വാഴപ്പിണ്ടിയെ അത്ര നിസ്സാരമായി തള്ളേണ്ട...

By Web TeamFirst Published Feb 23, 2019, 6:58 PM IST
Highlights

സാധാരണഗതിയില്‍ വാഴപ്പിണ്ടി തോരനാണ് നമ്മള്‍ വീട്ടില്‍ തയ്യാറാക്കാറ്. എന്നാല്‍ ഇത് ജ്യൂസ് അടിച്ച് കഴിക്കുന്നതാണ് കുറെക്കൂടി ആരോഗ്യകരമായ രീതി. വാഴപ്പിണ്ടി ജ്യൂസ് തയ്യാറാക്കാനും വളരെ എളുപ്പമാണ്

മുമ്പൊക്കെയാണെങ്കില്‍ വീടുകളില്‍ അവരവരുടെ പറമ്പുകളില്‍ നിന്ന് തന്നെ ലഭിക്കുന്ന കാര്‍ഷികോത്പന്നങ്ങളാണ് മിക്കപ്പോഴും വിഭവങ്ങളാക്കുക. ചക്ക, മാങ്ങ, ചേന, ചേമ്പ്, കാച്ചില്‍, കായ അങ്ങനെ നീളുന്ന ലിസ്റ്റിലെ ഒരു പ്രധാനിയാണ് വാഴപ്പിണ്ടി. 

നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും വാഴപ്പിണ്ടി പ്രിയപ്പെട്ട വിഭവം തന്നെയാണ്. ഗ്രാമങ്ങളില്‍ നിന്ന് കുടിയേറി നഗരങ്ങളില്‍ പാര്‍ക്കുന്നവര്‍ക്കാണെങ്കില്‍ ഇപ്പോള്‍ വാഴപ്പിണ്ടി മാര്‍ക്കറ്റുകളിലൊക്കെ സുലഭമാണ്. ഒരു വിഭവമെന്ന നിലയ്ക്ക് മാത്രമല്ല വാഴപ്പിണ്ടിയെ പണ്ടുള്ളവര്‍ കണക്കാക്കിയിരുന്നത്. ഡയറ്റിംഗും അതിന്റെ പ്രാധാന്യവുമൊക്കെ നമ്മള്‍ ദിവസത്തില്‍ നൂറുകുറി പറഞ്ഞുനടക്കുന്ന ഈ കാലത്തിനൊക്കെ മുമ്പ് തന്നെ ഡയറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി വാഴപ്പിണ്ടിയെ ആളുകള്‍ കരുതിപ്പോന്നിരുന്നു. 

ആരോഗ്യത്തിന് ഇത് നല്‍കുന്ന വിവിധ ഗുണങ്ങള്‍ തന്നെയാണ് കാരണം. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നുവെന്നതാണ് വാഴപ്പിണ്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. ദഹനത്തെ സുഗമമാക്കാനും അതുവഴി വയര്‍ ശുദ്ധിയായിരിക്കാനും വാഴപ്പിണ്ടി സഹായിക്കുന്നു. മലബന്ധം, അസിഡിറ്റി എന്നിവ ഒഴിവാക്കാനും ഈ ഒരൊറ്റ സവിശേഷത കൊണ്ടുമാത്രം ഇതിന് കഴിയുന്നുണ്ട്. 

വാഴപ്പിണ്ടിയിലടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തെ ശുദ്ധീകരിക്കും. ഇത് മൂലം ധമനികളില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് നീങ്ങുകയും കൊളസ്‌ട്രോളിനുള്ള സാധ്യത ഗണ്യമായി കുറയുകയും ചെയ്യുന്നു. ഇത് അമിതവണ്ണം വരാതെ ശരീരത്തെ കരുതാനും കാരണമാകുന്നു. മാത്രമല്ല, അമിതമായ വിശപ്പിനെ തടയുന്നതിനാല്‍ അമിതമായ ഭക്ഷണം കഴിപ്പും നമുക്ക് ഒഴിവാക്കാനാകും. ആ വകുപ്പിലും വണ്ണം കുറയ്ക്കണമെന്നുള്ളവര്‍ക്ക് ഇത് ഏറെ ഉപകാരപ്പെടുന്നു. 

സാധാരണഗതിയില്‍ വാഴപ്പിണ്ടി തോരനാണ് നമ്മള്‍ വീട്ടില്‍ തയ്യാറാക്കാറ്. എന്നാല്‍ ഇത് ജ്യൂസ് അടിച്ച് കഴിക്കുന്നതാണ് കുറെക്കൂടി ആരോഗ്യകരമായ രീതി. 

വാഴപ്പിണ്ടി ജ്യൂസ് തയ്യാറാക്കാം....

വാഴപ്പിണ്ടി ജ്യൂസ് തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. ഇത് ചെറുതായി അരിഞ്ഞ് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുത്താല്‍ മതി. പ്രത്യേകിച്ച് രുചിയൊന്നുമില്ലാത്തതിനാല്‍ ആവശ്യമെങ്കില്‍ ചെറിയൊരു കഷ്ണം ഇഞ്ചിയും തേനുമെല്ലാം ഇതില്‍ ചേര്‍ക്കാം. ജ്യൂസിന് രുചി കിട്ടുമെന്ന് മാത്രമല്ല, കൂടുതല്‍ ആരോഗ്യകരമാവുകയും ചെയ്യും. 

രാവിലെ വാഴപ്പിണ്ടി ജ്യൂസ് ഒരല്‍പം കഴിക്കുന്നത് പ്രമേഹം തടയാനും രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാനുമെല്ലാം സഹായകമാണ്. ഉദരസംബന്ധമായ ഒട്ടുമിക്ക രോഗങ്ങള്‍ക്കും പരിഹാരമാകുമെന്ന കാര്യത്തിലും സംശയം വേണ്ട. 

click me!