വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ

By Web TeamFirst Published Jan 24, 2019, 8:54 AM IST
Highlights

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ നാരങ്ങ വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു.  വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കും. 

രാവിലെ എഴുന്നേറ്റാൽ നമ്മൾ ആദ്യം കുടിക്കുക ചായയോ കോഫിയോ ആയിരിക്കും.ചെറുചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നവരും ഉണ്ട്. എന്നാൽ ഇനി മുതൽ രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളം കുടിച്ച് തുടങ്ങാം. വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ആരോഗ്യത്തിനും ഫിറ്റ്നസിനും ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. നാരങ്ങാവെള്ളം കുടിച്ച്  ദിവസം തുടങ്ങിയാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...

ശരീരഭാരം കുറയ്ക്കാം...

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നാരങ്ങ വെള്ളം ഏറ്റവും നല്ലൊരു മരുന്നാണെന്ന് വേണമെങ്കിൽ പറയാം.  ഇളം ചൂടുവെള്ളത്തില്‍ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്തു കുടിക്കുക. ഇത് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനുള്ള കഴിവ് നാരങ്ങയ്ക്കുണ്ട്. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും സഹായിക്കുന്നു. 

പ്രതിരോധശേഷി വർധിപ്പിക്കുന്നു...

പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും നല്ലൊരു പ്രതിവിധിയാണ് നാരങ്ങ. നാരങ്ങയിൽ ജീവകം സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. ഫ്രീ റാഡിക്കലുകളുടെ നാശത്തിൽ നിന്ന് ഡിഎൻഎയെ സംരക്ഷിക്കുന്നു. 

മൂത്രാശയ കല്ല് അകറ്റാം...

ദിവസവും രാവിലെ വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുമെന്നു പഠനങ്ങളിൽ പറയുന്നു. വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് മൂത്രത്തിലെ കാത്സ്യം ഡെപ്പോസിറ്റ് ആണ്. നാരങ്ങാവെള്ളത്തിലടങ്ങിയ സിട്രിക് ആസിഡ്, കാത്സ്യം ഡെപ്പോസിറ്റുകളെ പുറന്തള്ളാൻ സഹായിക്കുന്നു.  

ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റും...

നാരങ്ങാവെള്ളത്തിലെ ആസിഡുകള്‍, ശരീരത്തിലെ അനാവശ്യവസ്തുക്കളെയും ടോക്സിനുകളെയും പുറന്തള്ളാൻ സഹായിക്കുന്നു. കരളിനെ കൂടുതൽ പിത്തരസം ഉൽപാദിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ഇത് ദഹനത്തെയും ഡീടോക്സിഫിക്കേഷനെയും സഹായിക്കുന്നു. കൂടാതെ നെഞ്ചെരിച്ചിൽ, ഗ്യാസ് ട്രബിൾ, മലബന്ധം എന്നി പ്രശ്നങ്ങൾക്കുള്ള നല്ലൊരു മരുന്നാണ് നാരങ്ങ. 

 


 

click me!