ക്യാന്‍സറിനോട് പൊരുതി ഇര്‍ഫാന്‍ ഖാന്‍; ചികിത്സയ്ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തും

By Web TeamFirst Published Oct 24, 2018, 11:13 PM IST
Highlights

ഇര്‍ഫാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ഹിന്ദി മീഡിയം' എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് താരവുമായി അടുത്ത വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്
 

ദില്ലി: ക്യാന്‍സര്‍ ബാധിച്ച് ലണ്ടനില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ ചികിത്സയ്ക്ക് ശേഷം തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുന്നു. ദീപാവലി കഴിഞ്ഞയുടന്‍ ഇര്‍ഫാന്‍ ഖാന്‍ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് സൂചന.

ഇര്‍ഫാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ഹിന്ദി മീഡിയം' എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ 'ഹിന്ദി മീഡിയം 2'ന്റെ ചിത്രീകരണം ഉടനുണ്ടാകില്ലെന്നാണ് സൂചന. 

ആന്തരീകാവയവങ്ങളെ ബാധിക്കുന്ന 'ന്യൂറോ എന്‍ഡോക്രൈന്‍' എന്ന അപൂര്‍വ്വയിനം ക്യാന്‍സറാണ് അമ്പത്തിയൊന്നുകാരനായ ഇര്‍ഫാന്‍ ഖാന്. ഈ വര്‍ഷം ആദ്യം, താരം തന്നെയാണ് തന്റെ അസുഖവിവരം പുറത്തറിയിച്ചത്. തുടര്‍ന്ന് ചികിത്സയുടെ ഓരോ ഘട്ടങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ഇര്‍ഫാന്‍ ഖാന്‍ ആരാധകരുമായി പങ്കുവച്ചിരുന്നു. രോഗവിവരം അറിഞ്ഞ് വൈകാതെ തന്നെ താരം ചികിത്സയ്ക്കായി ലണ്ടനിലേക്ക് തിരിച്ചിരുന്നു. 

ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറിനെക്കുറിച്ച്...

കണ്ടെത്താന്‍ ഏറ്റവും വിഷമതയുള്ള ഒരു തരം ക്യാന്‍സറാണ് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍. ആന്തരീകാവയവങ്ങളെയാണ് പ്രധാനമായും ഇത് ബാധിക്കുക. പലപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ പോലും പ്രകടിപ്പിക്കില്ല. തൊലിപ്പുറത്തെ തടിപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള മാറ്റവുമാണ് ഇതിന്റെ പ്രകടമായ പ്രധാന ലക്ഷങ്ങള്‍.   

കാര്യമായ ലക്ഷണങ്ങളില്ലാത്തത് കൊണ്ടുതന്നെ രോഗം കണ്ടെത്താനും വളരെ ബുദ്ധിമുട്ടാണ്. വളരെ പതിയെ മാത്രം വളര്‍ന്ന്  ശരീരമാകെ പടരാന്‍ സാധ്യതയുള്ള ഒരിനം ട്യൂമറാണിത്. രോഗത്തിന്റെ ഘട്ടം അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. ചിലര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായിവരും. മറ്റ് ചിലര്‍ക്ക് റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയ ചികിത്സാരീതികളും ആവശ്യമായി വരും.
 

click me!