
മലയാളിയുടെ ഭക്ഷണശീലത്തിന്റെ ഭാഗമാണ് മോര്. ഉച്ചയൂണിന് ഒടുവിൽ അൽപ്പം മോര് അല്ലെങ്കിൽ രസം ഇതില്ലാതെ ഭക്ഷണം പൂർണമല്ലെന്ന് കരുതുന്നവരാണ് നല്ലൊരു വിഭാഗവും. ദാഹവും ക്ഷീണവും ഒന്നിച്ചുവരുമ്പോള്‍ ആദ്യം അന്വേഷിക്കുന്ന പാനീയങ്ങളിൽ ഒന്ന് മോര് തന്നെയാണ്. എന്താണ് മോരിനെ ഇത്ര പ്രിയപ്പെട്ടതാക്കിയത്.
ഭക്ഷണത്തിന് ശേഷമുള്ള മോര് ദഹനത്തെ വേഗത്തിലാക്കും. അതുകൊണ്ട് തന്നെ വിഭവസമൃദ്ധമായ സദ്യവട്ടത്തിൽ മോരിന് ഒഴിവാക്കാനാവാത്ത സ്ഥാനമുള്ളത്. പാലിൽ നിന്നുണ്ടാക്കുന്ന ഇൗ വിശിഷ്ട പാനീയത്തിൽ പാലില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ദഹനത്തെ സുഗമമാക്കാൻ ഇത് സഹായിക്കുന്നു. കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ ബി12 എന്നിവയുടെ കലവറ കൂടിയാണ് മോര്.
കൊഴുപ്പിന്റെ അംശം കുറവാണെന്നതും പ്രത്യേകതയാണ്. മോര് എല്ലിന്റെ ബലം കൂട്ടും. മോരില്‍ നിന്നും എളുപ്പത്തില്‍ കാല്‍സ്യം ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കുന്നതിനാലാണിത്. എല്ലാദിവസവും മോര് കുടിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും ഇതിന് പങ്കുണ്ട്.
മോരിൽ പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉപ്പ് തുടങ്ങിയ ചേർത്തുള്ള സംഭാരം ഇന്ന് പ്രധാന ദാഹനശമനിയും ആരോഗ്യദായകവുമാണ്. വിപണിയിൽ ലഭിക്കുന്ന സംഭാരം കുടിക്കുന്നതിന് മുമ്പ് ഗുണനിലവാരം ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam