51 ശതമാനം പേരും ഓപ്പൺ മാരേജുകൾ സ്വീകാര്യമാണെന്ന് വിശ്വസിക്കുന്നവരാണ്. പ്രായമായവർക്കിടയിൽ ഈ ശതമാനം കുറവാണെങ്കിലും, ഇന്ത്യയിലെ നഗരപ്രദേശങ്ങളിലെ ഉയർന്ന വിദ്യാഭ്യാസം നേടിയ ദമ്പതികൾക്കിടയിൽ ഇത്തരം ചർച്ചകൾ രഹസ്യമായെങ്കിലും നടക്കുന്നുണ്ടെന്നതാണ് വസ്തുത.
വെല്ലുവിളികളും സാധ്യതകളും
ഹൈബ്രിഡ് ബന്ധങ്ങൾ എന്നാൽ അത് ലാഘവത്തോടെ കാണാവുന്ന ഒന്നല്ല. സത്യത്തിൽ, സാധാരണ ബന്ധങ്ങളേക്കാൾ കൂടുതൽ തുറന്ന ആശയവിനിമയം ഇത്തരം ബന്ധങ്ങൾക്ക് ആവശ്യമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പങ്കാളികൾ തമ്മിലുള്ള ബഹുമാനവും സത്യസന്ധതയും ഇതിൽ നിർണ്ണായകമാണ്. സോഷ്യൽ മീഡിയയുടെയും ഡേറ്റിംഗ് ആപ്പുകളുടെയും കാലത്ത് ബന്ധങ്ങൾ പെട്ടെന്ന് ഉപേക്ഷിക്കാവുന്നതാണെന്ന തോന്നലുണ്ടെങ്കിലും, വിവാഹമോചനത്തിന് പകരം തങ്ങളുടെ ബന്ധത്തെ റീ-ഡിസൈൻ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഹൈബ്രിഡ് രീതി തിരഞ്ഞെടുക്കുന്നത്.


