ഇന്നത്തെ പ്രണയബന്ധങ്ങൾ വെറുമൊരു വൈകാരിക ബന്ധം മാത്രമല്ല, അത് വ്യക്തമായ നിലപാടുകളുടെയും മൂല്യങ്ങളുടെയും കൂടി അടയാളപ്പെടുത്തലാണ്. മില്ലേനിയൽസ് പലപ്പോഴും റിലേഷൻഷിപ്പുകളിൽ നോർമലൈസ് ചെയ്തിരുന്ന പല കാര്യങ്ങളും ഇന്നത്തെ ജെൻ സി ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഓരോ തലമുറയും വളരുന്ന സാഹചര്യങ്ങൾ അവരുടെ പ്രണയ സങ്കല്പങ്ങളെയും സ്വാധീനിക്കാറുണ്ട്. മില്ലേനിയൽസ് വളർന്നത് ഫേസ്ബുക്കിലെ 'ഇറ്റ്സ് കോംപ്ലിക്കേറ്റഡ്' സ്റ്റാറ്റസുകൾക്കും പൈങ്കിളി പ്രണയങ്ങൾക്കും ഇടയിലുള്ള ഒരു കാലത്താണ്. എന്നാൽ അവർ പലപ്പോഴും ബന്ധങ്ങളിൽ സഹിച്ചിരുന്ന അല്ലെങ്കിൽ നോർമലായി കണ്ടിരുന്ന പല കാര്യങ്ങളും ഇന്നത്തെ ജെൻ സി ഒരു തരത്തിലും അംഗീകരിക്കാൻ തയ്യാറല്ലെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജെൻ സി ഒരിക്കലും ടോളറേറ്റ് ചെയ്യാത്ത ആ 9 റിലേഷൻഷിപ്പ് ശീലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
സോഷ്യൽ അവയർനസ് ഇല്ലായ്മ
ലോകത്തെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അറിവില്ലാത്ത ഒരാളുമായി റിലേഷൻഷിപ്പിൽ ഏർപ്പെടാൻ ജെൻ സിക്ക് താല്പര്യമില്ല. കാലാവസ്ഥാ വ്യതിയാനം മുതൽ മനുഷ്യാവകാശ ലംഘനങ്ങൾ വരെ സമൂഹത്തെ ബാധിക്കുന്ന ഗൗരവകരമായ വിഷയങ്ങളിൽ വ്യക്തമായ ധാരണയുള്ള പങ്കാളിയെയാണ് അവർ തേടുന്നത്. ഇത് കേവലം അറിവിന്റെ പ്രശ്നമല്ലെന്നും, മറിച്ച് പങ്കാളികൾ തമ്മിലുള്ള 'ഷെയേർഡ് വാല്യൂസ്' അവരുടെ ദാമ്പത്യ സംതൃപ്തിയെ സ്വാധീനിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ജെൻ സിയെ സംബന്ധിച്ചിടത്തോളം 'വോക്ക്' ആയിരിക്കുക എന്നത് തങ്ങളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരാളെ കണ്ടെത്തുക എന്നതാണ്.
പുകവലി: ആരോഗ്യത്തിന് മാത്രമല്ല പ്രണയത്തിനും ഹാനികരം
സിഗരറ്റിലുള്ള 7,000-ത്തിലധികം രാസവസ്തുക്കൾ ആരോഗ്യത്തിന് മോശമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ പുകവലിക്കുന്ന ഒരാളുമായി ഒന്നിച്ച് താമസിക്കുന്നത് പുകവലിക്കാത്ത ആളുകളിൽ ശ്വാസകോശ അർബുദ സാധ്യത 20-30% വർദ്ധിപ്പിക്കുമെന്ന് യു.എസ് സർജൻ ജനറലിന്റെ റിപ്പോർട്ട് കണക്കാക്കുന്നു. ഈ കണക്കുകളും പുകവലിക്കുമ്പോഴുണ്ടാകുന്ന ദുർഗന്ധവും കാരണം ജെൻ സി പുകവലിക്കുന്നവരെ തങ്ങളുടെ ഡേറ്റിംഗ് ലിസ്റ്റിൽ നിന്ന് പാടെ ഒഴിവാക്കുന്നു.
രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ വൈരുദ്ധ്യം
രാഷ്ട്രീയ വിയോജിപ്പുകൾ പ്രണയത്തിൽ തടസമാകുമെന്ന് ജെൻ സി വിശ്വസിക്കുന്നു. ഹാരിസ് പോൾ നടത്തിയ സർവ്വേ പ്രകാരം, 48% മില്ലേനിയൽസ് വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരുമായി സീരിയസ് റിലേഷൻഷിപ്പിൽ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ ജെൻ സി ഇതിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നു. രാഷ്ട്രീയമായ പൊരുത്തക്കേടുകളെ വെറുമൊരു അഭിപ്രായ വ്യത്യാസമല്ല, മറിച്ച് മൂല്യങ്ങളിലെ വലിയൊരു പൊരുത്തക്കേടായാണ് അവർ കാണുന്നത്. കടുത്ത രാഷ്ട്രീയ വൈരുദ്ധ്യമുള്ള വീട്ടിൽ തർക്കങ്ങൾ നിരന്തരമാകുമെന്ന് ഇവർ ഭയപ്പെടുന്നു.
സാമ്പത്തിക ബാധ്യതകളും ബാഡ് ക്രെഡിറ്റും
സാമ്പത്തിക അച്ചടക്കമില്ലായ്മയെ ജെൻ സി കടുത്ത റെഡ് ഫ്ലാഗ് ആയിട്ടാണ് കാണുന്നത്. കവിഞ്ഞ സാമ്പത്തിക ബാധ്യതയോ മോശം ക്രെഡിറ്റ് സ്കോറോ ഉള്ള പങ്കാളിയെ അവർ സ്വീകരിക്കില്ല. സാമ്പത്തിക കാര്യങ്ങളിലുള്ള അഭിപ്രായവ്യത്യാസങ്ങളും കടബാധ്യതകളെക്കുറിച്ച് വിവാഹത്തിന് മുൻപ് വെളിപ്പെടുത്താത്തതും ദമ്പതികൾക്കിടയിൽ വലിയ സംഘർഷങ്ങൾക്ക് നയിക്കുമെന്ന് റിലേഷൻഷിപ്പ് തെറാപ്പിസ്റ്റ് പറയുന്നു. സാമ്പത്തിക സുരക്ഷിതത്വത്തിന് ജെൻ സി നൽകുന്ന പ്രാധാന്യം ഇതിൽ വ്യക്തമാണ്.
സോഷ്യൽ മീഡിയയിലെ അവഗണന
സോഷ്യൽ മീഡിയയിൽ തങ്ങളുടെ പങ്കാളിയെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരിക്കുന്നത് ജെൻ സിക്ക് അംഗീകരിക്കാനാവില്ല. റിലേഷൻഷിപ്പ് വിദഗ്ധർ പറയുന്നത് പ്രകാരം, പ്രണയത്തിന്റെ ആദ്യ ഘട്ടങ്ങളിൽ പ്രൈവസി അത്യാവശ്യമാണെങ്കിലും, പങ്കാളിയെ സോഷ്യൽ മീഡിയയിൽ പൂർണ്ണമായും ഇൻവിസിബിളാക്കി വെക്കുന്നത് അവരെ ഒരു സീക്രട്ടായി കൊണ്ടുനടക്കുന്നതിന് തുല്യമാണ്. മില്ലേനിയൽസ് ഇതിൽ അയവ് വരുത്തിയിരുന്നെങ്കിലും ജെൻ സി ഇത് ഒരു ഡീൽ-ബ്രേക്കറായി കാണുന്നു.
കമ്മിറ്റഡായ ശേഷവും ഡേറ്റിംഗ് ആപ്പുകളിൽ തുടരുന്നത്
ഒരു റിലേഷൻഷിപ്പിൽ ഏർപ്പെട്ട ശേഷവും ഫോണിൽ ആക്ടീവ് ആയിട്ടുള്ള ഡേറ്റിംഗ് പ്രൊഫൈലുകൾ ഉണ്ടെങ്കിൽ അത് വിശ്വാസവഞ്ചനയായിട്ടാണ് ജെൻ സി കാണുന്നത്. ഒരു റിലേഷൻഷിപ്പ് എക്സ്ക്ലൂസീവായിക്കഴിഞ്ഞാൽ ആപ്പുകൾ ഡിലീറ്റ് ചെയ്യണം എന്നത് ഇവർക്ക് നിർബന്ധമാണ്. പഠനങ്ങൾ പ്രകാരം, സീരിയസ് റിലേഷൻഷിപ്പിൽ ഉള്ളവരിൽ 40% പേരും ഇപ്പോഴും ഡേറ്റിംഗ് ആപ്പുകളിൽ ആക്ടീവ് ആണ്.
മോശം ആശയവിനിമയ രീതികൾ
മെസ്സേജുകൾക്ക് വ്യക്തമായ മറുപടി നൽകാതിരിക്കുന്നതോ, വെയ്ഗ് ഇമോജികൾ നൽകുന്നതോ, ദിവസങ്ങളോളം മറുപടി നൽകാതെ വായനക്കാരെ കാത്തുനിർത്തുന്നതോ ജെൻ സിക്ക് സഹിക്കാനാവില്ല. മോശം ആശയവിനിമയം റിലേഷൻഷിപ്പുകൾ തകരാൻ പ്രധാന കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൃത്യസമയത്ത് മറുപടി നൽകാത്തത് ബഹുമാനക്കുറവായാണ് ജെൻ സി വിലയിരുത്തുന്നത്.
അമിതമായ ഫോൺ ഉപയോഗം
ഒരുമിച്ച് സമയം ചെലവഴിക്കുമ്പോൾ പങ്കാളി ഫോണിൽ മുഴുകിയിരിക്കുന്നത് ജെൻസിയെ വല്ലാതെ ചൊടിപ്പിക്കുന്നു. ബെയ്‌ലർ യൂണിവേഴ്‌സിറ്റി നടത്തിയ പഠനപ്രകാരം, 70% ആളുകളും തങ്ങളുടെ പങ്കാളിയുടെ ഫോൺ ഉപയോഗം ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ജീവിത സംതൃപ്തി കുറയ്ക്കാനും വിഷാദത്തിന് കാരണമാകാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഗോസ്റ്റിംഗ് & ബ്രെഡ്ക്രംബിംഗ്
മറുപടി നൽകാതെ പെട്ടെന്ന് അപ്രത്യക്ഷമാകുന്നതോ, വെറുതെ പ്രതീക്ഷകൾ നൽകി കൂടെ നിർത്തി സമയം കളയുന്നതോ ജെൻ സിക്ക് തീരെ ഇഷ്ടമല്ല. ഇത്തരം പ്രവണതകൾ അനുഭവിക്കുന്നവരിൽ ജീവിത സംതൃപ്തി കുറയാനും ഒറ്റപ്പെടൽ, നിസ്സഹായാവസ്ഥ എന്നിവ വർദ്ധിക്കാനും സാധ്യതയുണ്ടെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാസ്റ്റില്ല-ലാ മാഞ്ച നടത്തിയ പഠനം പറയുന്നു. പ്രണയത്തിൽ സുതാര്യതയും വ്യക്തതയുമാണ് ജെൻ-സി ആഗ്രഹിക്കുന്നത്.
മില്ലേനിയൽസ് നോർമലൈസ് ചെയ്തിരുന്ന പല കാര്യങ്ങളും ഇന്ന് വലിയ വിട്ടുവീഴ്ചകൾക്ക് കാരണമാകുന്നുവെന്നാണ് ആഗോള റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. കൂടുതൽ വ്യക്തമായ നിലപാടുകളും കൃത്യമായ മൂല്യങ്ങളും സുതാര്യതയും ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ ജെൻ സി തലമുറ.


