മരണമടഞ്ഞ ദാതാവിന്‍റെ ഗർഭപാത്രത്തില്‍ നിന്ന് ജനിച്ച ആ കുഞ്ഞുമാലാഖ ഇതാണ്

By Web TeamFirst Published Dec 9, 2018, 9:05 PM IST
Highlights

മരണമടഞ്ഞ ദാതാവിന്‍റെ ഗർഭപാത്രം സ്വീകരിച്ച സ്ത്രീ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ വാര്‍ത്ത ലോകം ആഘോഷിച്ചതാണ്. ആ ഭാഗ്യദമ്പതികളുടെയും കുഞ്ഞിന്‍റെയും വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നു

 

ബ്രസീലിയ: മരണമടഞ്ഞ ദാതാവിന്‍റെ ഗർഭപാത്രം സ്വീകരിച്ച സ്ത്രീ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ വാര്‍ത്ത ലോകം ആഘോഷിച്ചതാണ്.  വൈദ്യശാസ്ത്ര ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമാണിത്. ആ ഭാഗ്യദമ്പതികളുടെയും  കുഞ്ഞിന്‍റെയും വിവരങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.  ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ആ ഭാഗ്യ ദമ്പതികളായ ഫാബിയാന അമോറിമും ഭര്‍ത്താവ് ക്ലോഡിയോ സാന്‍റോസും ലൂയിസ എന്ന  തങ്ങളുടെ മാലാഖ ജീവിതത്തിലേക്ക് വന്ന അനുഭവങ്ങള്‍ പങ്കുവെച്ചത്. 

 

അപൂർവരോഗം ബാധിച്ച് ഗർഭപാത്രം ജന്മനാ തന്നെ ഇല്ലാത്ത 32 കാരിയായ ഫാബിയാന ആണ് മരണമടഞ്ഞ സ്ത്രീയുടെ ഗർഭപാത്രം സ്വീകരിച്ചത്.  ബ്രസീലില്‍ 2017 ഡിസംബറില്‍ നടന്ന സംഭവത്തിന്‍റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടത്. ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നത്. 2016 സെപ്റ്റംബറിലാണ് ഗർഭപാത്രം സ്വീകരിച്ചത്. പക്ഷാഘാതം മൂലം മരിച്ച 45 കാരിയായിരുന്നു ദാതാവ്. പത്തുമണിക്കൂറിലധികം നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ഗര്‍ഭപാത്രം നീക്കം ചെയ്തത്.

പിന്നീട് ഇത് സ്വീകർത്താവില്‍ ട്രാൻസ്പ്ലാന്‍റ് ചെയ്യുകയായിരുന്നു. ട്രാൻസ്പ്ലാന്‍റിന് നാല് മാസം മുൻപ് ഇൻവിട്രോഫെർട്ടി ലൈസേഷൻ നടത്തുകയും ഫെർട്ടിലൈസ് ചെയ്ത അണ്ഡങ്ങൾ ഫ്രീസ് ചെയ്ത് സൂക്ഷിക്കുകയായിരുമായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു. ട്രാൻസ്പ്ലാന്‍റിന് ഏഴുമാസങ്ങൾക്ക് ശേഷം ഫെർട്ടിലൈസ് ചെയ്ത അണ്ഡം ഇംപ്ലാന്‍റ് ചെയ്തു.  10 ദിവസങ്ങൾക്കുശേഷം അവർ ഗർഭിണിയാണ് എന്ന് കണ്ടെത്തുകയും ആയിരുന്നു. 2017 ഡിസംബറില്‍ സിസേറിയനിലൂടെയാണ് ഫാബിയാന ഒരു പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

വിവാഹത്തിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ജന്മനാ ഗര്‍ഭപാത്രമില്ലാത്ത എംആര്‍സിഎച്ച് എന്ന പ്രത്യേക ശാരീരികാവസ്ഥയാണ് തനിക്കുള്ളതെന്ന് ഫാബിയാന തിരിച്ചറിഞ്ഞത്. ഇക്കാര്യം അറിയിച്ച് വിവാഹത്തില്‍ നിന്നും പിന്മാറാന്‍ ക്ലോറിഡിനോട് ഫാബിയ ആവശ്യപ്പെട്ടെങ്കിലും തന്നോടൊപ്പം ജീവിക്കുന്നതാണ് സന്തോഷമെന്നായിരുന്നു ക്ലോറിഡിന്‍റെ മറുപടി. തുടര്‍ന്ന് 2012ല്‍ ഇരുവരും വിവാഹിതരായി. 

വിവാഹം കഴിഞ്ഞ് പല ചികിത്സയും നടത്തിയെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയിരിക്കെയാണ് ജീവിച്ചിരിക്കുന്ന സ്ത്രീയില്‍ നിന്നും മറ്റൊരു സ്ത്രീയിലേക്ക് ഗര്‍ഭപാത്രം മാറ്റിവെച്ച സംഭവം വാര്‍ത്തകളിലൂടെ അറിഞ്ഞത്. തുടര്‍ന്ന് നിരവധി  അന്വേഷണങ്ങള്‍ക്കിടയിലാണ് സാവോ പോളോയിലെ ഒരു ആശുപത്രി ക്ലിനിക്കല്‍ പരീക്ഷണത്തിനായി ജന്മനാ ഗര്‍ഭപാത്രമില്ലാത്ത സ്ത്രീയെ തേടുന്നുവെന്ന വാര്‍ത്ത കണ്ടത്. 2016ലായിരുന്നു അത്. 

അങ്ങനെ പല പരിശോധനകള്‍ക്ക് ശേഷം ശസ്ത്രക്രിയ കഴിഞ്ഞു. ഐവിഎഫിലൂടെ ഗര്‍ഭധാരണം നടന്നുവെങ്കിലും ഡോക്ടര്‍മാര്‍ ഏറെ ആശങ്കയോടെയാണ് തന്‍റെ ഓരോ ശാരീരിക മാറ്റവും നിരീക്ഷിച്ചത്- ഫാബിയാന പറഞ്ഞു. ഫാബിയാനയുടെ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാം എന്തിനും തയ്യാറാണെങ്കില്‍ മാത്രം മുന്നോട്ട് പോവാമെന്നായിരുന്നു ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെന്ന് ക്ലോഡിയസ് പറയുന്നു.

എന്നാല്‍ പരീക്ഷണം വിജയിക്കുകയും ഐവിഎഫ് വഴി ആദ്യത്തെ ശ്രമത്തില്‍ തന്നെ ഫാബിയാന ഗര്‍ഭിണിയാവുകയും എട്ടാം മാസം സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ലൂയിസയ്ക്ക് ഒരു വയസ്സ് പൂര്‍ത്തിയാവാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.

 

click me!