
മലയാളികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകം. കർക്കിടക മാസത്തിൽ പഴയ തലമുറക്കാര്‍ ശീലിച്ചുവന്നിരുന്ന ആഹാരരീതിയാണ് ഔഷധക്കഞ്ഞി അഥവാ കര്‍ക്കിടക കഞ്ഞി. കേരളത്തിലെ പരമ്പരാഗത ചികിത്സാവിധിപ്രകാരം ആരോഗ്യപരിപാലനത്തിനായി തയാറാക്കുന്ന ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി അഥവാ കര്‍ക്കിടകക്കഞ്ഞി. രോഗപ്രതിരോധ ശേഷി കൂട്ടാൻ കര്‍ക്കിടകക്കഞ്ഞി കഴിക്കുന്നത് ഏറെ നല്ലതാണ്. ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഔഷധക്കഞ്ഞി.
കർക്കിടക മാസത്തിൽ മലയാളികൾക്ക് ഏറ്റവും പ്രിയം കർക്കിടകക്കഞ്ഞിയാണ്. കർക്കിടകക്കഞ്ഞിയുടെ ഗുണം എന്തൊക്കെയാണെന്ന് അറിയേണ്ടേ. കർക്കിടകമാസത്തിൽ ഭക്ഷണം വലിച്ചുവാരി കഴിക്കാതെ നോക്കണം. ദഹിക്കാൻ എളുപ്പം ഔഷധക്കഞ്ഞിയാണ്. അത് കൊണ്ട് തന്നെ ഔഷധക്കഞ്ഞി കുടിക്കുന്നത് നല്ലതാണ്. പൊടിയരി, നവരയരി എന്നിവയെല്ലാം കർക്കിടകക്കഞ്ഞി ഉണ്ടാക്കുന്നതിന് ഉപയോഗിക്കും. എന്നിരുന്നാലും, തവിട് കളയാതെയുള്ള അരി ഉപയോഗിക്കുന്നത് ശരീരത്തിനു ബലം കൂട്ടാന്‍ സഹായിക്കും.
വാതം ഇല്ലാതാക്കാൻ പൊടിമരുന്നുകളായ ചുക്ക്, കുരുമുളക്, തിപലി, ജീരകം, അയമോദകം, ഉലുവ എന്നിവ ചേര്‍ക്കുന്നത് അത്യുത്തമമാണ്. ഇത് ശരീരത്തിന്‍റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. കര്‍ക്കിടകക്കഞ്ഞിയില്‍ ചേര്‍ക്കുന്ന ചേരുവ അനുസരിച്ച് അതിന്‍റെ ഔഷധഗുണവും വ്യത്യാസപ്പെടുന്നു. രാവിലെയോ വൈകിട്ടോ ഏതെങ്കിലും ഒരു നേരം ഇത് കഴിക്കുന്നതാണ് നല്ലത്. ഔഷധക്കഞ്ഞി കുടിക്കുന്നവര്‍ മത്സ്യമാംസാദികള്‍ പൂര്‍ണമായും ഒഴിവാക്കണം.
കർക്കിടക കഞ്ഞി ഉണ്ടാക്കുന്ന വിധം:
1. നവരയരി ആവശ്യത്തിനെടുത്ത് വെള്ളം ചേര്‍ത്ത് പൊടിമരുന്നുകള്‍ കിഴികെട്ടി അതിലിട്ട് തിളപ്പിക്കുക.
2. നല്ല പോലെ വെന്ത ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉപയോഗിക്കാം.
3. രുചി കൂട്ടാനായി ശര്‍ക്കരയോ, ഉള്ളി, വെളുത്തുള്ളി എന്നിവ നെയ്യില്‍ താളിച്ചോ ഉപയോഗിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam