വണ്ണം കുറയ്ക്കാന്‍ ഈ ജ്യൂസ്; തയ്യാറാക്കാന്‍ വേണ്ടത് രണ്ട് മിനുറ്റ് മാത്രം

Published : Jan 30, 2019, 06:18 PM ISTUpdated : Jan 30, 2019, 06:54 PM IST
വണ്ണം കുറയ്ക്കാന്‍ ഈ ജ്യൂസ്; തയ്യാറാക്കാന്‍ വേണ്ടത് രണ്ട് മിനുറ്റ് മാത്രം

Synopsis

വണ്ണം കുറയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നവര്‍ മിക്കപ്പോഴും ആശ്രയിക്കുന്നത് ജ്യൂസുകളെയാണ്. പഴങ്ങളോ പച്ചക്കറിയോ ഒക്കെയാകാം ജ്യൂസുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ അവയെക്കാളൊക്കെ അധികം ഫലം നല്‍കാന്‍ കഴിയുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന ജ്യൂസാണ് കുടിക്കുന്നതെങ്കിലോ?  

വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പത്തിലുള്ള ഒരു പരിപാടിയല്ല. വര്‍ക്കൗട്ടിനൊപ്പം വൃത്തിയും ചിട്ടയുമുള്ള ജീവിതരീതികളും ഇതിന് നിര്‍ബന്ധമാണ്. പ്രത്യേകിച്ച് ഡയറ്റ്. വണ്ണം കുറയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നവര്‍ മിക്കപ്പോഴും ആശ്രയിക്കുന്നത് ജ്യൂസുകളെയാണ്. പഴങ്ങളോ പച്ചക്കറിയോ ഒക്കെയാകാം ജ്യൂസുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. 

എന്നാല്‍ അവയെക്കാളൊക്കെ അധികം ഫലം നല്‍കാന്‍ കഴിയുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന ജ്യൂസാണ് കുടിക്കുന്നതെങ്കിലോ? അത് വണ്ണം കുറയ്ക്കാന്‍ മാത്രമല്ല ആരോഗ്യത്തിനും ഒരു മുതല്‍ക്കൂട്ടാകും. അത്തരത്തിലൊരു ജ്യൂസിനെ പറ്റിയാണ് പറയുന്നത്. 

നാലേനാല് ചേരുവകളേ ഇതിന് ആവശ്യമായിട്ടുള്ളൂ. 

ഒന്ന്...

മഞ്ഞളാണ് ഇതിലെ ഒരു ചേരുവ. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന പദാര്‍ത്ഥമാണ് ശരീരത്തിന് ഗുണകരമാകുന്നത്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം ഇത് വളരെ പ്രയോജനപ്പെടുന്നത് കൂടിയാണ്. 

രണ്ട്...

കക്കിരിയാണ് (cucumber)  ഈ ജ്യൂസില്‍ ചേര്‍ക്കുന്ന മറ്റൊരു പ്രധാന ചേരുവ. കലോറിയുടെ കാര്യം പരിഗണിക്കുമ്പോഴാണ് വണ്ണം കുറയ്ക്കുന്നവര്‍ക്ക് കക്കിരി കഴിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാകുക. 100 ഗ്രാം കക്കിരിയില്‍ ആകെ 16 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇതിന് പുറമെ ഫൈബറുകള്‍, വിറ്റാമിന്‍- കെ, സി, എ, മഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവയാലെല്ലാം സമ്പുഷ്ടമാണ് കക്കിരി. 

മൂന്ന്...

ഇഞ്ചിയാണ് ഈ ജ്യൂസിലെ മറ്റൊരു ചേരുവ. ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കാനാണ് ഇഞ്ചി പ്രധാനമായും സഹായകമാകുന്നത്. ദഹനപ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ നടന്നില്ലെങ്കില്‍ അത് ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും വര്‍ക്കൗട്ടും ഡയറ്റുമുള്‍പ്പെടെയുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്‌തേക്കാം. 

നാല്...

നാലാമതായി കുരുമുളകാണ് ഇതിന് ഉപയോഗിക്കുന്നത്. കുരുമുളക് ഉണക്കിപ്പൊടിച്ചത് അല്‍പം മതിയാകും. 

തയ്യാറാക്കാന്‍ ആകെ വേണ്ടത് രണ്ട് മിനുറ്റ് മാത്രം...

ഒരു കക്കിരി കഷ്ണങ്ങളായി അരിയുക. ഒരിഞ്ചോളം വലുപ്പത്തിലുള്ള മഞ്ഞള്‍, രണ്ടോ മൂന്നോ ടേബിള്‍ സ്പൂണോളം ചിരവിയ ഇഞ്ചി, ഒരു നുള്ള് കുരുമുളകുപൊടി എന്നിവ ചേര്‍ക്കുക. ആവശ്യമെങ്കില്‍ നുള്ള് ഉപ്പും ചേര്‍ക്കാം. എന്നാല്‍ ഉപ്പില്ലാതെയായിരിക്കും കൂറെക്കൂടി ആരോഗ്യകരമാവുക. എല്ലാ ചേരുവകളും കൂടി ചേര്‍ത്ത് ഒരുമിച്ച് അടിച്ചെടുത്ത്, അരിച്ച് ഉപയോഗിക്കാം. 

രാവിലെയാണ് ഈ ജ്യൂസ് കഴിക്കാന്‍ ഏറ്റവും നല്ലത്. വര്‍ക്കൗട്ടും മറ്റ് ഡയറ്റുമെല്ലാം ഇതോടൊപ്പം തന്നെ തുടരാവുന്നതുമാണ്.

PREV
click me!

Recommended Stories

സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ ലഭിക്കുന്ന 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്
തേൻ ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ