മസ്‌തിഷ്‌ക മരണം സംഭവിച്ച യുവതി നാലുമാസത്തിനുശേഷം പ്രസവിച്ചു!

By Web DeskFirst Published Jun 9, 2016, 7:02 AM IST
Highlights

നാലു മാസം മുമ്പ് മസ്‌തിഷ്‌ക മരണം സംഭവിച്ച യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കി. നാലുമാസമായി വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള യന്ത്രങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ യുവതിയാണ് ഇപ്പോള്‍ പ്രസവിച്ചിരിക്കുന്നത്. പോര്‍ച്ചുഗലിലെ ലിസ്‌ബണിലാണ് വൈദ്യശാസ്‌ത്രത്തെ വിസ്‌മയിപ്പിച്ച സംഭവം. ഈ സംഭവം വൈദ്യശാസ്‌ത്രത്തിന് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്ന് ആരോഗ്യമേഖലയിലെ വിദഗ്ദ്ധ ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ആണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്. 2.35 കിലോ ഗ്രാം ഭാരമുള്ള കുട്ടി സുഖമായിരിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് യുവതിക്ക് മസ്‌തിഷ്‌ക്ക മരണം സംഭവിച്ചത്. അന്നു ഗര്‍ഭിണിയായിരുന്നു യുവതി. ഡോക്‌ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശു ആരോഗ്യവാനാണെന്ന് വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് യുവതിയെ വിദഗ്ദ്ധ പരിചരണത്തോടെ ആശുപത്രിയില്‍ ശുശ്രൂഷിച്ചുവരികയായിരുന്നു. കുടുംബാംഗങ്ങളുടെ സമ്മതപ്രകാരമാണ് മസ്‌തിഷ്‌ക്കമരണം സംഭവിച്ചിട്ടും, ഗര്‍ഭസ്ഥശിശുവിനെ ഉദരത്തില്‍ വളര്‍ത്താന്‍ ഡോക്‌ടര്‍മാര്‍ തീരുമാനിച്ചത്. ഗര്‍ഭസ്ഥശിശു പൂര്‍ണവളര്‍ച്ച എത്തിയതോടെ കഴിഞ്ഞദിവസം സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. അതേസമയം യുവതിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല.

മസ്‌തിഷ്‌ക്ക മരണം സംഭവിച്ച് ഇത്രനാള്‍ കഴിഞ്ഞിട്ടും കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്ന സംഭവം ഇതാദ്യമായാണ്. കഴിഞ്ഞ മാസം പോളണ്ടില്‍, അമ്മയുടെ മസ്‌തിഷ്‌ക്കമരണത്തിന് 55 ദിവസത്തിന് ശേഷം കുട്ടി ജനിച്ചിരുന്നു.

click me!