ബ്രിക്ക് ഇന്‍സ്റ്റലേഷനുകള്‍ ഒരുക്കി ലാറി ബേക്കറിന് വ്യത്യസ്തമായ ആദരം

By Web DeskFirst Published Mar 3, 2018, 8:02 PM IST
Highlights
  • 100 ബ്രിക്ക് ഇന്‍സ്റ്റലേഷനുകള്‍ ഒരുക്കിയാണ്  ജന്മശതാബ്ദി ആഘോഷിച്ചത്
  • രാജ്യത്തെയും വിദേശത്തെയും അഞ്ഞൂറോളം ആര്‍ക്കിടെക്റ്റുകള്‍ അണിനിരന്നു

പാവപ്പെട്ടവരുടെ ആര്‍ക്കിടെക്റ്റ് എറിയപ്പെട്ടിരുന്ന ലാറി ബേക്കറിന്  നൂറാം ജന്മദിനത്തില്‍ വ്യത്യസ്തമായ ആദരം. നിവേദ്യം കഴിഞ്ഞ് ഭക്തര്‍ ഉപേക്ഷിച്ച പൊങ്കാല അടുപ്പിന്റെ ഇഷ്ടികകള്‍ കൊണ്ട് നഗരത്തില്‍  100 ബ്രിക്ക് ഇന്‍സ്റ്റലേഷനുകള്‍ ഒരുക്കിയാണ് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിച്ചത്. ഇതിനായി അണി നിരന്നതോ രാജ്യത്തെയും വിദേശത്തെയും അഞ്ഞൂറോളം ആര്‍ക്കിടെക്റ്റുകള്‍. ഇവര്‍ക്കു പുറമെ സംസ്ഥാനത്തെ  വിവിധ കോളജുകളിലെ മുന്നൂറോളം ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ഥികളും. ആര്‍ക്കിടെക്റ്റുകളുടെ സംഘടനയായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്' ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഎ) തിരുവനന്തപുരം സെന്‍ററിന്‍റെ നേതൃത്വത്തിലാണ് 'ബിയോണ്ട് ബ്രിക്‌സ്' എന്ന പരിപാടി സംഘടിപ്പിച്ചത്. 

ബ്രിക്ക് ഇന്‍സ്റ്റലേഷനുകളുടെ നിര്‍മ്മാണോദ്ഘാടനം ശശി തരൂര്‍ എംപി നിര്‍വ്വഹിച്ചു. ഇന്നലെ രാവിലെ കവടിയാര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്' ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഎ) തിരുവനന്തപുരം സെന്റര്‍ ചെയര്‍മാന്‍ സൈജു മുഹമ്മദ് ബഷീറിന് ഇഷ്ടിക കൈമാറിക്കൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. ആര്‍ക്കിടെക്റ്റ് ഷാജി ടി എല്‍ അധ്യക്ഷത വഹിച്ചു. ആര്‍ക്കിടെക്റ്റ് സൈജു മുഹമ്മദ് ബഷീര്‍, ആര്‍ക്കിടെക്റ്റ് എന്‍ മഹേഷ്, ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍, ആര്‍ക്കിടെക്റ്റ് ജി ശങ്കര്‍, ബിയോണ്ട് ബ്രിക്‌സ് ജനറല്‍ കണ്‍വീനര്‍  ആര്‍ക്കിടെക്റ്റ് കെ ബി ജയകൃഷ്ണന്‍, ആര്‍ക്കിടെക്റ്റ് ഗംഗ ദിലീപ് എന്നിവര്‍ സംസാരിച്ചു. 

പരിപാടിയുടെ ഭാഗമായി മാര്‍ച്ച് രണ്ടിന് പൊങ്കാല ദിവസം നിവേദ്യം കഴിഞ്ഞ് ഭക്തര്‍  ഉപേക്ഷിച്ച ഒരു ലക്ഷത്തോളം ഇഷ്ടികകള്‍ ഐഐഎ തിരുവനന്തപുരം കോര്‍പ്പറേഷന്റെ സഹകരണത്തോടെ ശേഖരിക്കുകയായിരുന്നു. പിന്നീടായിരുന്നു സ്‌പെന്‍സര്‍ ജംക്ഷന്‍ മുതല്‍ കവടിയാര്‍ വരെയുള്ള ഭാഗങ്ങളില്‍  ബ്രിക്ക് ഇന്‍സ്റ്റലേഷനുകളുടെ നിര്‍മ്മാണം. ആര്‍ക്കിടെക്റ്റുകള്‍, ആര്‍ട്ടിസ്റ്റുകള്‍, ഡിസൈനര്‍മാര്‍, വിദ്യാര്‍ഥികള്‍, കല്‍പ്പണിക്കാര്‍ എന്നിവരടങ്ങിയ നൂറോളം ടീമുകളാണ് നൂറ് ബ്രിക്ക് ഇന്‍സ്റ്റലേഷനുകള്‍ നിര്‍മ്മിച്ചത്. ഇന്നലെ രാവിലെ ഒന്‍പത് മണിക്ക് തുടങ്ങിയ നിര്‍മ്മാണം അവസാനിച്ചത് വൈകിട്ട'് ആറ് മണിയോടെയാണ്. പിന്നീട് ഇന്‍ഡസ് സൈക്ലിങ് എംബസ്സിയുടെയും  സിഇടി സൈക്ലിങ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ഇന്‍സ്റ്റലേഷനുകള്‍ തയ്യാറാക്കിയിരിക്കുന്ന സ്‌പെന്‍സര്‍ ജംക്ഷന്‍ മുതല്‍ കവടിയാര്‍ വരെ സൈക്കിള്‍ റാലി. ഇതിന് ശേഷം മാനവീയം വീഥിയില്‍ സംഗീതനിശയും നടന്നു.

ഇന്‍സ്റ്റലേഷനുകള്‍ മാര്‍ച്ച് ആറ് വരെ നഗരവാസികള്‍ക്കായി പ്രദര്‍ശിപ്പിക്കും. പിന്നീട്  ഇന്‍സ്റ്റലേഷനുകള്‍ പൊളിച്ചു മാറ്റുകയും അതിനായി ഉപയോഗിച്ച ഇഷ്ടികകള്‍ പാവപ്പെട്ടവര്‍ക്ക് വീട് വയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്യുമെന്ന് ആര്‍ക്കിടെക്റ്റ് കെ ബി ജയകൃഷ്ണന്‍ പറഞ്ഞു. ലക്ഷ കണക്കിന് ഇഷ്ടികകളാണ് ഭക്തര്‍ പൊങ്കാലയിട്ട ശേഷം നഗരത്തില്‍ ഉപേക്ഷിക്കാറുള്ളത്. ഈ ഇഷ്ടികകള്‍ ഉപേക്ഷിക്കാനുള്ളതല്ല മറിച്ച് ഉപയോഗിക്കാനുള്ളതാണെന്ന് ജനങ്ങളെ മനസ്സിലാക്കി കൊടുക്കാന്‍ കൂടിയായിരുന്നു ബ്രിക്ക് ഇന്‍സ്റ്റലേഷനുകള്‍ തയ്യാറാക്കിയതെന്ന് ജയകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. 

click me!