ദിവസവും മുട്ട കഴിക്കുന്നത് ഹൃദയത്തിന് പ്രശ്‌നമോ?

Published : Jan 28, 2019, 05:49 PM IST
ദിവസവും മുട്ട കഴിക്കുന്നത് ഹൃദയത്തിന് പ്രശ്‌നമോ?

Synopsis

'ഹാര്‍ട്ട്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. മുമ്പ് നടന്ന പല പഠനങ്ങളുടെയും നിഗമനങ്ങളെ തള്ളിക്കൊണ്ടാണ് തങ്ങളുടെ പഠനം പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നതെന്ന് ഇതിന് നേതൃത്വം നല്‍കിയ കാന്‍ക്വിംഗ് യൂ പറഞ്ഞു

ദിവസവും മുട്ട കഴിച്ചാല്‍ ഹൃദയാരോഗ്യത്തിന് ദോഷമാണെന്ന് പലരും പറയുന്നത് കേട്ടിട്ടില്ലേ? യഥാര്‍ത്ഥത്തില്‍ ഇത് സത്യമാണോ? നേരത്തേ പല പഠനങ്ങളും ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്. അതായത് മുട്ട കഴിക്കുമ്പോള്‍ ധാരാളം കൊളസ്‌ട്രോള്‍ ശരീരത്തില്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ടെന്നും ഇത് ക്രമേണ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നുമെല്ലാം ആണ് ആളുകള്‍ ഉപദേശിക്കാറ്. 

രോഗികളെ മുട്ട കഴിക്കുന്നതില്‍ നിന്ന് ഡോക്ടര്‍മാരും വിലക്കാറുണ്ട്. പ്രത്യേകിച്ച് കൊളസ്‌ട്രോള്‍ ഉള്ളവരെ. എന്നാല്‍ ആരോഗ്യമുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് നിത്യവും ഒരു മുട്ട കഴിക്കുന്നത് അയാളുടെ ശരീരത്തില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുക? അത് അയാള്‍ക്ക് ദോഷം ചെയ്യുമോ?

ഈ വിഷയത്തില്‍ ചൈനയില്‍ നിന്നുള്ള ഒരുകൂട്ടം ആരോഗ്യ വിദഗ്ധര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ നിഗമനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല ഏതാണ്ട് 18 ശതമാനത്തോളം ഹൃദ്രോഗ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുമത്രേ. 

'ഹാര്‍ട്ട്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. മുമ്പ് നടന്ന പല പഠനങ്ങളുടെയും നിഗമനങ്ങളെ തള്ളിക്കൊണ്ടാണ് തങ്ങളുടെ പഠനം പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നതെന്ന് ഇതിന് നേതൃത്വം നല്‍കിയ കാന്‍ക്വിംഗ് യൂ പറഞ്ഞു. 

ഹൃദയത്തെ സുരക്ഷിതമാക്കുന്നതിന് പുറമെ എന്നും മുട്ട കഴിക്കുന്നത് തലച്ചോറിലെ ധമനികള്‍ പൊട്ടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പക്ഷാഘാതത്തിനുള്ള സാധ്യത 26 ശതമാനത്തോളം കുറയ്ക്കുമത്രേ. ഈ പക്ഷാഘാതം മൂലം മരിക്കാനുള്ള സാധ്യതയില്‍ 28 ശതമാനവും കുറവ് വരുത്തുന്നു. 

പ്രധാനമായും മുട്ട കഴിക്കുന്നത് ഹൃദയത്തിന് തന്നെയാണ് മുതല്‍ക്കൂട്ടാവുകയെന്നതാണ് പഠനം അവകാശപ്പെടുന്നത്. ഇതോടൊപ്പം തന്നെ മിതമായ കഴിപ്പ് മാത്രമേ ഇത്തരത്തില്‍ ഗുണങ്ങളുണ്ടാക്കുകയുള്ളൂവെന്നും അമിതമായ കഴിപ്പ് വിപരീതഫലത്തിലേക്ക് എത്തിക്കുമെന്ന് കൂടി പഠനത്തിന് നേതൃത്വം നല്‍കിയവര്‍ ഓര്‍മ്മിപ്പിക്കുന്നു.

PREV
click me!

Recommended Stories

സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ ലഭിക്കുന്ന 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്
തേൻ ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ