കുഞ്ഞിക്കാൽ കാണാത്തതിൽ നിരാശ വേണ്ട; ക്ഷമയോടെയുള്ള ചികിത്സയാകാം

Published : Dec 31, 2017, 01:28 PM ISTUpdated : Oct 04, 2018, 11:22 PM IST
കുഞ്ഞിക്കാൽ കാണാത്തതിൽ നിരാശ വേണ്ട; ക്ഷമയോടെയുള്ള ചികിത്സയാകാം

Synopsis

വിവാഹം കഴിഞ്ഞ്​ വർഷങ്ങൾ പിന്നിട്ടിട്ടും ഒരു കുഞ്ഞിക്കാൽ കാണാനാകാത്തത്​ പല വീട്ടകങ്ങളുടെയും അടക്കിപ്പിടിച്ച തേങ്ങലായി നിൽക്കുന്നു. ഗർഭധാരണത്തിനും കുഞ്ഞുണ്ടാകുന്നതിനും ഒരുപാട്​ തടസങ്ങൾ ഉണ്ടാകാറുണ്ട്​. ഇത്​ ​ഒരു രോഗാവസ്​ഥയാണെന്ന്​ കണ്ട്​ ചികിത്സിച്ചാൽ വൈകാതെ ദമ്പതികളുടെ മുഖത്തെ നിരാശ സന്തോഷത്തിലേക്കും കളിചിരികളിലേക്കും വഴിമാറും.

വന്ധ്യതാ ചികിത്സയിൽ ഇന്ന്​ ഏറെ മാറ്റങ്ങളും പുരോഗതിയും വന്നുകഴിഞ്ഞു. കുഞ്ഞുണ്ടാകാത്ത അവസ്​ഥയിൽ നിന്ന്​ അതിനുള്ള സാധ്യത 30 മുതൽ 50 ശതമാനം വരെ എത്തിക്കുന്നതിൽ ഇൗ ചികിത്സ വഴി സാധിക്കുന്നു. വന്ധ്യതാ ചികിത്സ എന്താണെന്ന അറിവ്​ ​പ്രധാനമാണ്​. അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങൾ ഇനി വായിക്കാം: 

ഗർഭധാരണത്തിന് മുമ്പ് മനുഷ്യ ശരീരത്തിൽ നടക്കുന്ന പ്രക്രിയയാണ് ബീജസങ്കലനം(fertilisation). സ്​ത്രീയുടെ അണ്ഡവും പുരുഷ​ന്‍റെ ബീജാണുവും സ്​ത്രീയുടെ അണ്ഡവാഹിനികുഴലിൽ വെച്ച് യോജിക്കുന്ന പ്രക്രിയയാണ് ബീജസങ്കലനം. ബീജസങ്കലനത്തിലൂടെ രൂപപ്പെടുന്ന ഭ്രൂണം അണ്ഡവാഹിനികുഴലിലൂടെ  ഗർഭപാത്രത്തിലേക്ക് വരികയും അവിടെ പറ്റിപിടിക്കുകയും ചെയ്യുമ്പോഴാണ് സ്വഭാവികമായി ഗർഭധാരണം നടക്കുന്നത്. ബീജസങ്കലനം നടന്നാൽ പോലും പല സന്ദർഭങ്ങളിലും ഗർഭധാരണം നടക്കാറില്ല.  ഇത് ശരീരത്തിൽ നടക്കാതെ വരുന്ന അവസ്ഥക്ക് പരിഹാരമായി വികസിപ്പിച്ചെടുത്ത ചികിൽസാ രീതിയാണ് ഇൻവേട്രി ഫെർടിലൈസേഷൻ (ഐ.വി.എഫ്). ഈ ചികിൽസയാണ് വന്ധ്യതാ നിവാരണ ചികിൽസയെന്നും ടെസ്​റ്റ്യൂബ് ശിശു ചികിൽസയെന്നും അറിയപ്പെടുന്നത്. 

സ്​ത്രീയുടെ അണ്ഡവാഹിനി കുഴലിലെ തടസം, അണ്ഡോൽപ്പാദനം കൃത്യമായ അളവിൽ അല്ലാതിരിക്കുക, അണ്ഡവാഹിനികുഴലുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങൾ, പുരുഷന്‍റെ ബീജാണുക്കൾ സ്​ത്രീയുടെ അണ്ഡവാഹിനികുഴലിൽ എത്താനുള്ള എണ്ണം ശുക്ലത്തിൽ ഇല്ലാതിരിക്കുക തുടങ്ങിയ സന്ദർഭങ്ങളിലാണ് സ്വാഭാവികമായ ബീജസങ്കലനം നടക്കാതെ വരുന്നതും ചികിൽസ ആവശ്യമായി വരുന്നതും. ഇംഗ്ലണ്ടിലാണ് ഇതിന് പരിഹാരമായുള്ള ഐ.വി.എഫ് ചികിൽസാ രീതി 1970കളുടെ ആരംഭത്തിൽ വികാസംകൊണ്ടത്. ഇതുവഴി പിറന്ന ലോകത്തിലെ ആദ്യ ടെസ്​റ്റ്യൂബ് ശിശു ലൂയിസ്​ ബ്രൗൺ ആണ്. ഡോ. റോബർട്ട് എഡ്വാർഡ്, ഡോ. പാട്രിക് സ്​റ്റെപ്റ്റോ എന്നിവർ ചേർന്നാണ് ചികിൽസാ രീതി വികസിപ്പിച്ചെടുത്ത്. 

അണ്ഡവാഹിനകുഴലിൽ നടക്കേണ്ട ബീജസങ്കലനം പുറത്ത് നടത്താൻ അണ്ഡത്തെ പുറത്തെടുക്കണം. സ്​ത്രീയുടെ അണ്ഡാശയത്തിൽ സ്വാഭാവികമായി മാസത്തിൽ ഒരു അണ്ഡം മാത്രമേ വികാസം പ്രാപിക്കൂ. ഒരു അണ്ഡത്തെ മാത്രം പുറത്തെടുത്ത് ബീജസങ്കലനം നടത്തി ഭ്രൂണം വിജയകരമായി ഗർഭപാത്രത്തിൽ നിക്ഷേപിക്കാനാവില്ല. മരുന്നുകൾ നൽകി സ്​ത്രീകളിൽ കൂടുതൽ അണ്ഡങ്ങളെ ഉൽപ്പാദിപ്പിച്ച് അവയിൽ നിന്ന് വലിപ്പവും ഗുണവുമുള്ളവ ശേഖരിക്കുന്നു. സ്​കാനിങ്ങിന്‍റെ സഹായത്തോടെയാണ് അണ്ഡങ്ങളെ ശേഖരിക്കുന്നത്. വേദനയില്ലാതിരിക്കാൻ നേരിയ അനസ്​തേഷ്യ നൽകിയാണ് അണ്ഡാശയത്തിൽ നിന്ന് ഇത് ശേഖരിക്കുന്നത്. അണ്ഡങ്ങളെ ശേഖരിക്കുന്ന ദിവസം തന്നെ ഭർത്താവിന്‍റെ ബീജത്തെ ഇതിലേക്ക് കുത്തിവെക്കും.

സൂക്ഷമ ദർശനിയുടെ സഹായത്തോടെ ശ്രദ്ധാപൂർവമാണ് ഇത് ചെയ്യുന്നത്. ഇത് ഇൻട്രാ സൈറ്റോപ്ലാസ്​മിക് സ്​പേം ഇഞ്ചക്ഷൻ (ICSI) എന്നറിയപ്പെടുന്നു. ഇൻവെർട്ടഡ് മൈേക്രാസ്​കോപ്പിെന്‍റെ സഹായത്തോടെ ബീജത്തെ മൈക്രോ മാനിപ്പുലേറ്റർ എന്ന ഉപകരണം വഴിയാണ് കുത്തിവെക്കുന്നത്. അണ്ഡത്തിന്‍റെ അകത്തേക്ക് ബീജം പ്രവേശിച്ചത് ഇതുവഴി ഉറപ്പുവരുത്താനാകും. ബീജം കുത്തിവെച്ച അണ്ഡത്തെ കാർബൺഡൈഓക്സൈഡ് ഇൻക്യുബേറ്ററിൽ വെച്ച് രണ്ടോ മൂന്നോ ദിവസം വളർത്തി (culturing)യെടുക്കും. അത് നാല് മുതൽ എട്ട് വരെ കോശമുള്ള ഭ്രൂണമായി മാറും.

പത്ത് അണ്ഡങ്ങൾ ലഭിച്ചാൽ ഒമ്പതിലും ബീജസങ്കലനം നടക്കുമെങ്കിലും 60ശതമാനം വരെ മാത്രമേ ഭ്രൂണമായി രൂപാന്തരം പ്രാപിക്കൂ. ജനിതകമായ തകരാറില്ലെങ്കിൽ പത്ത് അണ്ഡങ്ങളിൽ നിന്ന് പരമാവധി ആറ് ഭ്രൂണങ്ങൾ വരെ ലഭിച്ചേക്കും. ഇവയിൽ ഏറ്റവും നല്ല രണ്ടോ മൂന്നോ എണ്ണം മാത്രമാണ് ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നത്. ഇതിന് ശേഷം 12 ദിവസം വരെ മരുന്ന് നൽകിയ ശേഷമാണ് ഗർഭധാരണം നടന്നോ ഇല്ലയോ എന്നകാര്യം അറിയൂ.

പരമാവധി 40 ശതമാനത്തിൽ മാത്രമേ ഗർഭധാരണം വിജയകരമായി നടക്കൂ. എങ്കിൽപോലും ഈ ഗർഭധാരണം ഒമ്പത് മാസം പ്രായമെത്തി കുഞ്ഞായി പ്രസവിക്കാനുള്ള സാധ്യത 25 മുതൽ 30 വരെ ശതമാനമാണ്. ഐ.വി.എഫ് ചികിൽസ ആവശ്യമുള്ളവർക്ക് ചികിൽസ ചെയ്തില്ലെങ്കിലുള്ള സാധ്യത പൂജ്യം ശതമാനം മാത്രമാണെന്ന് ആലോചിക്കുമ്പോൾ മാത്രമാണ് 25 മുതൽ 30 ശതമാനം വരെയുള്ള വിജയം വലിയ കാര്യമാണെന്ന് ബോധ്യമാകൂ.

ഐ.വി.എഫ് ചികിൽസ അനിവാര്യമാക്കുന ഒരു കാരണം പുരുഷ വന്ധ്യതയാണ്. പുരുഷ ശുക്ലത്തിൽ വേണ്ടത്ര ബീജാണുക്കൾ  ഗുണമേൻമയോടെ ഇല്ലാതിരിക്കുന്ന അവസ്​ഥയാണ് പുരുഷ വന്ധ്യതയുണ്ടാക്കുന്നത്. ഒരു എം.എൽ ശുക്ലത്തിൽ 15 ബില്ല്യൺ ബീജാണുക്കളെങ്കിലും വേണം. ഇതിൽ 50 ശതമാനമെങ്കിലും മുന്നോട്ടുള്ള ചലനശേഷിയുള്ളവയായിരിക്കണം. ഇത് കുറഞ്ഞുകഴിഞ്ഞാൽ ബീജത്തെ വേർതിരിച്ചെടുത്ത് ഈ ചികിൽസ നടത്തേണ്ടിവരും.

ടെസ്​റ്റ്യൂബ് ശിശു ചികിൽസക്കിടയിലുള്ള ചികിൽസാ ക്രമമാണ് Intrauterine insemination (IUI). വളരെ ലളിതമാണീ ചികിത്സ. ഇതിൽ പുരുഷ​ന്‍റെ ശുക്ലത്തിൽ നിന്ന് ബീജാണുവിനെ വേർതിരിച്ചെടുത്ത് ഇൻക്യുബേറ്ററിൽ വെച്ച് അതിന്‍റെ ചലനശേഷി കൂട്ടിയശേഷം അണ്ഡോൽപ്പാദന സമയത്ത് ഗർഭപാത്രത്തിലേക്ക് കുത്തിവെക്കും. അപ്പോഴും സ്വാഭാവികമായ ബീജസങ്കലനം ശരീരത്തിൽ നടക്കുമ്പോഴേ ഗർഭധാരണം നടക്കൂ. അതിനുള്ള സാധ്യത 15 ശതമാനമാണ്​. ഐ.വി.എഫ് ചികിൽസ വേണ്ടിവരുന്ന രോഗികളിൽ ചിലർ ഐ.യു.ഐ ചികിൽസ നടത്തി പരാജയപ്പെട്ടവരായിരിക്കും. 

ഐ.യു.ഐ ചികിൽസ ഫലിക്കാത്ത വിഭാഗമാണ് പുരുഷ ശുക്ലത്തിൽ തീരെ ബീജാണു ഇല്ലാത്തവർ. അവരിൽ ഭൂരിഭാഗത്തിനും വൃഷ്ണത്തിൽ നിന്നും ബയോപ്സി ചെയ്ത് ബീജാണുക്കളെ എടുക്കാൻ കഴിയും. ഈ രൂപത്തിൽ ബീജാണുവിനെ ലഭിച്ചാൽ ജനിതകമായി അവരുടെതായ കുഞ്ഞിനായി ശ്രമം നടത്താനാവും. ഈ പ്രത്യേക അവസ്​ഥയിലാണ് ഐ.സി.എസ്​.ഐ ചികിൽസ അനുഗ്രഹമായി മാറുന്നത്. 

സ്​ത്രീകളുടെ അണ്ഡവാഹിനിക്കുഴലുകളിലുണ്ടാവുന്ന പരിഹരിക്കാൻ പറ്റാത്ത തടസങ്ങൾ അല്ലെങ്കിൽ എൻേട്രാ മെട്രിയോസിസ്​ എന്ന അണ്ഡാശയത്തെയും കുഴലിനെയും ബാധിക്കുന്ന അസുഖം, പോളിസ്​റ്റിക് ഓവറി എന്ന അസുഖം തുടങ്ങിയവയും ഗർഭധാരണത്തിന്​ തടസമാകും. ഇതിന് പുറമെ 15 ശതമാനം ദമ്പതിമാർക്ക് രണ്ടുപേർക്കും കുഴപ്പമില്ലെങ്കിലും മറ്റൊരുകാരണമില്ലാതെയും വന്ധ്യത ഉണ്ടാവാം. അത്തരത്തിലുള്ളവർക്കും ഐ.സി.എസ്​.ഐ ചികിൽസ നടത്താം. ഐ.വി.എഫ് ചികിൽസയിലൊഴികെ മറ്റൊരു ചികിൽസയിലും നമുക്ക് അറിയാൻ പറ്റാത്ത കാര്യമാണ് ബീജസങ്കലനം നടക്കുന്നുണ്ടോ ഇല്ലയോ എന്നത്. മറ്റ് ചികിൽസകളിലൊന്നും ഇത് അറിയാൻ കഴിയില്ല. ഐ.വി.എഫിൽ ഇത് മൈേക്രാസ്​കോപ്പിലൂടെ ദർശിക്കാനാവും. 

സമീപകാലത്ത്​ വികസിച്ചു​വന്ന  രണ്ട് ചികിൽസാ പ്രവണതകളാണ് Intra cytoplasmic morphologically normal sperm injection (IMSI). പുരുഷ ശുക്ലത്തിൽ വളരെ കുറച്ച് ബീജാണുക്കളുള്ളവർക്ക് അവയുടെ വൈകല്യവും കൂടുതലായിരിക്കും. IMSI വഴി നല്ല ബീജാണുവിനെ തെരഞ്ഞെടുത്ത് കുത്തിവെക്കാൻ സാധിക്കും. IMSI ചികിൽസ വഴി ICSI ചികിൽസയുടെ വിജയസാധ്യത വർധിപ്പിക്കാൻ കഴിയും. മറ്റൊരു ചികിൽസാ പ്രവണതയാണ് Laser assisted hatching.

പ്രായമായ സ്​ത്രീകൾക്ക് പലപ്പോഴും ഭ്രൂണത്തിന്‍റെ പുറമെയുള്ള ആവരണം കട്ടികൂടുതലായിരിക്കും. ലേസർ രശ്മികളുടെ സഹായത്തോടെ ഈ ആവരണത്തെ നേർത്തതാക്കുന്നതാണ് ഈ രീതി. ഇതിന് ശേഷം ഭ്രൂണം നിക്ഷേപിച്ചാൽ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. 

ഭീതിതമായ ആരോഗ്യ സൂചികകൾക്ക് പ്രധാനകാരണം നമ്മുടെ ജീവിത ശൈലി തന്നെയാണ്. നമ്മൾ തന്നെയാണ് ഇതിന്‍റെ കാരണക്കാർ. മാനസികവും ശാരീരികവുമായ സമ്മർദത്തോട് കൂടിയ ജോലികളിൽ സ്​ത്രീയും പുരുഷനും ഏർപ്പെടുന്നതും മൊത്തത്തിലുള്ള വിദ്യാഭ്യാസ നിലവാരം ഉയർന്നത് കാരണം വിവാഹം വൈകിപ്പിക്കുന്നതും പ്രധാന കാരണങ്ങളായി മാറുന്നു. പ്രായം കൂടുന്തോറും വന്ധ്യതക്ക് സാധ്യത ഏറെയാണ്.

ആധുനിക സമൂഹം ലക്ഷ്യമാക്കുന്നത് കൂടുതൽ വിദ്യാഭ്യാസം നേടി ഏറ്റവും മെച്ചപ്പെട്ട ജോലി നേടുക എന്നതാണ്. വിദ്യാഭ്യാസവും ജോലിയും സാമ്പത്തിക സുരക്ഷയും കഴിഞ്ഞിട്ടാണ് വിവാഹത്തെപ്പറ്റിയും കുട്ടികളുണ്ടാവുന്നതിനെപ്പറ്റിയും ആലോചിക്കുന്നത്. അപ്പോഴേക്കും നമ്മുടെ നല്ല പ്രായം കഴിഞ്ഞിട്ടുണ്ടാവും. ജോലികളോട് അനുബന്ധമായ മാനസിക സമ്മർദം, ഐ.ടി പോലുള്ള ടാർഗറ്റ് ഓറിയന്‍റ‍‍‍ഡ് തൊഴിലുകൾ (ഇത്രസമയത്തിനകം ഇത്ര ജോലികൾ അല്ലെങ്കിൽ ഇത്ര ബിസിനസ്​ ചെയ്തിരിക്കണം) വഴിയുണ്ടാകുന്ന സമ്മർദം നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ ബാലൻസ്​ തെറ്റിക്കുകയും അപാകതയുണ്ടാക്കുകയും ചെയ്യുന്നു. 

പ്രധാന ഭീഷണിയാണ് നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകൾ.  മൊബൈൽ ഫോണിന്‍റെ ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ ആണ് പ്രതികൂല സാഹചര്യം സൃഷ്​ടിക്കുന്നത്. പുരുഷ ശുക്ലം ശേഖരിച്ച് അതിന്‍റെ രണ്ടര സെൻറീമീറ്റർ അകലത്തിൽ മൊബൈൽ ഫോൺ അരമണിക്കൂർ സ്​ഥിരമായി വെച്ച് നടത്തിയ പഠനത്തിലൂടെ മനസിലായത് ബീജാണുക്കളുടെ ചലനശേഷി 25 ശതമാനം കുറയുമെന്നതാണ് .  രണ്ടര സെന്‍റിമീറ്റർ എന്നത് പുരുഷൻമാർ അവരുടെ പാന്‍റ്സിന്‍റെ പോക്കറ്റിൽ മൊബൈൽ ഫോൺ സൂക്ഷിക്കുമ്പോഴുണ്ടാകുന്ന അകലമാണ്. ഈ സാമിപ്യം മണിക്കൂറുകളോളം ഉണ്ടാകുമ്പോഴുണ്ടാകുന്ന അവസ്​ഥ ഗുരുതരമായിരിക്കുമെന്ന്  ആലോചിച്ചാൽ വ്യക്തമാകും.

 പൊലീസിനെ ഭയന്ന് മൊബൈൽ ഫോൺ കാലുകൾക്കിടയിൽ വെച്ച് ഹെഡ്സെറ്റിൽ സംസാരിച്ച് വാഹനമോടിക്കുന്നവർ നടത്തുന്നത് കൂടുതൽ അപകടമാണ് ചെയ്യുന്നത്. മടിയിൽ വെച്ച് ലാപ്ടോപ്പ് ഉപയോഗിക്കുന്നത് ഇതുപോലെ തന്നെ അപകടകരമാണ്. പുകവലിയും മദ്യപാനവുമാണ് വന്ധ്യതക്കുള്ള മറ്റ് പ്രധാന കാരണങ്ങൾ. സ്​ത്രീകളിലും ജീവിത ശൈലി വന്ധ്യതക്ക് പ്രധാനകാരണമാണ്. അമിതവണ്ണം, അതിന് കാരണമാകുന്ന ഭക്ഷണ രീതികൾ എന്നിവ ഇതിൽപെടുന്നു. ഫാസ്​റ്റ് ഫുഡ്, മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന കോഴിയിറച്ചി എന്നിവയെല്ലാം സ്​ത്രീകളിൽ പ്രശ്നങ്ങളിൽ സൃഷ്​ടിക്കുന്നു.

മൂന്ന് മാസം കൊണ്ട് വളരേണ്ട കോഴിയെ ഹോർമോൺ കുത്തിവെച്ച് മൂന്ന് ആഴ്ച കൊണ്ടാണ് പരമാവധി വലിപ്പമെത്തിക്കുന്നത്. പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭഷ്യവസ്​തുക്കളിൽ ഉപയോഗിക്കുന്ന മാരകമായ കീടനാശിനികളും വന്ധ്യതക്ക് കാരണമാവാം. അത്തരത്തിലുള്ള ജീവിത ശൈലിയാണ് പോളിസ്​റ്റിക് ഒവേറിയൻ ഡിസീസിൽ എത്തിക്കുന്നത്​.  ഇത്തരം ഘട്ടങ്ങളിലാണ് സ്​ത്രീകളിൽ ആർത്തവം തെറ്റുകയും അണ്ഡാശയത്തിൽ ചെറിയ കുമിളകൾ രൂപപ്പെടുകയും ചെയ്യും. അത് പലരിലും ചികിൽസിച്ച് ഭേദമാക്കാൻ അവസ്​ഥയുണ്ടാക്കുന്നു. വിവാഹവും ഗർഭധാരണവും നീട്ടിവെക്കുന്നതു കൊണ്ടുണ്ടാകുന്ന ഗുരുതരമായ അസുഖമാണ് എ​ൻ​ട്രോമെട്രിയോ. ഈ അവസ്​ഥകളിലും സ്വാഭാവിക ഗർഭധാരണം നടക്കില്ല. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രമേഹമുള്ളവർ ഭക്ഷണക്രമീകരണത്തിൽ വരുത്തേണ്ട 6 മാറ്റങ്ങൾ ഇതാണ്
നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!